വിവരാവകാശം ഭരണഘടന നല്‍കിയിട്ടുള്ള മൗലിക അവകാശം: ആരോഗ്യ വകുപ്പിനെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍

0 second read
Comments Off on വിവരാവകാശം ഭരണഘടന നല്‍കിയിട്ടുള്ള മൗലിക അവകാശം: ആരോഗ്യ വകുപ്പിനെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍
0

പത്തനംതിട്ട: വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകളിലെ വീഴ്ച പരിശോധിക്കലല്ല വിവരാവകാശ ഉദ്യോഗസ്ഥരുടെ ചുമതലകള്‍ എന്നും വിവരാവകാശം ഭരണഘടന നല്‍കിയിട്ടുള്ള മൗലിക അവകാശമാണെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം.ദിലീപ്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പുന്നക്കാട് സ്വദേശി ശശികുമാര്‍ തുരുത്തിയില്‍ നല്‍കിയ പരാതി പരിഗണിച്ചു കൊണ്ടും വിവരാവകാശ നിയമപ്രകാരം വിവരം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടു കൊണ്ടുമുള്ള  വിധിന്യായത്തിലാണ് കമ്മിഷണറുടെ ഈ പരാമര്‍ശം.

അപേക്ഷകന്‍ തേടിയ വിവരങ്ങള്‍ ഓഫീസില്‍ ലഭ്യമല്ലെങ്കില്‍ അപേക്ഷ കിട്ടി അഞ്ചു ദിവസത്തിനകം വിവരം ലഭ്യമായ ഓഫീസിലേക്ക് കൈമാറണം. സാധ്യമായ എല്ലാ അന്വേഷണവും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നടത്തിയിട്ടും  ഏത് ഓഫീസിലാണ് വിവരം ലഭ്യമായിട്ടുള്ളത് എന്ന് അറിയാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രമേ ആ നിലയില്‍ കൈമാറാതിരിക്കാന്‍ ഉള്ള സാഹചര്യം ഉള്ളൂ. ഇവിടെ അപ്പീല്‍ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ആരോഗ്യ ക്ഷേമ വകുപ്പിന്റെ തന്നെ വിവിധ ഓഫീസുകളില്‍ ലഭ്യമായവയാണ്.

ആരോഗ്യ കുടുംബ ക്ഷേമ സെക്രട്ടറിയുടെ ഓഫീസിന് വകുപ്പിലെ ഏത് ഓഫീസിലാണ് വിവരം
ലഭ്യമാകുക എന്ന് അറിയുവാന്‍ കഴിയുന്നില്ലെങ്കില്‍ എങ്ങനെ ഭരണപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാനാകുമെന്ന കമ്മിഷണര്‍ ചോദിച്ചു. ഏതു തരത്തിലാകും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആ ഓഫീസ് അഭിമുഖീകരിക്കുക. വിവരാവകാശ നിയമപ്രകാരം അപ്പീല്‍ ഹര്‍ജിക്കാരന്റെ അപേക്ഷ മേല്‍ നടപടി സ്വീകരിക്കാതെ കുറ്റം അപേക്ഷകന്റെയാണെന്ന് വരുത്താനുള്ള ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഓഫീസിലെ പരാമര്‍ശം വിവരാവകാശ കമ്മിഷന്‍ അംഗീകരിക്കുന്നില്ല. ഭരണഘടന പ്രദാനം ചെയ്യുന്ന സാമാന്യ നീതി  പൗരന് ലഭ്യമാക്കേണ്ടതുണ്ട്.

വിവരം പ്രാപ്യമാക്കുന്നതിനുള്ള പൗരന്റെ അവകാശം വിവരാവകാശ നിയമപ്രകാരം സാധ്യമാക്കി നല്‍കി കൊടുക്കേണ്ട ആളാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. നിയമം പ്രദാനം ചെയ്യുന്ന പൗരാവകാശത്തിന്‍ മേലുള്ള കടന്നുകയറ്റവും നിഷേധിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കമ്മിഷണര്‍ ഉത്തരവിലൂടെ ചൂണ്ടിക്കാട്ടി. അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ 10 ദിവസത്തിനകം രജിസ്‌ട്രേഡ് തപാലില്‍ അയച്ചുകൊടുക്കണമെന്നും  വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…