കോഴഞ്ചേരി: ഗ്രാമപഞ്ചായത്തും റവന്യു വകുപ്പും തമ്മില്‍ തര്‍ക്കം നില
നില്‍ക്കുന്ന വണ്ടിപ്പേട്ടയില്‍ കിണര്‍ കുഴിക്കുന്നത് വിവാദമാകുന്നു. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലേക്ക് വെള്ളം എത്തിക്കുന്നതിന് വേണ്ടിയാണു കിണര്‍ കുഴിക്കുന്നതെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ തര്‍ക്കവും കോടതിയില്‍ കേസും ഉള്ള വസ്തുവില്‍ അനധികൃതമായാണ് പണികള്‍ നടക്കുന്നതെന്ന് റവന്യു വകുപ്പും പറയുന്നു. തര്‍ക്കം നിലവിലുള്ള പ്രദേശത്ത് കിണറും അനുബന്ധ പൈപ്പിനും മറ്റുമായി ചെലവഴിക്കുന്ന പണം നഷ്ടമാകുമെന്നും ആരോപണമുണ്ട്.
പഞ്ചായത്ത് വ്യാപാര സമുച്ചയത്തില്‍ വെള്ളമെത്തിക്കാന്‍ വേണ്ടിയാണ് വണ്ടിപ്പേട്ടയില്‍ കിണര്‍ കുഴിക്കുന്നത്. എന്നാല്‍ ഇവിടെ കിണര്‍
കുഴിക്കുന്നതിനോ പൈപ്പ് ലൈന്‍ വലിക്കുന്നതിനോ പദ്ധതിയില്‍ തുക
വകയിരുത്തിയിട്ടില്ല. നിലവില്‍ പമ്പാ നദിയില്‍ നിന്ന് പമ്പ് സെറ്റ് വച്ച് വെള്ളം എത്തിക്കാനാണ് പദ്ധതി തയാറാക്കിയിരുന്നത്. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഒന്നര ലക്ഷം രൂപയാണ് വ്യാപാര സമുച്ചയത്തില്‍ വെള്ളമെത്തിക്കാന്‍ നീക്കി വച്ചിരുന്നത്.ഇതനുസരിച്ച് ടെണ്ടര്‍ വിളിച്ചപ്പോള്‍ ഒരു കരാറുകാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്.ഇതോടെ റീ ടെണ്ടര്‍ വിളിച്ചു.
അതില്‍ കുറഞ്ഞ തുക രേഖപ്പെടുത്തിയ ആള്‍ക്ക് കരാര്‍ നല്‍കി. അപ്പോഴാണ് പമ്പയില്‍ നിന്നും വെള്ളം എത്തിക്കുക പ്രായോഗികമല്ലെന്ന് കണ്ടത്. ഇതോടെ ആരുടേയും അനുമതി ഇല്ലാതെ പദ്ധതി മാറ്റി. വണ്ടിപ്പേട്ടയില്‍ കിണര്‍ കുത്തി വെള്ളം വ്യാപാര സമുച്ചയത്തിലേക്ക് പമ്പ് ചെയ്യാമെന്നായി. ഇതനുസരിച്ചാണ് വിവാദ ഭൂമിയില്‍ കിണര്‍ നിര്‍മ്മിക്കുന്നത്. ഇവിടെ നിന്നും വെള്ളം ടാങ്കിലേക്ക് എത്തിക്കണമെങ്കില്‍ റോഡ് മുറിച്ചു കടക്കേണ്ടതുണ്ട്. ഇതാകട്ടെ പുതിയ പാലം അപ്രോച്ച് റോഡ് വരുമ്പോള്‍ മാറ്റേണ്ടി വരും.ഇതോടെ നിലവില്‍ ചെലവഴിക്കുന്ന തുക നഷ്ടപ്പെടുകയും ചെയ്യും എന്നാണ് ആരോപണം ഉയരുന്നത്.
വര്‍ഷങ്ങളായി വ്യാപാര സമുച്ചയത്തിലെ കെട്ടിടത്തിലെ വെള്ളക്കരം
ഒടുക്കാതെ വന്നതോടെ ലക്ഷങ്ങള്‍ കുടിശിക വന്നതോടെയാണ് ജലഅതോറിറ്റിയുടെ പൈപ്പ് കണക്ഷന്‍ കട്ട് ചെയ്തത്. കെട്ടിടത്തില്‍ വെള്ളമില്ലാത്ത സാഹചര്യം രാത്രി ഇവിടെ തങ്ങിയിരുന്ന കെ.എസ്.ആര്‍.ടി.സി സ്‌റ്റേ സര്‍വീസ് ജീവനക്കാരെയും ബാധിച്ചിരുന്നു. പലപ്പോഴും നാട്ടുകാരാണ് ഇവര്‍ക്ക് വെള്ളം സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. കിണര്‍ പണി പൂര്‍ത്തിയാകുന്നതോടെ കെട്ടിടത്തിലേക്ക് വന്‍ തുകയ്ക്ക് ടാങ്കറുകളില്‍ വെള്ളം കൊണ്ടുവന്ന് നിറയ്‌ക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. വാടക നല്‍കി മുറി എടുത്തിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്ന പരാതിയും ഇവര്‍ ഉന്നയിക്കുന്നു.
സമാന്തര പാലം നിര്‍മ്മാണം ആരംഭിക്കുന്നതോടെ സമീപന പാതയ്ക്കായി
വണ്ടിപ്പേട്ടയടക്കം എടുക്കേണ്ടി വരും. ഈ സാഹചര്യം നില നില്‍ക്കുമ്പോഴാണ് വണ്ടിപ്പേട്ടയില്‍ തപാല്‍ ഓഫീസിന്റെ മതില്‍ക്കെട്ടിനോട് ചേര്‍ന്ന് കിണര്‍ നിര്‍മ്മിക്കുന്നത്. വണ്ടിപ്പേട്ട പഞ്ചായത്തിന്റേതല്ലെന്ന് റവന്യു വകുപ്പ് പറയുന്ന സാഹചര്യത്തില്‍ താത്കാലികമായി മാത്രം കൈവശമുള്ള സ്ഥലത്ത് പഞ്ചായത്തിന് കിണര്‍ കുഴിക്കാന്‍ സാധിക്കുമോ എന്ന കാര്യം അവ്യക്തമാണ്. കൈയേറ്റക്കാരെ ഒഴിപ്പിച്ച് വണ്ടിപ്പേട്ട കൈവശപ്പെടുത്തിയെങ്കിലും ഇനിയും പഞ്ചായത്തിന് വിട്ടു കിട്ടിയിട്ടില്ല. കൈവശാവകാശം മാത്രമാണ് പഞ്ചായത്തിനുള്ളത് .ഹൈക്കോടതിയിലടക്കം കേസുകള്‍ നിലനില്‍ക്കുമ്പോള്‍ അനുമതി ഇല്ലാതെ കിണര്‍ കുഴിക്കുന്നത് കൈയേറ്റമാണെന്നാണ് റവന്യു അധികൃതര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ നിയമ കുരുക്കിലേക്കും പോയേക്കാം.