
അടൂര്‍: രാജ്യം മുഴുവന്‍ ട്രെയിനില്‍ സഞ്ചരിച്ച് നഗരങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തുരന്ന് മോഷണം നടത്തുന്ന സംഘത്തിലെ മൂന്നു പേരെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ കരിക്കിനേത്ത് സില്‍ക്ക് ഗലേറിയോയുടെ മേല്‍ക്കൂര തുരന്ന് അകത്ത് കടന്ന് പണവും വസ്ത്രവും മോഷ്ടിച്ച് കടന്ന സംഘത്തെയാണ് ദിവസങ്ങള്‍ നീണ്ട അലച്ചിലിനൊടുവില്‍ ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയില്‍ കുബേര്‍പ്പൂര്‍ തെഹസില്‍ദാര്‍ സിങ് മകന്‍ രാഹുല്‍ സിങ് (29), സഹോദരന്‍ ഓം പ്രകാശ് (51), ഈറ്റ ജില്ലയില്‍ ജലേസര്‍ രാജകുമാര്‍ മകന്‍ അങ്കൂര്‍ (29),എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പതിനെട്ടിന് രാത്രിയും 19 ന് പുലര്‍ച്ചെയുമാണയാണ് കരിക്കിനേത്ത് സില്‍ക്ക് ഗലേറിയോയില്‍ മോഷണം നടന്നത്.
മേല്‍ക്കൂരയുടെ ഷീറ്റിളക്കി അകത്തിറങ്ങിയ മോഷ്ടാക്കള്‍ പണവും വസ്ത്രങ്ങളും മോഷണം ചെയ്ത ശേഷം കടന്നു കളഞ്ഞു.
പിന്‍ഭാഗത്തുള്ള പൈപ്പ് വഴി മോഷ്ടാക്കള്‍ അഞ്ചു നിലകളുള്ള കെട്ടിടത്തിന്റെ മുകളില്‍ കയറി മേല്‍ക്കൂരയുടെ ഷീറ്റ് ഇളക്കി മാറ്റിയശേഷം മുകളിലത്തെ ഭിത്തി തുരന്ന് കടയിലെ ഉള്ളില്‍ കയറി ക്യാഷ് കൗണ്ടറില്‍സൂക്ഷിച്ചിരുന്ന പണവും വസ്ത്രങ്ങളും മോഷണം ചെയ്ത് കടന്നു കളയുകയായിരുന്നു. രാവിലെ ജീവനക്കാര്‍ വസ്ത്ര വ്യാപാരശാലയില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നതും അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുന്നതും, ഉടമയുടെ മൊഴി വാങ്ങി കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഫിംഗര്‍പ്രിന്റ്, സയന്റിഫിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രാഥമിക തെളിവുകള്‍ ശേഖരിച്ചിരുന്നു.
ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം സംഭവ ദിവസം തന്നെ രൂപീകരിക്കുകയായിരുന്നു. സ്ഥാപനത്തിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതികള്‍ അന്യസംസ്ഥാനക്കാര്‍ ആണെന്ന് തിരിച്ചറിച്ചു.
ആദ്യഘട്ടത്തില്‍ സ്ഥാപനത്തിലെയും പരിസര സ്ഥാപനങ്ങളിലെയും അറ്റകുറ്റപ്പണികള്‍ക്കായി എത്തിയിട്ടുള്ള തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അടൂര്‍ ടൗണില്‍ ക്യാമറകളുടെ അഭാവം ഉള്ളതിനാല്‍ പരിസരപ്രദേശങ്ങളിലെയും കച്ചവട സ്ഥാപനങ്ങളിലെയും നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പ് പ്രതികള്‍ വന്ന വഴികളിലെയും മോഷണം നടത്തി പോയ വഴികളിലെയും സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയത് അന്വേഷണം വേഗത്തിലാക്കി. മോഷണത്തിന് ശേഷം പ്രതികള്‍ കൊല്ലം ഭാഗത്തേക്ക് പോയിട്ടുള്ളതായി മനസ്സിലാക്കിയ പോലീസ് കൊട്ടാരക്കര, കൊല്ലം തിരുവനന്തപുരം ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ലോഡ്ജുകളിലും വ്യാപക പരിശോധനയും അന്വേഷണവും നടത്തി.
പ്രതികള്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷന് സമീപം എത്തിയിട്ടുള്ള ദൃശ്യങ്ങള്‍ ലഭിച്ചതിനാല്‍ ദിവസങ്ങളോളം ഈ പ്രദേശത്തെ നിരവധി സിസിടിവി ക്യാമറകളും ലോഡ്ജുകളും പരിശോധിച്ചു. പ്രതികള്‍ എന്ന് സംശയിക്കുന്ന ആളുകള്‍ റൂമെടുത്ത ലോഡ്ജ് കണ്ടെത്തി. ഇവിടെ നല്‍കിയ മേല്‍വിലാസവും, ഫോണ്‍നമ്പരും പരിശോധിച്ചത് പ്രതികളിലേക്കുള്ള സൂചനയായി.
ഫോണ്‍ നമ്പര്‍ നിലവില്‍ ഉപയോഗത്തില്ലാത്തതാണെന്നും മേല്‍വിലാസം പൂര്‍ണമല്ലെന്നും പൊലീസ് മനസിലാക്കി. മേല്‍വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ആണെന്നുള്ള വിവരം ലഭിച്ചു. അന്വേഷണം തുടരുമ്പോള്‍
പ്രതികള്‍ നിരന്തരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ട്രെയിനില്‍ സഞ്ചരിക്കുന്നതായി മനസിലായി. പ്രതികള്‍ ഡല്‍ഹിയിലുള്ളതായി സംശയിച്ച് അന്വേഷണ സംഘം ട്രെയിന്‍ മാര്‍ഗം അവിടേക്ക് യാത്ര തിരിച്ചു. യാത്രാമധ്യേയാണ് പ്രതികള്‍ ഡല്‍ഹിയില്‍ നിന്നും തെക്കന്‍ സംസ്ഥാനങ്ങളിലേക്ക് വീണ്ടും വരുന്നുവെന്ന വിവരം കിട്ടുന്നതയ്.
തുടര്‍ന്ന്, അന്വേഷണ സംഘം മഹാരാഷ്ടയില്‍ നിന്നും വിമാനമാര്‍ഗം കര്‍ണാടകയില്‍ എത്തി. അവിടെ നിന്ന് പ്രതികളെ പിന്തുടര്‍ന്ന് തമിഴ്‌നാട്ടിലെത്തി പുളിയന്‍കുടിയില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മോഷണം ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ എത്തിയാല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്യുന്നതാണ് പ്രതികളുടെ രീതി.
കര്‍ണാടകയിലെത്തി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത പ്രതികളെ കണ്ടെത്താന്‍ അന്വേഷണ സംഘം വളരെ ബുദ്ധിമുട്ടിയിരുന്നു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച പ്രതികളെ ഡിവൈ.എസ്. പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. കേരളത്തിനകത്തും പുറത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി സമാന കുറ്റകൃത്യങ്ങള്‍ ചെയ്തതായി സംശയിക്കുന്നുവെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
കുന്നംകുളം, കൊട്ടിയം, സുല്‍ത്താന്‍ ബത്തേരി, ഫറോക്ക് എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ നടന്ന വലിയ മോഷണങ്ങളില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നു. ട്രെയിനില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തി മോഷണം നടത്തിയ ശേഷം സ്വന്തം നാട്ടിലേക്ക് പോകാതിരിക്കുകയാണ് പ്രതികളുടെ രീതി. ഒരു സംസ്ഥാനത്ത് മോഷണം കഴിഞ്ഞാല്‍ മറ്റൊരു സംസ്ഥാനത്തെത്തി വീണ്ടും മോഷണം നടത്തും. പ്രതികള്‍ നിരന്തരം ബംഗളൂരു, കോയമ്പത്തൂര്‍, ചെന്നൈ തുടങ്ങിയ മഹനഗരങ്ങളില്‍ എത്തുകയും ഫോണ്‍ സ്വിച്ചോഫ് ആക്കി അടുത്ത സംസ്ഥാനങ്ങളിലേക്ക് പോവുകയും ചെയ്യും.
തങ്ങുന്ന സ്ഥലങ്ങളില്‍ ഇവര്‍ മോഷണം നടത്തിയിട്ടുണ്ടാകാമെന്നും വിവിധ സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ടാല്‍ മാത്രമേ കൂടൂതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും ഡിവൈ.എസ്.പി പറഞ്ഞു. മുഖ്യപ്രതിയായ രാഹുല്‍സിങ് ഓരോ മോഷണത്തിനും പ്രത്യേകം ആളുകളെ കൂടെക്കൂട്ടും. രാഹുലിന്റെ സഹോദരനും മൂന്നാം പ്രതിയുമായ ഓം പ്രകാശ് ബെല്‍റ്റ് കച്ചവടത്തിന്റെ മറവില്‍ വിവിധ സ്ഥലങ്ങളിലെത്തി നീരീക്ഷണം നടത്തി കച്ചവട സ്ഥാപനങ്ങളുടെ വിവരങ്ങള്‍ രാഹുലിന് കൈമാറും.
വിശ്രമമില്ലാതെ രാത്രിയും പകലും ദിവസങ്ങളോളം നടത്തിയ കൃത്യമായ അന്വേഷണത്തിനുള്ളിലാണ് പ്രതികള്‍ പൊലീസിന്റെ വലയിലാവുന്നത്. ആയിരക്കണക്കിന് കോള്‍ ഡീറ്റെയില്‍സുകളും നൂറോളം സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. രാത്രിയിലും കച്ചവടം നടക്കുന്ന വസ്ത്ര വ്യാപാരശാലകളില്‍ പൊതുവെ അധികമായി പണം സൂക്ഷിച്ചിട്ടുണ്ടാവും എന്നുള്ള ബോധ്യത്തിലാണ് പ്രതികള്‍ നിരന്തരംവസ്ത്ര വ്യാപാരശാലകള്‍ മോഷണത്തിനായി തിരഞ്ഞെടുക്കുന്നത് എന്നാണ് പോലീസിന്റെ നിരീക്ഷണം. പ്രതികള്‍ ഒരു സ്ഥലത്തെത്തി ഗൂഗിളിലും മറ്റും പരിശോധിച്ചാണ് കടകള്‍ കണ്ടെത്തുന്നതെന്നും മോഷണത്തിന് മുമ്പ് സ്ഥലത്ത് എത്തി കെട്ടിടം കൃത്യമായി നിരീക്ഷിക്കുമെന്നും അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്.
അറസ്റ്റിലായ പ്രതികളില്‍ നിന്നും കരിക്കിനേത്ത് വസ്ത്രശാലയില്‍ നിന്നും മോഷ്ടിച്ച പണവും വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അടൂര്‍ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.മനീഷ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ സൂരജ്.ആര്‍.കെ,ശ്യാംകുമാര്‍, പ്രവീണ്‍.റ്റി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും, കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താലേ സംസ്ഥാനത്തിനകത്തും, പുറത്തും പ്രതികള്‍ ചെയ്തിട്ടുള്ള കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ബോധ്യമാകു എന്നും അടൂര്‍ ഡി.വൈ.എസ്.പി ആര്‍.ജയരാജ് അറിയിച്ചു.