അടൂര്‍: ഉദ്ധരണികള്‍ ഉപയോഗിച്ച് പ്രമുഖരുടെ ഛായാചിത്രങ്ങള്‍ വരച്ച് റെക്കോഡുകള്‍ വാരിക്കൂട്ടുകയാണ് കടമ്പനാട് കൊച്ചു തറയില്‍ സന്തോഷ് ഭവനില്‍ ശരിജ (34). പത്തു പ്രശസ്തരുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഉദ്ധരണികള്‍ ഉപയോഗിച്ച് ടൈപ്പോഗ്രാഫിക് ഛായാചിത്രങ്ങള്‍ തയാറാക്കി ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നീ അംഗീകാരങ്ങള്‍ നേടി.
മകന്‍ അഭിനവ് പഠിക്കുന്ന കടമ്പനാട് കെ.ആര്‍. കെ.പി.എം ബി.എച്ച്.എസ് വി.എച്ച്.എസില്‍ ചെന്നപ്പോള്‍ സ്‌കൂള്‍ ഭിത്തികളില്‍ പതിച്ച മഹാന്മാരുടെ ചിത്രങ്ങള്‍ കണ്ടാണ് അവരുടെ തന്നെ ഉദ്ധരണികള്‍ കൊണ്ട് ചിത്രം രൂപപ്പെടുത്താന്‍ തീരുമാനിച്ചത്. മഹാത്മാ ഗാന്ധി, വില്യം ബട്ട്‌ലര്‍ ഈറ്റ്‌സ്, രവീന്ദ്രനാഥ ടാഗോര്‍, ഡോ.എ.പി.ജെ അബ്ദുള്‍ കലാം, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ , അരിസ്‌റ്റോട്ടില്‍, മലാല യൂസഫ് സായി, നെല്‍സണ്‍ മണ്ടേല, സ്വാമി വിവേകാനന്ദന്‍, കണ്‍ഫ്യൂഷസ് എന്നിവരുടെ ചിത്രങ്ങളാണ് രൂപപ്പെടുത്തിയത്. പഠിച്ചിട്ടില്ലെങ്കിലും ഓയില്‍ പെയിന്റിങ്, പെന്‍സില്‍ വര എന്നി മേഖലകളിലും ഇവര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.