അടൂര്‍: കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റദ്ദാക്കി. ബാങ്കിങ് ഇതര സ്ഥാപനമായി വിജ്ഞാപനവും പുറപ്പെടുവിച്ചു.
ലൈസന്‍സ് റദ്ദാക്കലും ബാങ്കിങ് ഇതര സ്ഥാപനമെന്ന നിലയിലുള്ള പുതിയ വര്‍ഗീകരണവും 1949 ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലാണെന്ന് ആര്‍ബിഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. 1987 ലാണ് ബാങ്കിന് ആര്‍ബിഐയുടെ ലൈസന്‍സ് ലഭിച്ചത്. പുതിയ ഉത്തരവ് പ്രകാരം ഏപ്രില്‍ 24 മുതല്‍ അര്‍ബന്‍ ബാങ്ക് ബാങ്കിങ് ഇതര സ്ഥാപനമാണ്. 24 ന് വൈകിട്ടുള്ള ബാങ്കിങ് സമയം അവസാനിച്ചതോടെ ഉത്തരവ് ബാധകമായി.
ബാങ്കിങ് ഇതര സ്ഥാപനമാക്കി മാറ്റപ്പെട്ട നിലയ്ക്ക് അംഗങ്ങളല്ലാത്തവരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്ക് നിലവില്‍ വന്നു. കൂടാതെ അവകാശികളില്ലാത്തതും തിരികെ വാങ്ങാതെ ബാങ്ക് കൈവശം വച്ചിരിക്കുന്നതുമായ നിക്ഷേപങ്ങള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് തിരികെ നല്‍കണമെന്നും ആര്‍ബിഐ ഉത്തരവിലുണ്ട്.
കാലകാലങ്ങളായി യുഡിഎഫ് കൈവശം വച്ചിരുന്ന ബാങ്ക് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം പിടിച്ചെടുക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബി. ഹര്‍ഷകുമാര്‍ പ്രസിഡന്റുമായി.