ആധുനിക റോഡുണ്ട്: പക്ഷേ, കുമ്പനാട്-ഓതറ-ആറാട്ടുപുഴ റൂട്ടില്‍ ബസ് സര്‍വീസില്ല

0 second read
Comments Off on ആധുനിക റോഡുണ്ട്: പക്ഷേ, കുമ്പനാട്-ഓതറ-ആറാട്ടുപുഴ റൂട്ടില്‍ ബസ് സര്‍വീസില്ല
0

കുമ്പനാട്: ആധുനിക രീതിയിലുള്ള നല്ല ഒന്നാന്തരം റോഡുണ്ട്. പക്ഷേ, ഇവിടെ നിന്ന് ഓതറയ്ക്കും ആറാട്ടുപുഴയ്ക്കും ബസ് സര്‍വീസ് ഇല്ല. നല്ല കിടുക്കന്‍ റോഡുണ്ടെങ്കിലും ഫലത്തില്‍ അതിന്റെ പ്രയോജനം നാട്ടുകാര്‍ക്ക് ലഭിക്കുന്നില്ല.

അധികാരികളുടെ കാരുണ്യം കാത്തിരിക്കുകയാണ് ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും. നെല്ലിമല, കൊച്ചാലുംമൂട്, പഴയകാവ്, കരീലമുക്ക്, മീനാറുംകുന്ന്, കടപ്ര, ചെമ്പകശ്ശേരിപടി തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളാണ് പൊതു ഗതാഗതം ഇല്ലാത്തതു മൂലം ബുദ്ധിമുട്ടുന്നത്. ഓതറയില്‍ നിന്നും ആറു കിലോമീറ്ററും ആറാട്ടുപുഴയില്‍ നിന്നും അഞ്ച് കിലോമീറ്ററുമാണ് കുമ്പനാട്ടേക്കുള്ള ദൂരം.

നൂറ് കണക്കിനാളുകളാണ് ദിവസവും പല ആവശ്യങ്ങള്‍ക്ക് കുമ്പനാട്ട് എത്തി തിരുവല്ലയ്ക്കും പത്തനംതിട്ടയ്ക്കും പോകുന്നത്. ഗ്രാമീണ മേഖലയില്‍ നിന്നും ദിവസവും സമീപ പട്ടണത്തിലെ സ്‌കൂളുകളിലും കോളജിലും ആശുപത്രിയിലും സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും പോകുന്ന നൂറു കണക്കിന് ആളുകളാണ് ബസ്സ് ഇല്ലാത്തതു മൂലം ദുരിതത്തിലായത്. ഇവര്‍ കുമ്പനാട്, ആറാട്ടുപുഴ, ഓതറ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിയാണ് സമീപ പട്ടണങ്ങളില്‍ പോവുന്നത്. ബസ് സൗകര്യം ഇല്ലാത്തത് മൂലം കുമ്പനാട്ടെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടവും ഗണ്യമായി കുറഞ്ഞതായി വ്യാപാരികളും പറയുന്നു.

നിവേദനം നല്‍കി

ഗ്രാമീണ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാരണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ സുബിന്‍ നീറംപ്ലാക്കല്‍ ഗതാഗത മന്ത്രി അന്റണി രാജുവിന് നിവേദനം നല്‍കി. ചെങ്ങന്നൂര്‍ ഓതറ, കൊച്ചാലുമൂട്, കുമ്പനാട് വഴി പത്തനംതിട്ടയ്ക്കും ചെങ്ങന്നൂര്‍ ഓതറ, കൊച്ചാലുമൂട്, ഇരവിപേരൂര്‍ വഴി തിരുവല്ലായ്ക്കും ചെങ്ങന്നൂര്‍, ആറാട്ടുപുഴ, കരീലമുക്ക്, കുമ്പനാട് വഴി മല്ലപ്പള്ളിക്കും ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം.

ടി.കെ റോഡിലെ പ്രധാന ബസ് സ്‌റ്റോപ്പായ കുമ്പനാട് ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് നിലവില്‍ ഫെയര്‍സ്‌റ്റേജ് ഇല്ല. തിരുവല്ലയില്‍ നിന്ന് കുമ്പനാട്ട് ഇറങ്ങേണ്ട യാത്രക്കാരന് കോഴഞ്ചേരി വരെയുള്ള ടിക്കറ്റും അതുപോലെ കോഴഞ്ചേരിയില്‍ നിന്ന് കുമ്പനാട്ട് ഇറങ്ങേണ്ട യാത്രക്കാരന്‍ തിരുവല്ല വരെയുള്ള ടിക്കറ്റും എടുത്തെങ്കില്‍ മാത്രമേ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ. ഇത് ഓര്‍ഡിനറി ബസിനെക്കാളും ഇരട്ടിയില്‍ അധികം വരുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. തിരുവല്ലയ്ക്കും കോഴഞ്ചേരിക്കും തുല്യ ദൂരം വരുന്ന കുമ്പനാട്ട് കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ക്ക് ഫെയര്‍സ്‌റ്റേജ് അനുവദിക്കണമെന്നും മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സുബിന്‍ നീറുംപ്ലാക്കല്‍ ആവശ്യപ്പെട്ടു. ബസ് റൂട്ട് അനുവദിക്കുന്നതിനും കുമ്പനാട്ട് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ക്ക് ഫെയര്‍സ്‌റ്റേജ് ഏകികരിക്കുന്നതിനുള്ള തുടര്‍ നടപടി എടുക്കുന്നതിന് കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് വേണ്ട നിര്‍ദ്ദേശം മന്ത്രി നല്‍കിയിരിക്കുകയാണ്.

 

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …