പത്തനംതിട്ട: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട മാനസിക വെല്ലുവിളി നേരിടുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറു പേരെ കോയിപ്രം പോലീസ് പിടികൂടി. ആകെ 9 പ്രതികളാണുള്ളത്. രണ്ടാം രണ്ടാംവര്‍ഷ ഡിഗ്രികോഴ്‌സിന് പഠിക്കുന്നതും 75 ശതമാനം മാനസിക വെല്ലുവിളി നേരിടുന്നതുമായ ഇരുപതുകാരിക്കാണ് പ്രതികളില്‍ നിന്നും നിരന്തരം ലൈംഗിപീഡനം നേരിടേണ്ടിവന്നത്. 2023 ജൂലൈ അവസാനം മുതല്‍ ലൈംഗികപീഡനം നടന്നതായി പറയപ്പെടുന്നു.
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ് പ്രതികള്‍.ഒപ്പം പഠിക്കുന്ന പെണ്‍കുട്ടികളുടെ ഫോണുകളിലേക്ക് യുവാക്കളുടെ വിളി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ചെറുകോല്‍ നെല്ലികുന്നില്‍ വീട്ടില്‍ പ്രശാന്ത് (30), എഴുമറ്റൂര്‍ കൊച്ചുപ്ലാവുങ്കല്‍ ലിബിന്‍(27), തിരുവല്ല ഐക്കാട് കാഞ്ഞിരം കാലായില്‍ വീട്ടില്‍ മുഹമ്മദ് യാസീന്‍(23), എഴുമറ്റൂര്‍ തോമ്പില്‍ കഞ്ഞിത്തോട് വീട്ടില്‍ ബി ടി ഹരികൃഷ്ണന്‍ (25), ചെങ്ങന്നൂര്‍ പുത്തന്‍കാവ് തെക്കേടത്ത് പീടിക പറമ്പില്‍ വീട്ടില്‍ സിജു പി മാത്യു(29), തിരുവല്ല ചുമത്ര തെക്കേകുറ്റ് തോപ്പില്‍ മലയില്‍ സഹില്‍ (21) എന്നിവരാണ് അറസ്റ്റിലായവര്‍. പിക്ക് അപ്പ് െ്രെഡവര്‍, ബസിലും ടിപ്പറിലും കിളി, ഇലക്ട്രിഷ്യന്‍, റെസ്‌റ്റോറന്റ് ജീവനക്കാരന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് പ്രതികളായ യുവാക്കള്‍. ഒരു കേസില്‍ രണ്ടു പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്, ഒരുകേസിലെ രണ്ടു പ്രതികളായ പ്രവീണ്‍, സന്ദീപ്, മറ്റൊരു കേസിലെ പ്രതി ആദി എന്നിവരാണ് പിടിയിലാവാനുള്ളത്.
കുട്ടിയുടെ ഫോണ്‍ നമ്പര്‍ ലഭ്യമാക്കിയശേഷം വിളിച്ച് പരിചയപ്പെടുകയും, തുടര്‍ന്ന് പലതവണയായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് കുട്ടിയുടെ സുഹൃത്തുക്കളായ പെണ്‍കുട്ടികളുടെയും ഫോണ്‍ നമ്പറുകള്‍ വാങ്ങി അവയിലേക്ക് യുവാക്കള്‍ നിരന്തരം ബന്ധപ്പെട്ടു.സംഭവം അറിഞ്ഞ കോളേജ് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു.
പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ നിര്‍ദേശപ്രകാരം വനിതാ പോലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അടൂരില്‍ നിന്നുള്ള ഭാഷാവിദഗ്ദ്ധന്റെ സഹായത്തോടെയാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവം നടന്നത് കോയിപ്രം അയിരൂര്‍ ആയതിനാല്‍, പിന്നീട് കേസുകള്‍ കോയിപ്രം പോലീസിന് കൈമാറി. ഞായറാഴ്ചയാണ് കേസുകളെടുത്തത്, തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം രണ്ടു ദിവസങ്ങളിലായി നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് 6 പ്രതികള്‍ കുടുങ്ങിയത്. തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേല്‍നോട്ടത്തില്‍, കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ബാക്കി പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.