സോള്‍: രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള സൈനിക ഓപ്പറേഷൻ ബേസ് സന്ദർശിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. സൈനികരുടെ പരിശീലന സ്ഥലത്ത് ഉള്‍പ്പെടെ സന്ദർശനം നടത്തിയ കിം ജോങ് ഉൻ, വൈകാതെ തന്നെ എല്ലാവരോടും യുദ്ധത്തിന് തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് നിർദ്ദേശിച്ചതായും രാജ്യത്തെ വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും, പോരാട്ട ശേഷി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യുദ്ധ അഭ്യാസ മുറകള്‍ പതിവായി പരിശീലിക്കണമെന്നും കിം സൈനികരോട് പറഞ്ഞതായും കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി സൈനികാഭ്യാസം ആരംഭിച്ചതിന് പിന്നാലെയാണ് കിം ജോങ് ഉൻ രാജ്യത്തെ സൈനിക ക്യാമ്ബില്‍ സന്ദർശനം നടത്തിയത്. എന്നാല്‍ യുഎസിന്റേയും ദക്ഷിണ കൊറിയയുടേും സൈനിക അഭ്യാസത്തെ കുറിച്ച് കിം ഏതെങ്കിലും രീതിയിലുള്ള പരാമർശങ്ങള്‍ നടത്തിയോ എന്ന കാര്യം കെസിഎൻഎ വ്യക്തമാക്കിയിട്ടില്ല. ഇരു രാജ്യങ്ങളും സൈനികാഭ്യാസത്തില്‍ നിന്ന് പിന്മാറണമെന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയ ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചാണ് യുഎസും-ദക്ഷിണ കൊറിയയും മുന്നോട്ട് പോകുന്നത്.
യുഎസും ദക്ഷിണകൊറിയയും എല്ലാവർഷവും ഇത്തരത്തില്‍ സംയുക്തമായി സൈനികാഭ്യാസ പ്രകടനങ്ങള്‍ നടത്തി വരാറുണ്ട്. എന്നാല്‍ ഇക്കുറി ദക്ഷിണ കൊറിയയുടെ ഭാഗത്ത് നിന്നും സാധാരണ പങ്കെടുക്കുന്നതിലും ഇരട്ടി സൈനികർ പങ്കെടുക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ സംയുക്ത സൈനികാഭ്യാസം നടക്കുന്നത് എവിടെയാണെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. ദക്ഷിണ കൊറിയയുമായി ഏത് സമയത്തും യുദ്ധം പ്രതീക്ഷിക്കാമെന്നും, ഇനിയൊരു കൂടിച്ചേരലോ സൗഹൃദപരമായ മുന്നോട്ട് പോക്കോ സാധ്യമല്ലെന്നും കിം ജോങ് ഉൻ നേരത്തെ വ്യക്തമാക്കിയിരുന്നു.