ഓമല്ലൂര്‍: സിഎസ്‌ഐ പള്ളിയിലും സി.എം.എസ് എല്‍.പി സ്‌കൂളിലും മോഷണം നടത്തിയ കേസിലെ പ്രതിയെ മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ രണ്ടു സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുപ്പും നടത്തി. എഴുകോണ്‍ വാട്ടര്‍ ടാങ്കിന് സമീപം ചൊവ്വല്ലൂര്‍ പ്രേമവിലാസം വീട്ടില്‍ റെനിയെയാണ് ആലുവ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കേ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പിനെത്തിച്ചത്.
കഴിഞ്ഞമാസം 19 ന് രാത്രിയാണ് തൈക്കുറ്റി മുക്ക് സെന്റ് സ്റ്റീഫന്‍സ് സി.എസ്.ഐ പള്ളിക്കുള്ളിലെ നേര്‍ച്ചവഞ്ചി പൊളിച്ച് അതിലുണ്ടായിരുന്ന 6000 രൂപ മോഷ്ടിച്ചത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന വീഞ്ഞെടുത്ത് ഒന്നരക്കുപ്പിയോളം അകത്താക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പള്ളിവളപ്പില്‍ തന്നെയുള്ള സി എം എസ് എല്‍ പി സ്‌കൂള്‍ ഓഫീസിനുള്ളില്‍ കടന്ന് ലാപ്‌ടോപ്, വെയിങ് മെഷീന്‍, സ്പീക്കര്‍ എന്നിവയും മോഷ്ടിച്ചു. വിരലടയാളം നോക്കി നടത്തിയ അന്വേഷണത്തിലാണ് സ്ഥിരം മോഷ്ടാവ് റെനിയെ കുറിച്ച് സുചന ലഭിച്ചത്.
ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണകേസില്‍ കഴിഞ്ഞമാസം 25 ന് അറസ്റ്റിലായി ആലുവ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരികയായിരുന്നു. പള്ളിയുടെ ഹാളിലേക്ക് പ്രവേശിക്കുന്ന ഇടനാഴിയുടെ മുന്നില്‍ സ്ഥാപിച്ച ഇരുമ്പ് ഗ്രില്ല് വാതിലിന്റെയും അതിന്റെ പിന്നിലെ മുഖ്യവാതിലിന്റെയും പൂട്ടുകള്‍ അറുത്തുമാറ്റി, പള്ളിക്കുള്ളില്‍ പ്രവേശിച്ച് ഇടനാഴിയില്‍ വച്ചിരുന്ന തടിയില്‍ തീര്‍ത്ത വഞ്ചിയുടെ പൂട്ട് പൊളിച്ചാണ് പണം കവര്‍ന്നതെന്ന് പ്രതി പറഞ്ഞു. സ്‌കൂളില്‍ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ചുവെന്ന കുറ്റം തെളിവെടുപ്പിനിടെ ഇയാള്‍ നിഷേധിച്ചു. കാണിക്ക വഞ്ചിയില്‍ നിന്ന് വെറും 600 രൂപ മാത്രമാണ് കിട്ടിയതെന്നും പറഞ്ഞു.
പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണിന്റെ മേല്‍നോട്ടത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. സംഘത്തില്‍ എസ് ഐമാരായ അനൂപ് ചന്ദ്രന്‍, സന്തോഷ് കുമാര്‍, എ എസ് ഐ ശ്രീകുമാര്‍, സി പി ഓമാരായ ജിതിന്‍, റെജി ജോണ്‍, അനൂപ് എന്നിവരാണുള്ളത്.