കോയിപ്രം: വിവാഹവാഗ്ദാനം ചെയ്ത പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായതിന് പിന്നാലെ ഇതേ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മറ്റു രണ്ടു യുവാക്കള്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നു പേര്‍ക്കുമെതിരേ പോക്സോ കേസെടുത്തു. മൂന്ന് കേസുകളിലായാണ് അറസ്റ്റ്.
പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മോട്ടോര്‍ സൈക്കിളില്‍ കയറ്റി തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതിന് തിരുവനന്തപുരം പഴയകുന്നുമ്മേല്‍ അടയമണ്‍ തോളിക്കുഴി ദിയാ വീട്ടില്‍ നിന്നും തൊട്ടപ്പുഴശേരി ചിറയിറമ്പ് പനച്ചേരിമുക്ക് വള്ളിക്കാട്ടു വീട്ടില്‍ താമസിക്കുന്ന ജിഫിന് ജോര്‍ജ് (27) ആണ് പീഡനക്കേസില്‍ അറസ്റ്റിലായത്. വിവാഹ വാഗ്ദാനം ചെയ്താണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞമാസം 18 ന് കുട്ടിയെ ഇയാള്‍ മലപ്പുറം കുറ്റിപ്പുറത്തെ ലോഡ്ജിലെത്തിച്ച് പലതവണ ബലാല്‍സംഗം ചെയ്തതായി കുട്ടി പോലീസിന് മൊഴി നല്കി. 30 ന് രാവിലെ 9.30 ന് കോന്നിയിലെത്തിച്ച് അവിടെ ബൈക്ക് വച്ചശേഷം ബസില്‍ തിരുവനന്തപുരത്തെത്തി. പിറ്റേന്ന് ട്രെയിനില്‍ മംഗലാപുരത്ത് എത്തി അവിടെ ഒരു ലോഡ്ജ് മുറിയില്‍ വച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു.
മാതാവിന്റെ മൊഴിപ്രകാരമെടുത്ത കേസിന്റെ അന്വേഷണത്തില്‍ ഇരുവരെയും പോലീസ് മംഗലാപുരത്തു കണ്ടെത്തി കൂട്ടിക്കൊണ്ടു വരികയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടുപേര്‍ കൂടി അറസ്റ്റിലായി.
തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് പനച്ചേരിമുക്ക് കുഴിമണ്ണില്‍ വീട്ടില്‍ മെല്വിന് ടി. മൈക്കിള്‍ (24), കോട്ടയം ഉദയനാപുരം വൈക്കപ്രയാര്‍ കൊച്ചുതറ വീട്ടില്‍ നിന്നും മാരാമണ്‍ കണ്ടത്തില്‍ വീട്ടില്‍ ജിമ്മി തോമസ് (24) എന്നിവരാണ് തുടര്‍ന്നെടുത്ത രണ്ട് കേസുകളിലായി അറസ്റ്റിലായത്. ഇരുവരും ജിഫിന്റെയും പെണ്‍കുട്ടിയുടെയും സുഹൃത്തുക്കളാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഇവര്‍ പെണ്‍കുട്ടിക്ക് നേരേ വീട്ടില്‍ വച്ച് ലൈംഗികാതിക്രമം കാട്ടിയത്.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പോലീസ് തെളിവുകള്‍ ശേഖരിച്ചു. കുട്ടി നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്. പത്തനംതിട്ട ജെ എഫ് എം കോടതി രണ്ടില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി, തെളിവുകള്‍ ശേഖരിച്ചു. രണ്ടും മൂന്നും കേസിലെ പ്രതികളെ അവരുടെ വീടുകള്‍ക്ക് സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയുടെയും ജിഫിന്റെയും ഫോണുകള്‍ ശാസ്ത്രീയ തെളിവുകള്‍ക്കായി കസ്റ്റഡിയിലെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ബൈക്ക് കണ്ടെടുക്കേണ്ടതുണ്ട്.
കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐമാരായ ഉണ്ണികൃഷ്ണന്, ഷൈജു, എസ് സി പി ഓ ജോബിന്, സി പി ഓമാരായ നെബു, സുജിത് എന്നിവരാണുള്ളത്.