വ്യക്തികള്‍ക്ക് റിസോര്‍ട്ട് പണിയാന്‍ ജലസേചന വകുപ്പിന്റെ കൈ അയച്ച സഹായം: ആറ്റുപുറമ്പോക്കില്‍ സംരക്ഷണഭിത്തി കെട്ടി: തടസമായി നിന്ന മരങ്ങള്‍ മുറിച്ചു: സംഭവം തിരുമൂലപുരത്ത്‌

1 second read
Comments Off on വ്യക്തികള്‍ക്ക് റിസോര്‍ട്ട് പണിയാന്‍ ജലസേചന വകുപ്പിന്റെ കൈ അയച്ച സഹായം: ആറ്റുപുറമ്പോക്കില്‍ സംരക്ഷണഭിത്തി കെട്ടി: തടസമായി നിന്ന മരങ്ങള്‍ മുറിച്ചു: സംഭവം തിരുമൂലപുരത്ത്‌
0

തിരുവല്ല: തിരുമൂലപുരത്ത് മണിമലയാറിന്റെ തീരത്ത് വെറും 35 മീറ്റര്‍ മാത്രം സംരക്ഷണഭിത്തി നിര്‍മിച്ച് ജലസേചന വകുപ്പിന്റെ മാതൃക! ഇതിന്റെ ഗുട്ടന്‍സ് തേടി ഇറങ്ങിയ നാട്ടുകാര്‍ കണ്ടത് പുറമ്പോക്ക് ഭൂമിയില്‍ നേരത്തേ വച്ചു പിടിപ്പിച്ചിരുന്ന മരങ്ങള്‍ വെട്ടിനശിപ്പിച്ചിരിക്കുന്നത്. ഇവിടെ നിര്‍മിക്കാന്‍ പോകുന്ന സ്വകാര്യ റിസോര്‍ട്ട് ഉടമയ്ക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിവിട്ടു പ്രവര്‍ത്തിച്ചുവെന്ന് ആരോപണമുയരുന്നതിനിടെ ജലസേചന വകുപ്പ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തി വച്ചു.

തിരുവല്ല നഗരസഭ 21-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയോട് ചേര്‍ന്നുള്ള ആറ്റു പുറമ്പോക്കിലാണ് സംരക്ഷണ ഭിത്തി നിര്‍മാണം തകൃതിയായി നടന്നു വന്നത്. 17 ലക്ഷം രൂപയാണ് ഇതിനായി ജലസേചന വകുപ്പില്‍ നിന്ന് അനുവദിച്ചത്. അടിയന്തിരമായി തീരേണ്ട മറ്റ് പണികള്‍ പോലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് നിര്‍ത്തി വയ്ക്കുമ്പോഴാണ് ഇവിടെ സംരക്ഷണ ഭിത്തി കെട്ടാന്‍ അമിതാവേശം കാണിക്കുന്നത്.

സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് മുന്നോടിയായി പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പെടുന്ന എട്ടോളം മരങ്ങള്‍ ചൊവ്വാഴ്ച ഉച്ചയോടെ വെട്ടി നീക്കി. നദീതീര സംരക്ഷണത്തിനായി വര്‍ഷങ്ങള്‍ക്കു മുമ്പ് വച്ചുപിടിപ്പിച്ച ആറ്റുവഞ്ചി അടക്കമുളള മരങ്ങളാണ് വെട്ടി വിറ്റത്. സംഭവമറിഞ്ഞ് നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധവുമായി എത്തിയതോടെ മരം വെട്ടാന്‍ എത്തിയ തൊഴിലാളികള്‍ സ്ഥലത്ത് നിന്ന് മുങ്ങി. വര്‍ഷങ്ങളുടെ കാലപ്പഴക്കമുള്ള വന്‍മരങ്ങള്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് വെട്ടി നീക്കിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മേജര്‍ ഇറിഗേഷന്‍ വകുപ്പാണ് 17 ലക്ഷം രൂപയ്ക്ക് 35 മീറ്റര്‍ ഭാഗത്ത് സംരക്ഷണ ഭിത്തികെട്ടാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഇപ്പോള്‍ മരങ്ങള്‍ മുറിച്ച ഭാഗത്ത് മണ്ണിനടിയില്‍ പഴയ സംരക്ഷണ ഭിത്തിയുണ്ടെന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കമ്പി ഉപയോഗിച്ച് കുഴിച്ചപ്പോള്‍ ഭിത്തിയുടെ ഭാഗങ്ങള്‍ പുറത്തു കാണുകയും ചെയ്തു. എന്നാല്‍ വിവാദമായ ഭൂമിക്ക് കിഴക്കുഭാഗത്ത് വളളംകുളം വരെയുളള ഇടങ്ങളില്‍ നീളത്തില്‍ തീരം ഇടിഞ്ഞിട്ടുണ്ട്. ഇവിടെയൊന്നും തീരംകെട്ടി സംരക്ഷിക്കുന്നതിനുളള പ്രത്യേക പദ്ധതികള്‍ നടപ്പാക്കിയിട്ടുമില്ല.

കിഴക്കുനിന്ന് വരുമ്പോള്‍ ആറ് വലത്തേക്ക് തിരിയുന്ന ഭാഗമാണ് ഇവിടം. വളവുമൂലം ഒഴുക്കിന്റെ ശക്തി എതിര്‍ കരയിലായിരിക്കും കൂടുതല്‍ ഉണ്ടാവുക. തീരം ഇടിച്ചില്‍ ഇല്ലാത്തതും അപകടാവസ്ഥ ഇല്ലാത്തതുമായ സ്ഥലത്ത് ചെറിയ ഭാഗം മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള വന്‍ തുക മുടക്കി ഭിത്തികെട്ടുന്നത് വ്യക്തിയെ സഹായിക്കാനാണെന്ന ആക്ഷേപമാണ് നാട്ടുകാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. അതേസമയം സംഭവം വിവാദമായ പശ്ചാത്തലത്തില്‍ നിലവിലെ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും റവന്യൂ വിഭാഗം ഭൂമി അളന്ന് തിട്ടപ്പെടുത്തിയ ശേഷം മാത്രമേ തുടര്‍ നടപടി സ്വീകരിക്കൂ എന്നും മേജര്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു. നാട്ടുകാരില്‍ നിന്ന് എതിര്‍പ്പില്ലെങ്കില്‍ ഈ ഭാഗം കൂടി വ്യക്തികള്‍ക്ക് കൊടുക്കാനുളള നീക്കമാണ് നടന്നതെന്ന ആരോപണവും ശക്തമാണ്.

 

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…