തിരുവല്ല: പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ പദവി മറക്കുന്നുവെന്നും പഴയ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി അദ്ദേഹം മാറുന്നു എന്നും ക്രൈസ്തവ നേതൃത്വത്തെ അപമാനിക്കുന്നതിലൂടെ മറ്റ് ചിലരെ പ്രീണിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഇടത് മന്ത്രിസഭയുടെ പല നടപടികളും എന്നും കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പറഞ്ഞു.
സാംസ്‌കാരിക മന്ത്രിയുടെ സംസ്‌കാരമാണ് പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്ത് വരുന്നത്. പാലോളി കമ്മിഷന്‍ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം നടപ്പിലാക്കിയ ഇടത് സര്‍ക്കാര്‍ ജസ്റ്റീസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും മറക്കുന്നത് സര്‍ക്കാരിന്റെ ഇരട്ടമുഖം വെളിവാക്കുന്നു. വിരുന്നുകളില്‍ പങ്കെടുത്ത് നിലപാട് മാറ്റുന്നത് ബിഷപ്പുമാരല്ല, മറിച്ച് മറ്റ് പലരുമാണെന്നത് കേരള സമൂഹം സമീപ കാലത്ത് വീക്ഷിച്ച ചില സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. താന്‍ ഉള്‍പ്പെട്ട കേസില്‍ വിധി പറയുന്നവരെ വിളിച്ചുവരുത്തി സല്‍ക്കരിച്ച മുഖ്യമന്ത്രിയുടെ ഓര്‍മ്മയായിരിക്കാം മന്ത്രിയെക്കൊണ്ട് ഇപ്രകാരം പറയിച്ചത്. പ്രധാനമന്ത്രി ക്രിസ്മസ് വിരുന്ന് നടത്തിയതില്‍ ഹാലിളകിയിട്ട് കാര്യമില്ല. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ നിയമനങ്ങളിലെ ഇരട്ടത്താപ്പ് മാറ്റുവാനും െ്രെകസ്തവ സമൂഹത്തിന് അനുകൂലമായി ഉണ്ടായ ഹൈക്കോടതി വിധിയില്‍ െ്രെകസ്തവര്‍ക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുവാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
തെരഞ്ഞെടുപ്പ് കാലത്ത് അരമനകളില്‍ കയറിയിറങ്ങിയ ചരിത്രം സജി ചെറിയാന്‍ മറക്കുന്നു. മുഖ്യമന്ത്രി വിളിച്ച് ചേര്‍ക്കുന്ന മീറ്റിങുകളില്‍ പങ്കെടുക്കുന്നത് ശരിയെന്ന് പറയുന്നവര്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവരെ അപമാനിക്കുന്നത് അപലപനീയമാണ്. പ്രസ്താവന പിന്‍വലിച്ച് സജി ചെറിയാന്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.