കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തില്‍ ബിജെപി നേതാവ്: ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റിനെതിരേ വിവാദം പുകയുന്നു

0 second read
Comments Off on കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തില്‍ ബിജെപി നേതാവ്: ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റിനെതിരേ വിവാദം പുകയുന്നു
0

പീരുമേട്: പശ്ചിമഘട്ട മേഖലയെ പരിസ്ഥിതി ലോല പ്രദേശമാക്കുന്നത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രന്‍ ഭരിക്കുന്ന വണ്ടന്മേട് പഞ്ചായത്ത് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത ജില്ലാ വൈസ് പ്രസിഡന്റിന്റെ നടപടിയെ ചൊല്ലി ജില്ലയിലെ ബിജെപിയില്‍ വിവാദം കൊഴുക്കുന്നു. കുമാര്‍ പങ്കെടുത്ത പൊതുയോഗത്തിന് മുന്നോടിയായി നടത്തിയ റാലിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യവും മുഴക്കിയിരുന്നു.

ഗ്രാമപഞ്ചായത്തില്‍ നേതൃത്വത്തില്‍ നടത്തുന്നുവെന്ന് അറിയിച്ച പരിപാടിയില്‍ മുന്നൂറോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍
മാത്രമാണ് സംബന്ധിച്ചത്. ബിജെപിക്ക് മൂന്ന് അംഗങ്ങള്‍ ഭരണ
സമിതിയിലുണ്ട്. രണ്ട് പേര്‍ പരിപാടിയില്‍ നിന്ന് വിട്ടു നിന്നിരുന്ന
സാഹചര്യത്തില്‍ കുമാര്‍ പങ്കെടുത്തതാണ് വിവാദമായിരിക്കുന്നത്.

സ്വന്തം പാര്‍ട്ടിയുടെ നയത്തിന് എതിരായി പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം നിന്ന കെ കുമാറിനെതിരെ നടപടി വേണമെന്നാണ് ബിജെപിക്ക് പുറമെ ആര്‍എസ്എസിന്റെയും ആവശ്യം. കുമാറിന്റെ പ്രവര്‍ത്തി പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടായെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് കത്ത് നല്കിയതായും അറിയുന്നു.

പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിനായി കരട് വിജ്ഞാപനം പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെതിരെയാണ് വണ്ടന്മേട് പഞ്ചായത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം പുറ്റടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ബിജെപി നേതാവ് കെ കുമാര്‍ പങ്കെടുത്തത് സംബന്ധിച്ച വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പാര്‍ട്ടിക്ക് തിരിച്ചടിയായി. ജില്ലയിലെ മുതിര്‍ന്ന നേതാവ് തന്നെ പങ്കെടുത്തതാണ് ജില്ലാ നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

കാലങ്ങളായി വണ്ടന്മേട്ടില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം

വണ്ടന്മേട് പഞ്ചായത്തില്‍ ഏതാനും കാലഘട്ടങ്ങളായി കൃത്യമായും ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി അംഗങ്ങള്‍ വിട്ടു നില്‍ക്കുന്നത് മൂലം കോണ്‍ഗ്രസായിരുന്നു ഭരണം കൈയാളിയിരുന്നത്. ഈ തവണ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഇടതു
മുന്നണി അധികാരത്തില്‍ വന്നിരുന്നു. എന്നാല്‍ കാമുകനുമായി ചേര്‍ന്ന് എംഡിഎംഎ വെച്ച് ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ എല്‍ഡിഎഫ് അംഗം സൗമ്യ എബ്രഹാം രാജിവച്ചിരുന്നു. ഇവിടെ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതോടെ സ്വതന്ത്രനെ ബിജെപി പിന്തുണയോടെ പ്രസിഡന്റാക്കി കോണ്‍ഗ്രസ് ഭരണം നടത്തുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇടതുമുന്നണി അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. അവിശ്വാസ പ്രമയത്തെ പിന്തുണയ്ക്കാമെന്ന് ബിജെപി ഉറപ്പു നല്കിയതിനാലാണ് നോട്ടീസ് നല്‍കിയത് .എന്നാല്‍ വോട്ടെടുപ്പ് ദിവസം ഇവര്‍ കുറുമാറി. ഇതിന് പിന്നിലും കുമാറിന്റെ ഇടപെടലുകളാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അതേസമയം ബിജെപി അംഗമായി വിജയിച്ച ജി.പി രാജന്‍ സമീപ കാലത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നതായും പറയപ്പെടുന്നു. ഇയാളെ ഏതാനും മാസം മുമ്പ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ബിജെപി പുറത്താക്കിയിരുന്നു. ബിജെപി പുറത്താക്കിയതോടെ കോണ്‍ഗ്രസില്‍ കയറി കൂടിയ ജി.പി രാജന്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും നീക്കം തുടങ്ങിയതായും വിവരമുണ്ട്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…