പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടുവെന്ന് മരണശേഷം വെളിവായ സംഭവം: രണ്ടാമനും അറസ്റ്റില്‍: പത്തു മാസത്തിന് ശേഷം പ്രതിയെ പിടികൂടിയത് തിരുവല്ല ഡിവൈ.എസ്.പി

1 second read
Comments Off on പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടുവെന്ന് മരണശേഷം വെളിവായ സംഭവം: രണ്ടാമനും അറസ്റ്റില്‍: പത്തു മാസത്തിന് ശേഷം പ്രതിയെ പിടികൂടിയത് തിരുവല്ല ഡിവൈ.എസ്.പി
0

തിരുവല്ല: രോഗം ബാധിച്ച് മരിച്ച പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. കുന്നന്താനം പാലയ്ക്കാത്തകിടി മഠത്തില്‍ കാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഇട്ടി എന്ന് വിളിക്കുന്ന ജിബിന്‍ ജോണിനെ (26) ആണ് ഡിവൈ.എസ്.പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ കുമളി തോട്ടയ്ക്കാട് വില്ലേജില്‍ കൈലാസ മന്ദിരത്തില്‍ വിഷ്ണു സുരേഷി(26)നെ കഴിഞ്ഞ മാര്‍ച്ച് 24 ന് കീഴ്‌വായ്പൂര്‍ എസ്എച്ച്ഓ വിപിന്‍ ഗോപിനാഥ് അറസ്റ്റ് ചെയ്തിരുന്നു.

രോഗം ബാധിച്ച് അവശനിലയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒമ്പതിനാണ് പെണ്‍കുട്ടി മരിച്ചത്. അസ്വാഭാവിക മരണമെന്ന് സംശയിച്ച് അവിടെ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് പലപ്പോഴായി ഇരയായിരുന്നുവെന്ന് മനസിലായത്. കുട്ടിയുടെ മരണശേഷം എടുത്ത കേസുകളിലാണ് ഇപ്പോള്‍ അറസ്റ്റ്. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും സംശയിക്കുന്നു.

പെണ്‍കുട്ടിയുടെയും മാതാവിന്റെയും ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് ചെന്നെത്തിയത്. കഴിഞ്ഞ മാസം 20 നാണ് കേസിന്റെ അന്വേഷണം ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഡിവൈ.എസ്.പിക്ക് കൈമാറിയത്. തുടര്‍ന്ന് സാക്ഷി മൊഴികളും പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ആണ് ജിബിന്‍ ജോണിലേക്ക് ചെന്നെത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ഇരുപതിലധികം പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ അടക്കം ലഭിച്ചതായി പോലീസ് പറഞ്ഞു. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണെന്ന് ഡിവൈഎസ്പി പറഞ്ഞു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പീഡനത്തിലേക്ക് വെളിച്ചം വീശിയ അന്വേഷണം ഇങ്ങനെ

ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് പ്രകാരം, കുട്ടി ലൈംഗിക ആക്രമണത്തിന് വിധേയയായതായി തെളിഞ്ഞു. മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഒമ്പതിന് രാത്രി 9.30 ന് മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് എസ് ഐ ബി എസ് ആദര്‍ശ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബലാല്‍സംഗം പോക്സോ വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ് ഏറ്റെടുത്തു.

കുട്ടിയുടെയും മാതാവിന്റെയും ഫോണ്‍ കാളുകള്‍ പരിശോധിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പെണ്‍കുട്ടിയുടെ ഫോണിലേക്ക് മറ്റൊരു ഫോണില്‍ നിന്നും 29 കാളുകള്‍ വന്നത് ശ്രദ്ധയില്‍പ്പെട്ട അന്വേഷണസംഘം, ആ ഫോണ്‍ നമ്പരില്‍ അന്വേഷണം കേന്ദ്രീകരിച്ചു. അങ്ങനെയാണ് ആദ്യം അറസ്റ്റിലായ പ്രതി വിഷ്ണു സുരേഷിലേക്ക് പോലീസ് എത്തിയത്. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തുടര്‍ന്നു അന്വേഷണത്തില്‍ ഇയാളും കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും യുവാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും വെളിപ്പെട്ടു.

2022 ഓഗസ്റ്റ് 16 ന് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടു. പിന്നീട് ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് നിരന്തരം വിളിക്കുകയും അടുപ്പത്തിലാവുകയും ചെയ്തു. ഓഗസ്റ്റ് 19 ന് വിഷ്ണുവിന്റെ ബൈക്കില്‍ കയറ്റി ആലപ്പുഴ ബീച്ചില്‍ കൊണ്ടുപോയി. തിരികെ കുട്ടി താമസിക്കുന്ന വീട്ടിലെത്തി. കുട്ടി തനിച്ചായപ്പോള്‍ വീട്ടിലെ മുറിക്കുള്ളില്‍ വച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. മാര്‍ച്ച് 24 നാണ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോഴഞ്ചേരിയില്‍ നിന്നും കഞ്ചാവ് പിടികൂടി: അതിഥി തൊഴിലാളി അറസ്റ്റില്‍

കോഴഞ്ചേരി: ഒരു കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി. ബീഹാര്‍ കത…