
കൊല്ലം: ഓണ്‍ലൈന്‍ ട്രേഡിങ് നടത്തുന്നതിനായി നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പേരില്‍ വ്യാജ ഉത്തരവ് നിര്‍മ്മിച്ച് വാട്‌സാപ്പില്‍ അയച്ച് നല്‍കി കബളിപ്പിക്കാന്‍ ശ്രമം. ചടയമംഗലം സ്വദേശി വി.എസ് ഉണ്ണികൃഷ്ണനെയാണ് തട്ടിപ്പ് സംഘം കബളിപ്പിക്കാന്‍ ശ്രമിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്കും ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കടുത്തുരുത്തി സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലൂടെ ആലപ്പുഴ ചേര്‍ത്തല വാരനാട് ലിസ്യൂ നഗര്‍ സ്വദേശി തറയില്‍ സുജിത്ത് എന്നയാള്‍ക്ക് 7.5 ലക്ഷം രൂപ ട്രേഡിങിനായി ഉണ്ണി കൃഷ്ണന്‍ നല്‍കിയത്. പ്രതിദിനം 7500 രൂപാ വാഗ്ദാനം ചെയ്തിരുന്നു. പണം നല്കി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഇവര്‍ പറഞ്ഞ തുക നല്കിയത്. പണം ലഭിക്കാതായതോടെ ഉണ്ണികൃഷ്ണന്‍ ഇടനിലക്കാരനോട് വാങ്ങിയ തുക തിരികെ ആവശ്യപ്പെട്ടു. പണം ഉടന്‍ നല്കാമെന്നും ബാങ്കില്‍ സുജിത്തിന്റെ അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപയുണ്ടെന്നും പിന്‍വലിക്കാന്‍ ചില്ലറ തടസങ്ങള്‍ ഉണ്ടെന്നും അത് പരിഹരിച്ചാല്‍ ഉടനെ എല്ലാ പണവും മടക്കി നല്കാമെന്നും വാഗ്ദാനം ചെയ്തു.
പറഞ്ഞ അവധികള്‍ പലതു കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ ഇടനിലക്കാരനെ ഉണ്ണികൃഷ്ണന്‍ വീണ്ടും സമീപിച്ചു. ട്രേഡിങ് നടത്തുന്നതിനായി താന്‍ സുജിത്തിന് പണം നല്‍കിയതെന്നും ഇയാളെ സമീപിച്ചാല്‍ പണം ലഭിക്കുമെന്നും പറഞ്ഞു. ബന്ധപ്പെടാന്‍ മൊബൈല്‍ നമ്പറും നല്കി. റിസര്‍വ് ബാങ്കില്‍ നിന്ന് ചില തടസങ്ങള്‍ വന്നിട്ടുണ്ടെന്നും ഇത് ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്നും അറിയിച്ചു. തെളിവിലേക്കായി റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉത്തരവ് എന്ന പേരില്‍ ഒരു രേഖ അയച്ചു നല്കി.
ഇതില്‍ സംശയം തോന്നിയ ഉണ്ണികൃഷ്ണന്‍ ആര്‍വൈഎഫ് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അജോ കുറ്റിക്കന് രേഖ അയച്ചു നല്‍കി. റിസര്‍വ് ബാങ്കിന്റെ പേരില്‍ തയാറാക്കിയ രേഖയില്‍ ഫയല്‍ നമ്പരും റിസര്‍വ് ബാങ്ക് അധികൃതരുടെ ഒപ്പും ഇല്ലാതിരുന്നതോടെ സംശയം തോന്നിയ അജോ കുറ്റിക്കന്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി യുടെ ദില്ലിയിലെ സെക്രട്ടറി മുഖാന്തിരം റിസര്‍വ് ബാങ്കില്‍ നടത്തിയ അന്വേഷണത്തിലാണ് സുജിത്ത് നല്കിയത് വ്യാജരേഖയാണെന്ന് മനസിലായത്. തുടര്‍ന്ന് അജോ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും മുഖ്യമന്തിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്കുകയായിരുന്നു.ഇതേ തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം റീജണല്‍ മാനേജരും അന്വേഷണം തുടങ്ങി.
സുജിത്ത് വിസ തട്ടിപ്പു കേസിലും പ്രതി
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ സ്വന്തം നാട്ടുകാരെ തട്ടിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട സുജിത്ത് പിന്നെ പൊങ്ങിയത് കോട്ടയത്തായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് വിസ തട്ടിപ്പുമായി നടത്തി സസുഖം വാണു. ഇതിനിടയില്‍ കൂട്ടാളികള്‍ പൊലീസ് പിടിയിലായതോടെ നാടുവിട്ടു. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ചുറ്റിത്തിരിഞ്ഞ് നടക്കുന്നതിനിടയിലാണ് ഓണ്‍ലൈന്‍ ട്രേഡിങ്ങിലേക്ക് കടക്കുന്നത്. ഇതിനായി മറ്റു ചില തട്ടിപ്പുകാരെയും ഒപ്പം കൂട്ടി. അങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അമിത വരുമാനം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ ഇയാള്‍ കൈക്കലാക്കി. ഇയാളുടെ തട്ടിപ്പുകള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുള്ള സംഘത്തിന്റെ സഹായവുമുണ്ടെന്ന് വിസ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. പാലാ പ്രദേശത്ത് വിവിധ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പഠന ശേഷം ഖത്തറില്‍ ജോലി വാങ്ങിത്തരുമെന്നും വിദേശത്തുള്ള ഒരു പ്രമുഖ കമ്പനിയുമായി ബന്ധമുള്ള ചേര്‍ത്തല വാരനാട് സ്വദേശി സുജിത് എന്നയാള്‍ക്ക് പണം നല്‍കണമെന്നും ഇടനിലക്കാരെ ഉപയോഗിച്ച് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങിയ തുക ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുനില്‍ എന്നയാളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു എന്നാണ് ചോദ്യം ചെയ്യലില്‍ ഇയാളുടെ കൂട്ടാളികള്‍ പിടിയിലായപ്പോള്‍ പൊലീസിനോട് പറഞ്ഞത്.
പാലായില്‍ നിന്നു മാത്രം ഇരുപതോളം പരാതികള്‍ കിട്ടിയിരുന്നത്. പൊലീസ് എത്തുന്ന വിവരം അറിഞ്ഞ് സുജിത്ത് ഇവിടെ നിന്നും തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയായിരുന്നു.മറ്റു തട്ടിപ്പുകാരുടെ സഹായത്തോടെ അറസ്റ്റിലായവരെ ഇയാള്‍ പുറത്തിറക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.