കൊച്ചി: അറുപതു കോടിയുടെ ഹവാലാപ്പണം വിദേശത്തേക്ക് കടത്തിയതിന് അന്വേഷണം നേരിടുന്ന മൂലന്‍സ് സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള മൂലന്‍സ് ഫാമിലി മാര്‍ട്ട് റിലയന്‍സ് ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ട്. 106 കോടി രൂപയ്ക്കാണ് കൈമാറ്റം എന്നാണ് അറിയുന്നത്. മാര്‍ച്ച് അവസാന വാരത്തോടെ കൈമാറ്റം പൂര്‍ത്തിയാകും. വിലയുടെ 50 ശതമാനം മാര്‍ച്ച് 31 നകം നല്‍കാമെന്നാണത്രേ കരാര്‍. ശേഷിച്ച തുക കൈമാറ്റം പൂര്‍ത്തിയാകുമ്പോള്‍ കൊടുത്തു തീര്‍ക്കാമെന്നാണ് ധാരണ.
ജോസഫ് മൂലന്‍, ജോയ് മൂലന്‍, സാജു മൂലന്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് മൂലന്‍സ് ഫാമിലി മാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. എട്ടിടങ്ങളിലാണ് മൂലന്‍സ് ഫാമിലി മാര്‍ട്ടുള്ളത്. ഇതെല്ലാം റിലയന്‍സ് സ്മാര്‍ട്ട് ഏറ്റെടുക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. അതേ സമയം, കൈമാറ്റം ഇഡി നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അറുപതു കോടിയുടെ ഹവാലാപ്പണം വിദേശത്തേക്ക് കടത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂലന്‍സ് സഹോദരങ്ങളായ ജോയ്, ജോസഫ്, സാജു എന്നിവര്‍ പ്രതികളാണ്. ഇഡി രണ്ടു തവണ മൊഴി എടുക്കാന്‍ വിളിച്ചിട്ടും ഇവര്‍ എത്തിയില്ലെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും ജന്മഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തങ്ങളെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇഡി വിളിപ്പിക്കുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ലെന്നും ഇവര്‍ വിശദീകരണം നല്‍കിയിരുന്നു.
അതിന് ശേഷം സാജുവും ജോസഫും ഫേസ്ബുക്കിലൂടെ പുറത്തു വിട്ട വീഡിയോയില്‍ തങ്ങള്‍ക്കെതിരേ ഇഡി അന്വേഷണം നടക്കുന്നുണ്ടെന്ന് സമ്മതിച്ചിരുന്നു. ഇഡിയുടെ മുന്നില്‍ അവര്‍ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇനിയും രേഖകള്‍ സമര്‍പ്പിക്കുമെന്നും ഇവര്‍ പറയുന്നു. ജന്മഭൂമി വാര്‍ത്ത നിഷേധിച്ച് വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് മൂലന്‍സ് സഹോദരന്മാര്‍ ഫേസ്ബുക്ക് വീഡിയോയില്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത് എന്നതാണ് വിചിത്രം.