മകരവിളക്ക് തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ക്രമീകരണങ്ങളെന്ന് എ.ഡി.എം: സ്‌പോട്ട് ബുക്കിങ് പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് മാറ്റി

0 second read
Comments Off on മകരവിളക്ക് തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ക്രമീകരണങ്ങളെന്ന് എ.ഡി.എം: സ്‌പോട്ട് ബുക്കിങ് പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് മാറ്റി
0

ശബരിമല: മകരവിളക്ക് ഉത്സവ ദിവസങ്ങളില്‍ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനും തിരക്ക് നിയന്ത്രിക്കാനും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ശബരിമല എ.ഡി.എം അരുണ്‍ എസ്. നായര്‍ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തിന്റെയും ഉന്നതതല യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 12 മുതല്‍ 14 വരെ വെര്‍ച്വല്‍ ക്യൂ യഥാക്രമം അറുപതിനായിരം, അമ്പതിനായിരം, നാല്‍പ്പതിനായിരം എന്നിങ്ങനെ നിജപ്പെടുത്തും. ഈ ദിവസങ്ങളിലേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്നലെ മുതല്‍ സ്‌പോട്ട് ബുക്കിങ് 5000 ആണ്. 13 വരെ 5000 ആയും 14 ന് 1000 ആയും പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ മുതല്‍ സ്‌പോട്ട് ബുക്കിങ് പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 10 കൗണ്ടറുകള്‍ നിലയ്ക്കലില്‍ ആരംഭിക്കുന്നുണ്ട്. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് ഇല്ലാത്തവര്‍ നിലയ്ക്കല്‍ ഇറങ്ങി സ്‌പോട്ട് ബുക്കിങ് ചെയ്ത ശേഷം പമ്പയിലേക്ക് വരണം.
പമ്പ ഹില്‍ ടോപ്പിലെ വാഹന പാര്‍ക്കിംഗിലും മകരവിളക്കുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ ഉണ്ട്. 12 ന് രാവിലെ എട്ടു മുതല്‍ 15 ന് ഉച്ച കഴിഞ്ഞ് രണ്ടു മണി വരെ ഹില്‍ടോപ്പിലെ പാര്‍ക്കിങ് അനുവദിക്കില്ല. അടിയന്തിര പ്രാധാന്യമുള്ള വാഹനങ്ങള്‍, മകരവിളക്ക് കഴിഞ്ഞ് ഇറങ്ങുന്ന ഭക്തരെ കൊണ്ടുപോകാനുള്ള കെ.എസ്.ആര്‍.ടി.സിയും മാത്രമാണ് അനുവദിക്കുക. ഈ ദിവസങ്ങളില്‍ ഭക്തരുടെ വാഹനങ്ങള്‍ ചാലക്കയം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിങിന് സൗകര്യം ഒരുക്കും.

എരുമേലി കാനന പാത വഴിയുള്ള തിരക്ക് നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാഗമായി നാളെ മുതല്‍ 14 വരെ ചടങ്ങുകളുടെ ഭാഗമായ അമ്പലപ്പുഴ, ആലങ്ങാട് സംഘാംഗങ്ങള്‍ക്ക് മാത്രമാണ് മുക്കുഴി വഴിയുള്ള കാനനപാത ഉപയോഗപ്പെടുത്താന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. അതുവഴി വരുന്ന മറ്റ് ബുക്കിങുള്ള ഭക്തര്‍ പമ്പയില്‍ എത്തി സന്നിധാനത്ത് പ്രവേശിക്കാം.
സന്നിധാനത്തും പരിസരത്തും ഭക്തര്‍ അനധികൃതമായി പാചകം ചെയ്യുന്നത് ഒഴിവാക്കണമെന്നും ഇത് നിയന്ത്രിച്ച് ഉത്തരവിറങ്ങിയതായും അദ്ദേഹം അറിയിച്ചു.

അന്നദാനം സൗജന്യമായി ദേവസ്വം ബോര്‍ഡ് നല്‍കുന്നുണ്ട്. ഹോട്ടലും മറ്റ് സംവിധാനങ്ങളും ഉണ്ട്. അതുകൊണ്ടു തന്നെ ഭക്തര്‍ക്ക് ഭക്ഷണത്തിനും കുടിവെള്ളത്തിനും യാതൊരു ബുദ്ധിമുട്ടുമില്ല. വനപ്രദേശങ്ങളില്‍ ഉള്‍പ്പെടെ പാചകവാതകം പോലെയുള്ള സാമഗ്രികള്‍ കൊണ്ടുവന്ന് പാചകം പാടില്ല. സുരക്ഷ മുന്‍നിര്‍ത്തി ഇത് അനുവദിക്കില്ല. തീര്‍ത്ഥാടകര്‍ക്ക് അനുവദനീയമായ പാതകളിലൂടെയല്ലാതെ ഭക്തര്‍ അനധികൃതമായി വനത്തിനുള്ളില്‍ പ്രവേശിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നും ഇത് കുറ്റകരമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഘോഷയാത്രയില്‍ കൂടുതല്‍ ആളുകള്‍ എത്തുന്ന വലിയാനവട്ടത്ത് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ ബാരിക്കേഡിങ്, ഫയര്‍ ഫോഴ്‌സിന്റെയും ആരോഗ്യ ടീമിന്റെയും ഓരോ അധിക യൂണിറ്റ് എന്നിവ വിന്യസിക്കും. മകരവിളക്കുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും പോലീസിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും എ.ഡി.എം അറിയിച്ചു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

പതിനാറുകാരിയെ തമിഴ്‌നാട്ടിലെത്തിച്ച് ദിവസങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും

പത്തനംതിട്ട: പതിനാറുകാരിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം കൂടെ താമസിപ്പി…