ആന്റോ ആന്റണി ഇക്കുറി തോല്‍ക്കും: കെപിസിസി പ്രസിഡന്റിന് പണം ധൂര്‍ത്തടിക്കുന്ന ജോലി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സജി ചാക്കോയും ബാബു ജോര്‍ജും സിപിഎമ്മില്‍: ഇന്ന് അംഗത്വം സ്വീകരിക്കും

0 second read
Comments Off on ആന്റോ ആന്റണി ഇക്കുറി തോല്‍ക്കും: കെപിസിസി പ്രസിഡന്റിന് പണം ധൂര്‍ത്തടിക്കുന്ന ജോലി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സജി ചാക്കോയും ബാബു ജോര്‍ജും സിപിഎമ്മില്‍: ഇന്ന് അംഗത്വം സ്വീകരിക്കും
0

പത്തനംതിട്ട: ഡി.സി.സി മുന്‍ പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബാബു ജോര്‍ജും മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡോ. സജി ചാക്കോയും സിപിഎമ്മില്‍ ചേര്‍ന്നു. ഇന്ന് വൈകിട്ട് നാലിന് പത്തനംതിട്ടയില്‍ നടക്കുന്ന യോഗത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇരുവര്‍ക്കും അംഗത്വം നല്‍കും. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയാണ് രണ്ടു പേരും പാര്‍ട്ടിഎ വിടുന്നത്.

നവകരളസദസില്‍ ഇരുവരും പങ്കെടുത്ത് പിണറായിക്ക് മുന്നില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇരുവരും സി.പി.എമ്മില്‍ ചേരുമെന്ന് ഇതോടെ ഉറപ്പായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലുടെ ബാബുജോര്‍ജ് ഡി.സി.സി നേതൃത്വത്തിനും ആന്റോ ആന്റണി എം.പിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.ആന്റോ ആന്റണി ഇനി തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ഏതറ്റംവരെയും പോകുമെന്നാണ് ബാബു ജോര്‍ജ് പറയുന്നത്. ജില്ലയില്‍ സി. പി. എമ്മില്‍ ചേരുന്ന രണ്ടാമത്തെ ഡിസിസി പ്രസിഡന്റാണ് ബാബു ജോര്‍ജ്. ആദ്യംചേര്‍ന്നത് അഡ്വ. പീലിപ്പോസ് തോമസായിരുന്നു. 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.

മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സജി ചാക്കോയ്‌ക്കെതിരെ കെ.പി.സി.സിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. മുതിര്‍ന്ന നേതാവ് പി.ജെ. കുര്യനെതിരെയും പുറത്താക്കപ്പെട്ട നേതാക്കള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. പീലിപ്പോസ് തോമസ് മുതലുളളവര്‍ പാര്‍ട്ടി വിടാന്‍ പ്രധാന കാരണക്കാരന്‍ പി.ജെ. കുര്യനാണെന്നാണ് ഇവര്‍ പറയുന്നത്.
ഡി.സി.സി ഓഫിസില്‍ ജില്ലാ പുനഃസംഘടനാ സമിതി ചേര്‍ന്നപ്പോഴുണ്ടായ സംഭവങ്ങളിലാണ് കെ.പി.സി.സി ബാബു ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തത്. ബാബു ജോര്‍ജ് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. ബാബു ജോര്‍ജ് കതകില്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. പുനഃസംഘടനയില്‍ ഉടക്കി എ ഗ്രൂപ്പ് യോഗത്തില്‍ നിന്ന് മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ പി.മോഹന്‍രാജ്, ബാബു ജോര്‍ജ് തുടങ്ങിയവര്‍ ഇറങ്ങിപ്പോവുകയായിരുന്നു.

മാറ്റിനിര്‍ത്തിയവരെക്കൂടി പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന ഇവരുടെ ആവശ്യം നിലവിലെ നേതൃത്വം തള്ളിയതോടെയാണ് രൂക്ഷമായി സംസാരിച്ചശേഷം ഇറങ്ങിപ്പോയത്. പിന്നീട് തിരിച്ചെത്തിയ ബാബു ജോര്‍ജ് യോഗം നടക്കുന്ന മുറിയുടെ കതക് ചവിട്ടിത്തുറക്കുകയായിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ ഒരു രണ്ടാം നിരയെ വാര്‍ത്തെടുക്കാന്‍ നേതാക്കള്‍ സമ്മതിക്കില്ലെന്ന് ബാബു ജോര്‍ജും സജി ചാക്കോയും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

സിപിഎമ്മിന് ശക്തമായ കേഡര്‍ സംവിധാനമുണ്ട്. ഒരു നേതാവിനെ ആശ്രയിച്ചല്ല പാര്‍ട്ടി മുന്നോട്ട് പോകുന്നത്. അവിടെ നേതാക്കളുടെ നീണ്ട നിര തന്നെയുണ്ട്. കോണ്‍ഗ്രസില്‍ ഒരാള്‍ ഒരു സീറ്റില്‍ വിജയിച്ചാല്‍ പിന്നെ അത് അവരുടെ കുത്തകയാണ്. അവര്‍ മരിച്ചാല്‍ മക്കള്‍ക്കാകും സീറ്റ് ലഭിക്കുക. മറ്റുള്ളവര്‍ വിറകുവെട്ടികളും വെള്ളംകോരികളുമാക്കി അവിടെ തളച്ചിടും. പിരിച്ചെടുക്കുന്ന പണം ധൂര്‍ത്തടിക്കുന്ന ജോലിയാണ് കെ.പി.സി.സി പ്രസിഡന്റിന്. ട്രഷറര്‍ ആയിരുന്ന പ്രതാപചന്ദ്രന്‍ മരിക്കാന്‍ കാരണം പ്രസിഡന്റിന്റെയും ചില നേതാക്കളുടെയും ധൂര്‍ത്താണ്. പത്തനംതിട്ടയില്‍ ആന്റോ ആന്റണി തോല്‍ക്കുമെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. ഈ പാര്‍ട്ടിയില്‍ പ്രതികരിക്കുന്നവരെ വേണ്ട. തൃശൂര്‍ സമ്മേളനത്തില്‍ കെ.സി വേണുഗോപാലിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്നത് കണ്ടു. നാണം കെട്ട പരിപാടിയല്ലേ എന്നും നേതാക്കള്‍ ചോദിച്ചു.
കേരളത്തില്‍ മതന്യൂനപക്ഷങ്ങളെ രക്ഷിക്കാന്‍ സി.പി.എമ്മിന് മാത്രമേ കഴിയൂ എന്ന് ഇരുവരും അവകാശപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ കാരണമായത് പാര്‍ട്ടി നേതൃത്വം എടുത്ത നിലപാടുകളാണ്. പാര്‍ട്ടി വേദികളില്‍ ഞങ്ങള്‍ പറയുന്ന അഭിപ്രായം ഇപ്പോഴത്തെ നേതൃത്വം അംഗീകരിക്കില്ല. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ് എന്നും നേതാക്കള്‍ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…