കോന്നി: ളാക്കൂര്‍ സ്വദേശികളായ ദമ്പതികളെ കുവൈറ്റിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രമാടം ളാക്കൂര്‍ പുത്തേത്ത് പുത്തന്‍ വീട്ടില്‍ സൈമണ്‍- ലിസി ദമ്പതികളുടെ ഏക മകന്‍ സൈജു സൈമണ്‍ (34), ഭാര്യ ജീന (33) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സല്‍മിയായിലെ താമസ സ്ഥലത്ത് സൈജുവിനെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് എത്തിയ പോലീസ് ഇവരുടെ താമസ സ്ഥലം പരിശോധിച്ചു. മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കയറിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജീനയെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ ആംബുലന്‍സ് ജീവനക്കാരനാണ് സൈജു. ജീന അദ്ധ്യാപികയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം. രണ്ടു പേരുടെയും രണ്ടാം വിവാഹമാണ്. ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
ജീനയെ കൊലപ്പെടുത്തിയ ശേഷം സൈജു ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. കുവൈറ്റിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കും. സിനി, സിമി എന്നിവര്‍ സൈജുവിന്റെ സഹോദരിമാരാണ്. എല്ലാവരും കുടുംബസമേതം കുവൈറ്റിലായിരുന്നു. പിതാവ് സൈമണ്‍, മാതാവ് ആലീസ്, സൈജുവിന്റെ മകന്‍ എന്നിവര്‍ നാട്ടിലെ കുടുംബ വീട്ടിലാണ് താമസിക്കുന്നത്. മൂത്ത സഹോദരിയും ഭര്‍ത്താവും കുവൈറ്റിലുണ്ട്. സൈജുവിനും, അളിയനും വേണ്ടി ഒരു പോലെ രണ്ട് വീടുകള്‍ അടുത്തടുത്തായി നിര്‍മിച്ചു വരികയാണ്.