കോഴഞ്ചേരി: അയിരൂര്‍ പുതിയ കാവില്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ കുത്തിതുറന്ന് മോഷണം. ഇന്നലെ പുലര്‍ച്ചെയാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രം തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോള്‍ ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചു നിലയിലായിരുന്നു. തുടരന്വേഷണത്തില്‍ ആലിന് സമീപമുള്ള കാണിക്ക വഞ്ചിയും തുറന്ന് മോഷണം നടത്തിയതായി കണ്ടെത്തി. ജീവനക്കാര്‍ ഉപദേശക സമിതി ഭാരവാഹികളെയും പോലീസിനെയും വിവരം അറിയിച്ചു.
കോയിപ്രം പോലീസും പത്തനംതിട്ടയില്‍ നിന്നുള്ള വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധനകള്‍ നടത്തി. രണ്ടു ദിവസം മുന്‍പാണ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ തുറന്നത്. എന്നാല്‍ ഇപ്പോള്‍ മോഷണം നടന്നിട്ടുള്ള വഞ്ചികള്‍ അന്ന് തുറന്ന് എണ്ണാന്‍ കഴിഞ്ഞില്ല. ക്ഷേത്രത്തില്‍ ഏറ്റവും അധികം കാണിക്ക ലഭിക്കുന്നത് ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരത്തിലാണ്.
ഇപ്പോള്‍ തുറന്നിരിക്കുന്നതും ഇതാണ്. കാണിക്ക വഞ്ചികള്‍ക്ക്
പുറമേ സ്‌റ്റേജിന് വശത്തുള്ള സബ് ഗ്രൂപ്പ് ഓഫീസിലും പൂട്ട് തുറന്ന്
അകത്തു കയറിയിട്ടുണ്ട്. ഇവിടെ അലമാരകളും മേശകളും തുറക്കുകയും ഫയലുകളും മറ്റും വലിച്ചു വാരി ഇടുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇതിന് സമീപമുള്ള ഉപദേശക സമതി ഓഫീസിനെ ഒഴിവാക്കുകയും ചെയ്തിട്ടിട്ടുണ്ട്. ക്ഷേത്രത്തിന്റെ തെക്കേനടയിലെ കതക് കുത്തിപ്പൊളിച്ച് അകത്തു കടന്നവര്‍ ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരം പൊളിച്ച് ഇതിലുള്ളതെല്ലാം എടുത്ത് ചാക്കിലാക്കി വടക്കേ നടതുറന്നാണ് പുറത്തെ നാഗരാജ നടയില്‍ എത്തിയത്. കാണിക്ക വഞ്ചിയില്‍ ഉണ്ടായിരുന്ന നാണയം ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്. കറന്‍സി നോട്ടുകളും മറ്റ് വഴിപാട് ഉരുപ്പടികളും മാത്രമാകാം ഇവര്‍ കൊണ്ട് പോയത്. ചാക്കിന്റെ വലിപ്പവും
ഭാരവും ഒപ്പം നാണയം മാറുന്നതിലെ പ്രയാസവുമാകാം ഇത് ഉപേക്ഷിക്കാന്‍ കാരണമായി കരുതുന്നത്. ഇവിടെ നിന്നും കിഴക്ക്, പടിഞ്ഞാറേ നടകള്‍ ഒഴിവാക്കി ചെറുകോല്‍പ്പുഴ- റാന്നി റോഡിലേക്കുള്ള ചെറിയ വഴിയിലൂടെ ആണ് മോഷ്ടാക്കള്‍ മടങ്ങിയിരിക്കുന്നത്. ഈ ഭാഗങ്ങളില്‍ സി.സി.ടി.വികള്‍ ഇല്ല എന്നതാകാം ഇതിനു കാരണം.
മോഷണം വിവരം അറിഞ്ഞതോടേ ക്ഷേത്രത്തിലെ പൂജകളും മുടങ്ങി. വെള്ളിയാഴ്ച ആയിരുന്നതിനാല്‍ വലിയ തോതില്‍ ഭക്തരും എത്തിയിരുന്നു. തിരുവാഭരണം ശബരിമല യാത്രയില്‍ ആദ്യ ദിനം തങ്ങുന്ന പുതിയകാവ് ദേവി ക്ഷേത്രത്തില്‍ ആകെ 12 ജീവനക്കാരാണ് ഉണ്ടാകേണ്ടത്. ഇതില്‍ മൂന്നു പേര്‍ വാച്ചര്‍മാരാണ്. മേല്‍ശാന്തി ഉള്‍പ്പെടെ മൂന്ന് സ്ഥിരം ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. ഇതിനാല്‍ രാത്രി കാവലിന് ആളില്ല. സി.സി.ടി.വി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. ഇതെല്ലാം പഠിച്ച കള്ളന്‍ തന്നെയാകും മോഷണം നടത്തിയതെന്ന വിശ്വാസമാണ് ഭക്തര്‍ പങ്ക് വയ്ക്കുന്നത്. ജീവനക്കാരുടെകുറവ് നികത്തണമെന്ന് ആവശ്യപ്പെട്ട് കവിയൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു.