ഓണ്‍ലൈന്‍ റമ്മി ബാധ്യത തീര്‍ക്കാന്‍ കൊള്ളയ്ക്ക് ഇറങ്ങി: വയോധികയുടെ കഴുത്തില്‍ കത്തി വച്ച് മാല കവര്‍ന്നു: സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങിയ മോഷ്ടാവ് പിടിയില്‍

0 second read
Comments Off on ഓണ്‍ലൈന്‍ റമ്മി ബാധ്യത തീര്‍ക്കാന്‍ കൊള്ളയ്ക്ക് ഇറങ്ങി: വയോധികയുടെ കഴുത്തില്‍ കത്തി വച്ച് മാല കവര്‍ന്നു: സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങിയ മോഷ്ടാവ് പിടിയില്‍
0

പത്തനംതിട്ട: ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടത്തിലായ യുവാവ് ധനസമ്പാദത്തിന് വേണ്ടി വീട്ടമ്മയുടെ കഴുത്തില്‍ കത്തി വച്ച് ഒന്നര പവന്റെ മാല കൊള്ളയടിച്ച കേസില്‍ അറസ്റ്റില്‍. പാലാ ഭരണങ്ങാനം പ്രവിത്താനം കുറ്റിക്കാട്ടില്‍ വീട്ടില്‍ നിന്ന് പൈവഴി വട്ടയത്തില്‍ പഌവെട്ടുകാലായില്‍ റോസമ്മയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അമല്‍ അഗസ്റ്റിന്‍ (24) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്.

നെടിയകാല താന്നിമൂട്ടില്‍ സരസമ്മയുടെ (87) മാലയാണ് കഴിഞ്ഞ 23 ന് വൈകിട്ട് മൂന്നിന് ഇയാള്‍ കവര്‍ന്നെടുത്തത്. ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമപ്പെട്ടയാളാണ് പ്രതി. മൂന്നര ലക്ഷത്തോളം രൂപ ഈയിനത്തില്‍ ഇയാള്‍ക്ക് നഷ്ടമുണ്ടായിട്ടുണ്ട്. കളിച്ചു കിട്ടിയ തുക 60,000 രൂപയോളം വരും. നഷ്ടമായ ശേഷിച്ച പണം തിരിച്ചു പിടിക്കാന്‍ വീണ്ടും റമ്മി കളിക്കുന്നതിന് വേണ്ടിയാണ് മോഷണത്തിന് ഇറങ്ങിയത്. ഹീറോ പ്ലഷര്‍ സ്‌കൂട്ടറില്‍
ചുറ്റിക്കറങ്ങിയാണ് മോഷണത്തിന് ശ്രമിച്ചത്. പിതാവുമൊത്ത് താമസിക്കുന്ന വാടകവീട്ടില്‍ നിന്ന് 35,000 രൂപ ഇയാള്‍ മോഷ്ടിച്ചിരുന്നു. ഓടു പൊളിച്ചാണ് മോഷണം നടത്തിയത്. ഇത് മറ്റാരോ മോഷ്ടിച്ചതാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്തു. ആ പണവും റമ്മി കളിച്ച് നഷ്ടമായിരുന്നു. തുടര്‍ന്നാണ് ധന സമ്പാദനത്തിന് പുറത്തിറങ്ങി മോഷ്ടിക്കാന്‍ തീരുമാനിച്ചത്. ഇതിനായി തനിച്ചു താമസിക്കുന്നതോ കട നടത്തുന്നതോ ആയ വയോധികമാരെ നോട്ടമിട്ടു. ഇലവുംതിട്ട മുതല്‍ നെടിയകാല വരെ ഇതിനായി ഇയാള്‍ ശ്രമിച്ചെങ്കിലും കടയില്‍ എപ്പോഴും ആള്‍ക്കാരുള്ളതിനാല്‍ കഴിഞ്ഞില്ല. അങ്ങനെ നിരീക്ഷണം നടത്തി വരുമ്പോഴാണ് മുടവനാല്‍ ധാന്യപ്പൊടി മില്ലിന് അടുത്തുള്ള വീട്ടിലെ വയോധിക തനിച്ചാണെന്ന് മനസിലാക്കിയത്. ഇവരുടെ കഴുത്തില്‍ സ്വര്‍ണമാലയും കണ്ടു.

തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ കഴുത്തില്‍ കത്തി വച്ച ശേഷം മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ വയോധിക മറിഞ്ഞ് വീണ് പരുക്കേല്‍ക്കുകയും ചെയ്തു. മാലയും പൊട്ടിച്ച് പ്രതി ബൈക്കില്‍ കടന്നു കളഞ്ഞു. ഹെല്‍മറ്റും മാസ്‌കും ധരിച്ചതിനാല്‍ ആളെ കുറിച്ച് സൂചന ഇല്ലായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പ്ലഷര്‍ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കൂറിച്ച് സൂചന ലഭിച്ചത്. കസ്റ്റഡിയില്‍ എടുത്ത പ്രതി കുറ്റമേറ്റ് പറയുകയായിരുന്നു. ചെങ്ങന്നൂര്‍ കല്ലിശേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 20,000 രൂപയ്ക്ക് പണയം വച്ച സ്വര്‍ണമാല കണ്ടെടുത്തു.

സ്വന്തം നാട്ടില്‍ പലരോടും കടം വാങ്ങി റമ്മി കളിച്ച് അവിടെ നില്‍ക്കാന്‍ പറ്റാതെ വന്നപ്പോഴാണ് പിതാവ് ടാപ്പിങ് ജോലി ചെയ്യുന്ന പൈവഴിയിലെ വീട്ടില്‍ എത്തിയത്. ആദ്യം മോഷണം പിതാവിന്റെ 25,000 രൂപയായിരുന്നു. പുറമേ നിന്നുള്ളവര്‍ മോഷ്ടിച്ചതാണെന്ന് വരുത്തി തീര്‍ക്കാന്‍ വാടകവീടിന്റെ ഓടു പൊളിച്ച് അകത്തു കടന്നാണ് പണം എടുത്തത്. ഇതു സംബന്ധിച്ച് പിതാവ് പരാതി നല്‍കിയിരുന്നില്ല. ഇന്‍സ്‌പെക്ടര്‍ ടി.കെ. വിനോദ്കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ്, സനൂപ്, വിപിന്‍, ഡിവൈ.എസ്.പിയുടെ ഷാഡോ സംഘത്തിലെ ഷെഫീക്ക്, പോലീസുകാരായ അരുണ്‍, പ്രശോഭ്, ശിവസുതന്‍, സുരേഷ് എന്നിവരാണുണ്ടായിരുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…