
പത്തനംതിട്ട: കടമ്മനിട്ട കല്ലേലി ജങ്ഷനിലെ മാര്‍ത്തോമ്മ പള്ളിയില്‍ മോഷണം. ജനലിന്റെ മുകളിലായുള്ള ആര്‍ച്ച് ഭാഗത്തെ ചില്ലു തകര്‍ത്ത് ഉള്ളില്‍ കടന്ന് വഞ്ചിയിലെ പണം അപഹരിച്ചു. പള്ളിയോട് ചേര്‍ന്ന ഓഫീസ് മുറിയിലെ മൂന്ന് അലമാരകളും മേശയും കുത്തിത്തുറന്നിട്ടുണ്ട്. ഇതില്‍ സൂക്ഷിച്ചിരുന്ന രേഖകളുംപുസ്തകങ്ങളും വാരി വലിച്ചിട്ട നിലയിലാണ്. ഞായറാഴ്ച രാവിലെ ആറു മണിയോടെ പള്ളിയില്‍ ആദ്യം എത്തിയ ഇടവക വികാരി റവ. ജേക്കബ് വര്‍ഗീസ് സ്‌കൂട്ടറില്‍ ഒരാള്‍ അതിവേഗം പള്ളിമുറ്റത്ത് നിന്നും പോകുന്നത് കണ്ടിരുന്നു.
എന്നാല്‍ അദ്ദേഹം അത് കാര്യമാക്കിയില്ല. പിന്നീട് കപ്യാര്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ആറന്മുള പോലീസ് സ്ഥലത്ത് പരിശോധന നടത്തി. ഫിംഗര്‍ പ്രിന്റ് വിഭാഗവും എത്തിയിരുന്നു. പള്ളിയിലെയും സമീപ ജങ്ഷനുകളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. സ്‌കൂട്ടറില്‍ ഒരാള്‍ എത്തിയത് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പുലര്‍ച്ചെയാണ് മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു.