തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നതു പോലെയല്ല, ജീവനക്കാര്‍ക്കുള്ള സാലറി ചലഞ്ച് നിര്‍ബന്ധിതം തന്നെ. ഹൈക്കോടതിയുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഉത്തരവില്‍ സാലറി ചലഞ്ച് നിര്‍ബന്ധിതമല്ലെന്ന് പറയുന്നുണ്ടെങ്കിലും പ്രോവിഡന്റ് ഫണ്ട് വായ്പ എടുക്കണമെങ്കില്‍ അതില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടി വരുമെന്നതാണ് സ്ഥിതി. ജീവനക്കാരന്‍ സിഎംഡിആര്‍എഫിലേക്ക് സംഭാവന ചെയ്യാത്തതിനാല്‍ പ്രോവിഡന്റ് ഫണ്ട് വായ്പയ്ക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്നാണ് സ്പാര്‍ക്ക് സോഫ്ട്‌വെയറില്‍ തെളിയുന്നത്. സാലറി ചലഞ്ച് സമ്മതപത്രം നല്‍കാത്ത ജീവനക്കാര്‍ അപേക്ഷ നല്‍കാന്‍ ശ്രമിക്കുമ്പോഴാണ് സ്പാര്‍ക്കില്‍ ഈ വിധം കാണുന്നത്.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചില്‍ അഞ്ചുദിവസത്തെ ശമ്പളം നല്‍കാത്ത ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് വായ്പ അപേക്ഷ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കില്‍ നിരസിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എന്‍.ജി.ഒ. സംഘ് ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ചിട്ടുള്ള തുക സ്വന്തം ആവശ്യങ്ങള്‍ക്ക് വായ്പയെടുക്കുന്നത് തടയുന്ന സര്‍ക്കാര്‍ നടപടി പൗരാവകാശ ലംഘനമാണ്. സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ മാത്രം സമ്മതപത്രം നല്‍കിയാല്‍ മതിയെന്ന് പറയുകയും മറ്റു മാര്‍ഗങ്ങളിലൂടെ ജീവനക്കാരെ ഭയപ്പെടുത്തി അതിന്റെ ഭാഗമാക്കുകയും ചെയ്യാനുള്ള ഗൂഢശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. താല്പര്യമുള്ളവര്‍ മാത്രം സമ്മതപത്രം നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി എല്ലാവരും സമ്മതപത്രം നല്‍കണമെന്ന് ഓഫീസ് മേധാവികള്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ച് നിര്‍ബന്ധപൂര്‍വ്വം ജീവനക്കാരെ സാലറി ചലഞ്ചില്‍ പങ്കെടുപ്പിക്കുന്നു. സര്‍ക്കാരിന്റെയും ഭരണാനുകൂല സംഘടനകളുടെയും പ്രീതി നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഓഫീസ് മേലാധികാരികള്‍ ഇത്തരത്തില്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കുന്നത്.
ഐ.എം. ജി. ഡയറക്ടര്‍ പുറത്തിറക്കിയ നിര്‍ബന്ധിത സര്‍ക്കുലറിനെതിരെ ഓഫീസില്‍ എന്‍.ജി.ഒ. സംഘ്. സംഘ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതോടെ സര്‍ക്കുലര്‍ പിന്‍വലിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇത്തരത്തില്‍ നിയമവിരുദ്ധ നടപടികളിലൂടെ ജീവനക്കാരുടെ സമ്മതമില്ലാതെ ഭീഷണിപ്പെടുത്തി ശമ്പളം പിടിച്ചെടുക്കാനുള്ള ഇടതു സര്‍ക്കാര്‍ ശ്രമം അനുവദിക്കില്ലെന്ന് എന്‍.ജി.ഓ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍, ജനറല്‍ സെക്രട്ടറി എസ്. രാജേഷ് എന്നിവര്‍ പറഞ്ഞു.