രാജസ്ഥാനില്‍ പോയി രണ്ടു മോഷണക്കേസ് പ്രതികളെ കീഴടക്കി: പ്രതികള്‍ വെടിവച്ചിട്ടും കൈവിടാത്ത മനഃസാന്നിധ്യം: ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ അഞ്ച് ഉദേ്യാഗസ്ഥര്‍ക്ക് മൂന്നു ദിവസം ഡ്യൂട്ടി ഓഫ് അനുവദിച്ച് റൂറല്‍ എസ്.പി

0 second read
Comments Off on രാജസ്ഥാനില്‍ പോയി രണ്ടു മോഷണക്കേസ് പ്രതികളെ കീഴടക്കി: പ്രതികള്‍ വെടിവച്ചിട്ടും കൈവിടാത്ത മനഃസാന്നിധ്യം: ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ അഞ്ച് ഉദേ്യാഗസ്ഥര്‍ക്ക് മൂന്നു ദിവസം ഡ്യൂട്ടി ഓഫ് അനുവദിച്ച് റൂറല്‍ എസ്.പി
0

കൊച്ചി: സ്വജീവന്‍ പോലും തൃണവല്‍ഗണിച്ച് കൊടുംക്രിമനലുകളായ മോഷണക്കേസ് പ്രതികളെ രാജസ്ഥാനില്‍ പോയി അറസ്റ്റ് ചെയ്ത ആലുവ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ അഞ്ചു പൊലീസ് ഉദേ്യാഗസ്ഥര്‍ക്ക് മൂന്നു ദിവസത്തെ ഡ്യൂട്ടി ഓഫ് അനുവദിച്ച് എറണാകുളം റൂറല്‍ പോലീസ് മേധാവി വൈഭവ് സക്‌സേന.

എസ്‌ഐ എസ്.എസ്. ശ്രീലാല്‍, സിപിഓമാരായ മുഹമ്മദ് അമീര്‍, വി.എ. അഫ്‌സല്‍, മഹിന്‍ഷ അബൂബക്കര്‍, കെ.എം. മനോജ് എന്നിവര്‍ക്കാണ് ഡ്യൂട്ടി ഓഫ് അനുവദിക്കാന്‍ എറണാകുളം റൂറല്‍ പൊലീസ് മേധാവി ഉത്തരവിട്ടത്. രാജസ്ഥാനിലെ അജ്മീറില്‍ നിന്ന് രണ്ട് വാഹനമോഷ്ടാക്കളെ സാഹസികമായി കസ്റ്റഡിയില്‍ എടുത്ത പോലീസ് ടീമംഗങ്ങളാണ് ഇവര്‍. മോഷ്ടാക്കള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തിരുന്നു. ഇവരുടെ പ്രവര്‍ത്തനം അംഗീകരിക്കപ്പെടേണ്ടതാണെന്ന് എസ്.പിയുടെ ഉത്തരവില്‍ പറയുന്നു. വളരെയധികം ശാരീരിക മാനസിക സമ്മര്‍ദം അനുഭവിച്ചാണ് പൊലീസ് സേന പ്രതികളെ പിടികൂടിയത്. സ്വന്തം ജീവന്‍ പോലും പണയം വച്ചായിരുന്നു അവരുടെ നടപടി.

അവരുടെ പ്രവര്‍ത്തനം കേരളാ പൊലീസിന് ഒരു മുതല്‍ക്കൂട്ടാണ്. ഈ ടീമംഗങ്ങള്‍ക്ക് കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിച്ച് മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിന് വേണ്ടിയാണ് മൂന്ന് ദിവസത്തെ ഡ്യൂട്ടി ഓഫ് അനുവദിക്കുന്നത്. ഇവര്‍ക്കായി ഒരു ഒത്തുകൂടല്‍ സംഘടിപ്പിക്കാന്‍ ആലുവ ഡിവൈ.എസ്.പിയോട് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതില്‍ മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കാനും ഈ പൊലീസുകാരുടെ കുടുംബാംഗങ്ങളോട് അഭിനന്ദനം അറിയിക്കുന്നതിനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നടന്ന വാഹനമോഷണക്കേസുകളിലെ പ്രതികളെ തേടിയാണ് അഞ്ചംഗ കേരളാ പൊലീസ് സംഘം അജ്മീറില്‍ എത്തിയത്. രാജസ്ഥാന്‍ പൊലീസിലെ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. മോഷ്ടാക്കളുമായുള്ള ഏറ്റുമുട്ടലില്‍ അദ്ദേഹത്തിന് പരുക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു. മോഷ്ടാക്കള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു. ഇതിനിടയിലും ഉത്തരാഖണ്ഡ് സ്വദേശികളായ ഡാനിഷ് (23), സജാദ് (33) എന്നീ മോഷ്ടാക്കളെ കേരളാ പൊലീസ് സംഘം സാഹസികമായി പിടികൂടി.

ഫെബ്രുവരി ഒമ്പതിന് ആലുവ കുട്ടമശേരി വായനശാല ജങ്ഷനില്‍ മുഹമ്മദ് അലി, 10 ന് പവര്‍ഹൗസ് ജങ്ഷനിലെ ബാബു ഔസേഫ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. മുഹമ്മദ് അലിയുടെ വീട്ടില്‍ നിന്ന് 18 പവന്‍ സ്വര്‍ണാഭരണങ്ങളും 13,000 രൂപയുമാണ് മോഷ്ടിച്ചത്. ബാബു ഔസേപ്പിന്റെ വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും കൊണ്ടു പോയി. ഒരേ സംഘം തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് സൂചന നല്‍കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പെരുമ്പാവൂരില്‍ നിന്ന് േോഷ്ടിച്ച ബൈക്കിലാണ് രണ്ടംഗ സംഘം ആലുവയില്‍ എത്തി ആദ്യ മോഷണം നടത്തിയത്.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാക്കള്‍ മധ്യപ്രദേശിലുണ്ടെന്ന് മനസിലായി. ഫെ്രബുവരി 18 ന് എസ്‌ഐ ശ്രീലാലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ പൊലീസ് സംഘം അവിടേക്ക് തിരിച്ചു. കാറിലാണ് ഇവര്‍ പോയത്. അവിടെ ചെന്നപ്പോള്‍ മോഷ്ടാക്കള്‍ അജ്മീറിലേക്ക് കടന്നുവെന്ന് വിവരം ലഭിച്ചു. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് കവര്‍ച്ച നടത്തുന്നതാണ് മോഷ്ടാക്കളുടെ രീതിയെന്ന് മനസിലായി. 20 ന് വൈകിട്ട് കേരളാ പോലീസ് സംഘം അജ്മീറില്‍ എത്തി. എസിപി സ്വര്‍ണ കാംബിളിനെ കണ്ട ശേഷം മോഷ്ടാക്കളെ പിടികൂടാന്‍ പദ്ധതി തയാറാക്കി. മോഷ്ടാക്കളുടെ ലൈവ് ലൊക്കേഷന്‍ കാണിച്ചത് അജ്മീര്‍ ഷരീഫ് ദര്‍ഗയിലായിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് ഒരു പരിശോധന നടത്തി മോഷ്ടാക്കള്‍ ദര്‍ഗ പരിസരത്തുണ്ടെന്ന് ഉറപ്പിച്ചു.

ഇവരെ വളഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ട് ഓടി. ഓട്ടത്തിനിടയില്‍ മോഷ്ടാക്കളില്‍ ഒരാള്‍ റിവോള്‍വര്‍ എടുത്ത് മൂന്നു റൗണ്ട് വെടിയുതിര്‍ത്തു. എസിപിക്ക് നിസാരപരുക്കേറ്റു. വെടിവയ്പിനിടയിലും കേരളാ പൊലീസ് ടീം മോഷ്ടാക്കളെ പിന്തുടര്‍ന്നു. അരമണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ ദര്‍ഗയ്ക്ക് സമീപത്തെ മാര്‍ക്കറ്റില്‍ നിന്ന് രണ്ടു മോഷ്ടാക്കളെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

റൂറല്‍ എസ്.പിയുടെ നടപടിയില്‍ പൊലീസ് സേനയില്‍ സന്തോഷം

അജ്മീറില്‍ പോയി മോഷ്ടാക്കളെ പിടികൂടിക്കൊണ്ടു വന്ന അഞ്ചംഗ പൊലീസ് സംഘത്തിന് ഡ്യൂട്ടി ഓഫ് നല്‍കിയ റൂറല്‍ എസ്്പി വൈഭവ് സക്‌സേനയുടെ നടപടി പൊലീസ് സേനയില്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ഇങ്ങനെ വേണം മേലുദ്യോഗസ്ഥര്‍ എന്നാണ് സേനയിലുള്ളവര്‍ പറയുന്നത്. ജീവന്‍ പണയം വച്ച് പ്രതികളെ പിടികൂടിയ പൊലീസുകാരെ മാത്രമല്ല, അവരുടെ കുടുംബത്തെ കൂടിയാണ് എസ്പി കരുതിയിരിക്കുന്നത്. അവര്‍ക്ക് വേണ്ടി ഒരു ഒത്തുചേരല്‍ സംഘടിപ്പിക്കാനുള്ള ശ്രമവും അഭിനന്ദിക്കപ്പെട്ടു. അമിതമായി ഡ്യൂട്ടിയിട്ടും മാനസിക സമ്മര്‍ദവുമേറ്റിയും ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നവരാണ് ചില മേലധികാരികള്‍. ഇവിടെ ചെയ്ത സേവനത്തിന് അംഗീകാരവും അഭിനന്ദനവും നല്‍കിയത് പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കട്ടെ എന്നും സേനയിലുള്ളവര്‍ പറയുന്നു.

പൊലീസുകാരുടെ ഗ്രൂപ്പില്‍ വന്ന ഒരു സന്ദേശം ഇങ്ങനെ:
അറിവ്,വിദ്യാഭ്യാസം വിവരം,വിവേകം എന്നത് ഒരു സേനയില്‍ എങ്ങനെ പ്രവര്‍ത്തികം ആക്കണം എന്ന് മാതൃകപരമായി കാണിച്ചു തരുന്ന ഓഫീസര്‍
ഡിപിസി എറണാകുളം റൂറല്‍..
ഇദ്ദേഹത്തെ ചൂണ്ടി പറയാം ….
ഐപിഎസ് എന്നത് പഠിച്ചു കിട്ടേണ്ട ഒന്ന് തന്നെ ആണ്. വെറുതെ കിട്ടിയതല്ല എന്ന്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നാടിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റു വാങ്ങി: കണ്ണന്‍ ഇനി കണ്ണീരോര്‍മ

പത്തനംതിട്ട: അകാലത്തില്‍ അന്തരിച്ച ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി. കണ്ണന്റെ മൃതദേഹവും വഹിച…