ഓമല്ലൂര്‍ സെന്റ് സ്റ്റീഫന്‍സ് സി.എസ്.ഐ പള്ളിയിലും സി.എം.എസ് സ്‌കൂളിലും മോഷണം: കാണിക്കവഞ്ചി കുത്തിപ്പൊളിച്ചു: മതി വരുവോളം വീഞ്ഞും കുടിച്ച് മോഷ്ടാക്കള്‍ സ്ഥലം വിട്ടു

0 second read
Comments Off on ഓമല്ലൂര്‍ സെന്റ് സ്റ്റീഫന്‍സ് സി.എസ്.ഐ പള്ളിയിലും സി.എം.എസ് സ്‌കൂളിലും മോഷണം: കാണിക്കവഞ്ചി കുത്തിപ്പൊളിച്ചു: മതി വരുവോളം വീഞ്ഞും കുടിച്ച് മോഷ്ടാക്കള്‍ സ്ഥലം വിട്ടു
0

ഓമല്ലൂര്‍: സെന്റ് സ്റ്റീഫന്‍സ് സി.എസ്.ഐ പളളിയിലും തൊട്ടടുത്തുള്ള സി.എം.എസ് എല്‍.പി സ്‌കൂളിലും മോഷണം. പള്ളിയില്‍ നിന്ന് കാണിക്ക വഞ്ചിയിലെ പണം അപഹരിച്ചു. രണ്ടു കുപ്പി വൈന്‍ എടുത്ത മോഷ്ടാക്കള്‍ അതില്‍ ഒന്നരക്കുപ്പിയോളം അകത്താക്കി. സ്‌കൂളിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ചു. ചെക്ക് ബുക്ക്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ പരിസരത്ത് വലിച്ചെറിഞ്ഞു.

ഞായറാഴ്ച രാവിലെ ആരാധനയ്ക്ക് പള്ളിയില്‍ എത്തിയവരാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. ഉടന്‍ തന്നെ പത്തനംതിട്ട പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി ശാസ്ത്രീയ പരിശോധന നടത്തുന്നതിന് വേണ്ടി പള്ളി അടച്ചു. പള്ളിയുടെ കീഴില്‍ തന്നെയുള്ള സി.എം.എസ് എല്‍.പി.എസില്‍ വച്ചാണ് ആരാധനയും ചടങ്ങുകളും നടന്നത്. അവിടേക്ക് എത്തിയ വിശ്വാസികള്‍ തന്നെയാണ് സ്‌കൂള്‍ ഓഫീസ് മുറി കുത്തിത്തുറന്ന വിവരം ശ്രദ്ധിച്ചത്. സ്‌കൂളിലെ അധ്യാപിക ഷേര്‍ലി വി. മാത്യു സ്ഥലത്ത് വന്ന് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പ് മോഷണം പോയ വിവരം അറിയുന്നത്.

അലമാര പൂട്ടി താക്കോല്‍ സമീപത്തുള്ള മേശയുടെ ഡ്രോയിലാണ് സൂക്ഷിച്ചിരുന്നത്. മേശയുടെ ഡ്രോ കുത്തിത്തുറന്ന് ഇവിടെ നിന്ന് താക്കോലെടുത്താണ് അലമാര തുറന്നത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഒരുക്കുന്നതിനുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയും കുത്തിത്തുറന്നു. ഓഫീസ് റൂമില്‍ ഒരു പ്രൊജക്ടര്‍ ഉണ്ടായിരുന്നു. അത് മോഷ്ടാക്കളുടെ ശ്രദ്ധയില്‍പ്പെട്ടില്ല.

പള്ളിയുടെ പൂട്ട് തകര്‍ത്ത് സമീപത്തെ തെങ്ങിന്റെ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞു. സംഘമായി എത്തിയാണ് മോഷണം നടത്തിയതെന്ന് കരുതുന്നു. ഇവര്‍ പാഴ്‌സല്‍ വാങ്ങി ഇവിടെ കൊണ്ടു വച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. കാണിക്ക വഞ്ചി കുത്തിത്തുറന്ന് പതിനായിരം രൂപയോളം അപഹരിച്ചുവെന്ന് ഇടവക വികാരി ഫാ. ഷിജോമോന്‍ ഐസക് പറഞ്ഞു. കാണിക്ക വഞ്ചി അവസാനം തുറന്ന് ഇടവക ഭാരവാഹികള്‍ പണം എടുത്തത് ഒരു വര്‍ഷം മുന്‍പാണ്. അതിനാല്‍ തന്നെ പണം കൂടുതലായി വഞ്ചിയ്ക്കുള്ളില്‍ ഉണ്ടാകാമെന്ന് വികാരി പറഞ്ഞു. കുടിച്ചതിന് ശേഷം ബാക്കിയുള്ള വീഞ്ഞ് പള്ളിമുറ്റത്ത് ഉപേക്ഷിച്ചിരുന്നു. ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് പളളിയുടെ കവാടത്തിലെ ഗ്രില്ലിന്റെ പൂട്ടു തകര്‍ത്ത ശേഷം ഉള്ളില്‍ കടന്ന മോഷ്ടാക്കള്‍ കവാടത്തിലെ മണിച്ചിത്രപ്പൂട്ട് കുത്തിപ്പൊളിച്ച് അകത്തെത്തിയാണ് കാണിക്ക വഞ്ചി പുറത്തു കൊണ്ടു വച്ച് പൂട്ട് തകര്‍ത്ത് പണം കവര്‍ന്നിരിക്കുന്നത്.
വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്ത് വന്ന് തെളിവുകള്‍ ശേഖരിച്ചു. മണം പിടിച്ച് ഓടിയ നായ സമീപത്തെ റബര്‍ തോട്ടം വഴി മെയിന്‍ റോഡിലെത്തിയാണ് നിന്നത്.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…