കല്ലറക്കടവിലേത് തടയണയോ പുതിയ ജലസംഭരണ കേന്ദ്രമോ? നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ തപ്പിത്തടഞ്ഞ് വാട്ടര്‍ അതോറിറ്റി: വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞ് വെട്ടിലായപ്പോള്‍ വിശദീകരണം മറ്റൊരു വഴിക്ക്

0 second read
Comments Off on കല്ലറക്കടവിലേത് തടയണയോ പുതിയ ജലസംഭരണ കേന്ദ്രമോ? നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ തപ്പിത്തടഞ്ഞ് വാട്ടര്‍ അതോറിറ്റി: വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞ് വെട്ടിലായപ്പോള്‍ വിശദീകരണം മറ്റൊരു വഴിക്ക്
0

പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ കുടിവെള്ളപദ്ധതിയുടെ കിണറിനോട് ചേര്‍ന്ന് താല്‍ക്കാലിക തടയണ നിര്‍മിക്കുന്നത് ആരാണ്? എന്തിന് വേണ്ടിയാണ്? നാട്ടുകാര്‍ ചോദിച്ചു തുടങ്ങിയപ്പോള്‍ വെട്ടിലായത് വാട്ടര്‍ അതോറിട്ടിയാണ്. ആദ്യം അവര്‍ പറഞ്ഞത് ഇത് നഗരസഭയുടെ അമൃത് പദ്ധതിയുടെ ഭാഗമാണെന്നാണ്. നഗരസഭാ ചെയര്‍മാന്‍ നിഷേധിച്ചതോടെ പുതിയ വിശദീകരണവുമായി വീണ്ടും വാട്ടര്‍ അതോറിറ്റി രംഗത്ത് വന്നു. ഒന്നുറപ്പാണ് ഇവിടെ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. അഴിമതിയുടെ മണവും പരക്കുന്നു.

കല്ലറക്കടവിലെ പുതിയ നിര്‍മാണം തടയണയല്ല മണല്‍ചാക്ക് അടുക്കി കുടിവെള്ളപദ്ധതിയുടെ കിണറിലേക്ക് വെളളം എത്തിക്കുകയാണെന്ന് വാട്ടര്‍ അതോറിറ്റി പറഞ്ഞത്. നഗരസഭയുടെ അമൃത് 2.0 കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ടുള്ള പണിയാണെന്നും പറഞ്ഞു. ഇതിന്റെ പേരു തന്നെയല്ലേ തടയണയെന്ന ചോദ്യവുമായി നാട്ടുകാരുമെത്തി. അമൃത് പദ്ധതി ഇതു വരെ തുടങ്ങിയിട്ടില്ലെന്ന് ചെയര്‍മാന്‍ അറിയിച്ചതോടെ ബണ്ടിന് മുകളില്‍ ബണ്ട് കെട്ടുന്നതാരെന്ന സംശയം ബാക്കിയായി.

നിലവിലുള്ള കോണ്‍ക്രീറ്റ് തടയണയ്ക്ക് ചുറ്റും ജലസമൃദ്ധിയുള്ളപ്പോഴാണ് മണല്‍ച്ചാക്ക് നിരത്തി താല്‍ക്കാലിക തടയണ നിര്‍മാണം നടക്കുന്നത്. അഞ്ചു വര്‍ഷം മുന്‍പ് 85 ലക്ഷം രൂപ മുടക്കി കോണ്‍ക്രീറ്റ് തടയണ നിര്‍മിച്ചത് നില നില്‍ക്കേ ജലസേചന പദ്ധതിയുടെ കിണറിനോട് ചേര്‍ന്നാണ് മണല്‍ച്ചാക്കെന്ന പേരില്‍ മണ്ണ് നിറച്ച് താല്‍ക്കാലിക തടയണ നിര്‍മിക്കുന്നത്. ചെലവ് 75 ലക്ഷം രൂപ! എന്നാല്‍ ഇത് നിര്‍മിക്കുന്നതാര് എന്ന ചോദ്യത്തിന് ഉത്തരമില്ല. തടയണ നിര്‍മിക്കുന്നത് നഗരസഭയുടെ അമൃത് 2.0 പദ്ധതിയുടെ ഭാഗമായിട്ടാണെന്നും അതിനായി 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, പദ്ധതി തുടങ്ങാറായിട്ടില്ലെന്ന് നഗരസഭാ ചെയര്‍മാനും പറയുന്നു.

നഗരത്തില്‍ കുടിവെള്ളം എത്തിക്കുന്നത് അച്ചന്‍ കോവിലാറ്റില്‍ കല്ലറക്കടവില്‍ നിര്‍മിച്ചിട്ടുള്ള കിണറില്‍ നിന്നാണ്. വേനല്‍ക്കാലം രൂക്ഷമായതോടുകൂടി ആറ്റിലെ ജലനിരപ്പ് വളരെയധികം താഴ്ന്നു അതിനനുസരിച്ച് ആറിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന കിണറിലെ വെള്ളവും താഴും പമ്പിങ് മുടങ്ങാതിരിക്കാന്‍ വേണ്ടി മണല്‍ ചാക്ക് നിറച്ച് ബണ്ട് നിര്‍മ്മിക്കുന്ന (കിണറിന് ചുറ്റും വെള്ളം തടഞ്ഞുനിര്‍തുന്നതിനായി)  പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ എപ്പോഴും ജലലഭ്യത ഉറപ്പു വരുത്താന്‍ അഞ്ചു വര്‍ഷം മുന്‍പ് ജലസേചന വകുപ്പ് ലക്ഷങ്ങള്‍ മുടക്കി സ്ഥിരം തടയണ നിര്‍മിച്ചിരുന്നു. ഇതിന് അല്‍പ്പം മാറി മുകളിലേക്കാണ് നിലവില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കുന്നത്. നേരത്തേ ലക്ഷങ്ങള്‍ മുടക്കിയ തടയണ നോക്കുകുത്തിയായി മാറിയെന്നാണ് ഇത് തെളിയിക്കുന്നതെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ മനോജ് കാര്‍ത്തിക പറയുന്നു.
ലക്ഷങ്ങള്‍ മുടക്കി കോണ്‍ക്രീറ്റ് ബണ്ട് നിര്‍മിച്ചതു കൊണ്ട് പ്രയോജനം ലഭിക്കാതെ വന്നതാണ് താല്‍ക്കാലിക തടയണ നിര്‍മിക്കാന്‍ കാരണമായിരിക്കുന്നതെന്ന് മനോജ് പറയുന്നു.

നഗരസഭയുടെ അമൃത് പദ്ധതിയുടെ പേരു പറഞ്ഞാണ് 75 ലക്ഷം രൂപ ചെലവഴിച്ച് മണല്‍ ചാക്ക് അടുക്കുന്നത്. ജലഅതോറിട്ടി അധികൃതരുടെ വാക്കുകള്‍ പാടേ നിഷേധിക്കുകയാണ് നഗരസഭാ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍. അമൃത് 2.0 പദ്ധതിയുടെനടത്തിപ്പിനായുളള മണ്ണു പരിശോധന കഴിഞ്ഞു. ടെണ്ടര്‍ വിളിച്ചിരിക്കുകയാണ്. ഇതിന്റെ മറ്റു നടപടികളൊന്നും ആയിട്ടില്ലെന്നും കല്ലറക്കടവിലെ തടയണ നിര്‍മാണം നഗരസഭയുടെ അറിവോടെയല്ലെന്നും അദ്ദേഹം അറിയിച്ചു.

 

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …