
പത്തനംതിട്ട: നൂറു കണക്കിന് പ്രദേശവാസികള്‍ക്ക് ഗുരുതരരോഗം സമ്മാനിച്ചിട്ടും കടപ്രയിലെ ബിറ്റുമിന്‍ മിക്‌സിങ് പ്ലാന്റ് പ്രവര്‍ത്തനം തുടരുന്നു. പ്ലാന്റില്‍ നിന്നുയരുന്നത് വിഷപ്പുകയാണെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍.ഓ.സി നല്‍കിയെന്നാണ് ആക്ഷേപം.
സുപ്രീം കോടതിയുടേയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ പാടെ അവഗണിച്ചു കൊണ്ടാണ് കോയിപ്രം പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ജനനിബിഡമായ പ്രദേശത്ത് 2012 മുതല്‍ പിരമിഡ് കുറ്റിക്കാട്ട് ബിറ്റുമിന്‍ ഹോട്ട് മിക്‌സിങ് പ്രവര്‍ത്തിക്കുന്നത്. വേണ്ടത്ര പരിശോധനകള്‍ ഇല്ലാതെയും പ്ലാന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥലത്തിന്റെ ഭൂപ്രകൃതി സംബന്ധിച്ച് പഠനം നടത്താതെയുമാണ് ബന്ധപ്പെട്ട വകുപ്പുകള്‍ പ്ലാന്റ് സ്ഥാപിക്കുവാന്‍ അനുമതി നല്‍കിയത്. ഒരു വലിയ കുന്ന് ഇടിച്ചു നിരത്തി അവിടെയുണ്ടായിരുന്ന മണ്ണും കല്ലും നീക്കം ചെയ്ത് വലിയ ഗര്‍ത്തത്തിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. മണ്ണും കല്ലും നീക്കം ചെയ്തതിനാല്‍ ചുറ്റുമുള്ള പ്രദേശങ്ങള്‍ ഉയര്‍ന്ന നിലയിലാണ്. പ്ലാന്റ് സ്ഥാപിക്കുന്ന സമയത്ത് ഏഴര മീറ്ററായിരുന്നു ചിമ്മിനിയുടെ ഉയരം. സ്ഥാപിച്ചു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയ നാള്‍ മുതല്‍ വമിക്കുന്ന വിഷപ്പുക പ്രദേശത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
പ്രദേശവാസികളുടെ നിരന്തര പരാതി മൂലം പല ഘട്ടങ്ങളിലായി ചിമ്മിനിയുടെ ഉയരം ഉയര്‍ത്തി നാല്‍പതു മീറ്ററോളമാക്കി. ചിമ്മിനിയുടെ ഉയരം കൂട്ടിയെങ്കിലും ഇപ്പോഴും മലിനീകരണ തോത് കുറഞ്ഞിട്ടില്ല. ഇവിടുത്തെ ജനജീവിതമിപ്പോള്‍ ദുസഹമാണ്. ദുര്‍ഗന്ധം കാരണം വീടുകളുടെ ജനലുകളും കതകുകളും തുറക്കാന്‍ പോലും പറ്റുന്നില്ല . പട്ടികജാതി ഗോത്ര വര്‍ഗ കമ്മിഷന്‍ സ്ഥലത്ത് സിറ്റിങ് നടത്തി ആവശ്യപ്പെട്ടതിന്‍ പ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രണ്ട് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുകയും പ്ലാന്റിന്റെ പ്രവര്‍ത്തനം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതായി കണ്ടെത്തുകയും ചെയ്തിയിരുന്നു. ദുസഹമായ ദുര്‍ഗന്ധവും വിഷപ്പുകയും ശ്വസിക്കുക വഴി ശ്വാസംമുട്ടല്‍, ചുമ, തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളും കാന്‍സറും പ്രദേശ വാസികളില്‍ കണ്ടെത്തിയിട്ടുണ്ട്. റെഡ് കാറ്റഗറിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റിന് വളരെ ലളിതമായ മാനദണ്ഡങ്ങളാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്‌കര്‍ഷിച്ചത്. കടപ്രയിലുള്ള പ്ലാന്റ് സ്ഥിരമായതാണെന്നും ഉത്തരവിറക്കി.
പിന്നീട് പല പരാതികളും പ്രദേശവാസികള്‍ നല്‍കിയെങ്കിലും അധികൃതര്‍ അവയെല്ലാം അവഗണിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇളവ് ഉപയോഗിച്ച് പ്ലാന്റുടമ ഹൈക്കോടതിയില്‍ കേസുകള്‍ നല്‍കി വിധി അനുകൂലമാക്കുകയും ലൈസന്‍സ് കരസ്ഥമാക്കുകയുമാണ് ചെയ്യുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം എസ്.സി/എസ്.ടി കമ്മിഷന്‍ പ്ലാന്റിന് ലൈസന്‍സ് നല്‍കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്നുവെന്ന് ഹൈക്കോടതിയെ അറിയിക്കണമെന്നും കോയിപ്രം ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടതാണ്. ഇതോടെ രണ്ട് വര്‍ഷം പ്ലാന്റ് പ്രവര്‍ത്തിച്ചില്ല. എന്നാല്‍ 2018 ല്‍ പ്ലാന്റുടമ രാഷ്ര്ടീയ സ്വാധീനങ്ങള്‍ ഉപയോഗിച്ച് ബന്ധപ്പെട്ട വകുപ്പുകളില്‍ സമ്മര്‍ദ്ദം ചെലുത്തി വീണ്ടും തുടങ്ങി. അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തന അനുമതിയും നല്‍കി. ലൈസന്‍സ് നല്‍കാതിരുന്ന കോയിപ്രം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ താത്കാലികമായി മൂന്നു ദിവസത്തേക്കു മാറ്റി.
ആരോഗ്യപ്രശ്‌നങ്ങള്‍ ബിറ്റുമിന്‍ പ്ലാന്റ് മൂലമാണെന്ന് തെളിയിക്കാന്‍ പറ്റിയിട്ടില്ല എന്ന് എഴുതിച്ചു. ഭാവിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന പക്ഷം നിരാക്ഷേപപത്രം അതൊരു മുന്നറിയിപ്പും കൂടാതെ പിന്‍വലിക്കുന്നതാണെന്ന്? ഡി.എം.ഒയും അറിയിച്ചു.
ഒടുവില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലൈസന്‍സ് നല്‍കി. അങ്ങനെ പ്ലാന്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഇപ്പോള്‍ പ്രദേശത്ത് രോഗങ്ങളുടെ തീവ്രതയും രോഗികളുടെ എണ്ണവും നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചതായി ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. പലരും സ്ഥലം വിറ്റു പോയി. നിരവധി കോളനികള്‍, ആരാധനാലയങ്ങള്‍, സ്‌കൂള്‍ ഇവയെല്ലാം പ്രദേശത്തുണ്ട്. ഗ്രാമീണ അന്തരീക്ഷം നിലനിന്നിരുന്ന കടപ്രയെ മുഴുവന്‍ പ്ലാന്റ് മലിനമാക്കി. കൊടുംചൂട് സഹിക്കേണ്ടി വരുന്ന ജനതയ്ക്ക് പ്ലാന്റിന്റെ മലിനീകരണം ഇരുട്ടടിയായി. മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തങ്ങളല്ല നോക്കേണ്ടതെന്നാണ് ഇപ്പോള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറെ സമീപിക്കാനും അവര്‍ നിര്‍ദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് കടപ്രയിലെ ജനങ്ങള്‍ സംഘടിച്ച് സമര പരിപാടികള്‍ക്ക് രൂപം നല്‍കിയത്.
തട്ടയ്ക്കാട് ജങ്ഷനില്‍ നടക്കുന്ന ജനകീയ സായാഹ്‌ന സമരം ഇപ്പോള്‍ 42 ദിവസം പിന്നിട്ടു. ബിറ്റുമിന്‍ പ്ലാന്റ് പൂര്‍ണ്ണമായി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി പ്ലാന്റിലേക്ക് 25 ന് ജനകീയ മാര്‍ച്ച് നടത്തും. വൈകിട്ട് നാലിന് കരിയിലമുക്ക് ജങ്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. യോഗം ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്‍മാന്‍ ബിജു കുഴിയുഴത്തില്‍, കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജ്, അഡ്വ. ജെസി സജന്‍, ടി. രാജ്കുമാര്‍, കെ.എം. വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.