
മാവേലിക്കര: ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി ശ്രീദേവി വിധിച്ചു. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരായ കൊലക്കുറ്റവും തെളിഞ്ഞു. തിങ്കളാഴ്ച വിധി പറയും.
ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദീന്‍, മുന്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. 13, 14, 15 പ്രതികള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ ഗൂഡാലോചന കേസും തെളിഞ്ഞു.
കൊലപാതകം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വിവിധ കേസുകളാണ് ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.
1,2,7 പ്രതികള്‍ക്കെതിരെ സാക്ഷികളെ ഉപദ്രവിച്ചതിന് ചുമത്തിയ കേസും തെളിഞ്ഞു. 2021 ഡിസംബര്‍ 19ന് രണ്‍ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പ്രതികളാണ് വിചാരണ നേരിട്ടത്. ഇവര്‍ 15 പേരും കുറ്റക്കാരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു പ്രതികള്‍ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല.