അടൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജാലയ്ക്ക് നിയോജക മണ്ഡലം തലത്തില്‍ സ്വീകരണം നല്‍കാന്‍ സ്വാഗതസംഘം രൂപീകരിച്ചതിനെ ചൊല്ലി സി.പി.എമ്മില്‍ അസംതൃപ്തി. ഇന്നലെ ബിജെപിയില്‍ വന്നയാളെ പിടിച്ച് സ്വാഗതസംഘം ചെയര്‍മാന്‍ ആക്കിയതാണ് അതൃപ്തിക്ക് കാരണമായത്. ആറാം തമ്പുരാനിലെ ഞാനും അപ്പന്‍ തമ്പുരാനും പിന്നെ സുഭദ്രയും എന്ന ഡയലോഗിനെ അനുസ്മരിപ്പിക്കുന്നതാണ് ചിലരുടെ പ്രവര്‍ത്തി എന്നാണ് വിമര്‍ശനം.
ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബി. ഹര്‍ഷകുമാര്‍ ആണ് സ്വാഗത സംഘം കണ്‍വീനര്‍. ചെയര്‍മാനായി തെരഞ്ഞെടുത്തത് ബിജെപിയില്‍ നിന്ന് അടുത്തിടെ സിപിഎമ്മില്‍ എത്തിയ പ്രസന്നന്‍ ഉണ്ണിത്താനാണ്. നിരവധി മുതിര്‍ന്ന നേതാക്കള്‍ അടൂരില്‍ ഉണ്ടായിട്ടും പ്രസന്നനെ ചെയര്‍മാന്‍ ആക്കിയതാണ് അസംതൃപ്തിക്ക് കാരണമായിരിക്കുന്നത്. അടൂര്‍ പോലെ പാര്‍ട്ടിക്ക് മേധാവിത്വമുള്ള ഒരു വലിയ നിയോജക മണ്ഡലത്തില്‍ ഇത് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രവര്‍ത്തകരെ നിരാശപ്പെടുത്തുമെന്നും വിമര്‍ശനം ഉയര്‍ന്നു. അടൂര്‍ എസ്എന്‍ഡിപി ഹാളില്‍ വച്ചു നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ചെയര്‍മാന്‍ പ്രഖ്യാപനം വന്നതോടെ നിരവധി പേര്‍ ഇറങ്ങിപ്പോയെന്നും പറയുന്നു.
ബൂത്തു കമ്മറ്റികള്‍ക്ക് ജാഥയ്ക്ക് ചെലവിനത്തില്‍ 2000 രൂപ വീതമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ മാത്രം അത് 2500 രൂപയാക്കിയിരിക്കുകയാണ്. ഇതും വിമര്‍ശനത്തിന് കാരണമാകുന്നുണ്ട്. കൂടുതല്‍ ബിജെപിക്കാരെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് പ്രസന്നനെ ചെയര്‍മാന്‍ ആക്കിയതെന്നാണ് ന്യായീകരണം. ഹര്‍ഷകുമാര്‍ ആണ് പ്രസന്നനെ സിപിഎമ്മിലേക്ക് കൊണ്ടു വന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ എത്തിക്കാനും നീക്കം ഉണ്ടത്രേ.