അജോ കുറ്റിക്കന്‍
കോട്ടയം: സാത്താന്‍ വചനങ്ങള്‍ സജീവമാക്കി യുവജനത സാത്താന്‍ സേവയ്ക്ക് പിന്നാലെ. സോഷ്യല്‍ മീഡിയ വഴി പ്രചാരണം ശക്തമായതോടെ കൂടുതല്‍ യുവജനങ്ങള്‍ ഇതില്‍ തല്‍പരരായി രംഗത്ത് എത്തി. ലഹരിമരുന്നുകള്‍ക്ക് അടിമകളായിട്ടുള്ളവരും പ്രകൃതിവിരുദ്ധ കാര്യങ്ങളില്‍ ആകൃഷ്ടരായവരുമാണ് സാത്താന്‍ ഗ്രൂപ്പുകളിലേക്ക് ചെന്നെത്തുന്നത്.
സാത്താനെ ആരാധിക്കുന്നവരുടെ പ്രത്യേക കൂട്ടായ്മയാണ് ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സാമുഹ്യ മാധ്യമങ്ങളില്‍ ദീര്‍ഘകാലത്തെ ഇടവേളകള്‍ക്കു ശേഷം വീണ്ടും സജീവമാകുന്നത്. സാത്താനിക്, സാത്താന്‍, ദ് സാത്താനിക് ബൈബിള്‍ തുടങ്ങിയ പേജുകളും കമ്യൂണിറ്റികളുമാണ് സാത്താന്‍ ആരാധകര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫേസ് ബുക്കിലും ട്വിറ്ററിലും വാട്‌സാപ്പിലും ഇവരുടെ സാന്നിധ്യമുണ്ട്.
പ്രത്യക്ഷത്തില്‍ തങ്ങളുടെ ചിന്തകളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിനപ്പുറം മറ്റു ഗൂഢോദ്ദേശ്യങ്ങളൊന്നും ഇവര്‍ക്കുള്ളതായി അറിവില്ല. സാത്താന്‍ മഹത്വം ഉദ്‌ഘോഷിക്കുന്ന സാത്താനിക് ഫേസ് ബുക്ക് പേജുകളില്‍ സന്ദര്‍ശകരുടെ തിരക്കേറിയിട്ടുണ്ട്. പുതുതായി പേജ് സന്ദര്‍ശിക്കുന്നവര്‍ക്കു സാത്താന്‍ ആരാധനയെ കുറിച്ച് അറിവു പകരുന്നതിന് പുറമേ എങ്ങനെയുള്ളവരെയാണ് ആരാധനയില്‍ പങ്കാളികളാക്കുകയെന്ന് വിവരങ്ങളടങ്ങിയ പ്രൊഫൈലും തയാറാണ്.ധനമോഹികള്‍, പ്രശസ്തി കൊതിക്കുന്നവര്‍, പ്രതിഹാരദാഹികള്‍ തുടങ്ങിയവരെ സാത്താനിക് ആരാധനയില്‍ പങ്കെടുപ്പിക്കില്ല. സാത്താനാണ് യഥാര്‍ഥ ശക്തിയെന്ന് വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ഇത്തരം സൈറ്റുകളില്‍ പ്രവേശനമുള്ളു. 13 മുതല്‍ ഒന്‍പത് വയസുവരെയുള്ള കുട്ടികള്‍ക്കായി പ്രത്യേക ഗ്രൂപ്പുകളുണ്ട്. വിദേശ രാജ്യങ്ങളില്‍ സജീവമായ സാത്താനിക് ആരാധകര്‍ക്ക് കേരളത്തിലും കേന്ദ്രങ്ങളുണ്ട്. കോഴിക്കോട്,തൃശൂര്‍,എറണാകുളം, ആലപ്പുഴ, കോട്ടയം,ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ സാത്താന്‍ ആരാധകരുടെ നിഗൂഢ കേന്ദ്രങ്ങളുണ്ടെന്ന് വിവരമുണ്ട്.
2010 ല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇത്തരം അന്‍പതോളം കേന്ദ്രങ്ങള്‍ കേരളത്തിലുള്ളതായി കണ്ടെത്തിയിരുന്നു. ആരാധനാ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങളുണ്ട്. കൂട്ടായ്മയിലെ അംഗങ്ങളുടെ കൂടെയല്ലാതെ പുതുമുഖങ്ങളെ സ്വീകരിക്കില്ല. സംഘങ്ങളില്‍ രണ്ടു തരം അംഗങ്ങളാണുള്ളത്. സാധാരണ അംഗങ്ങളും സജീവ അംഗങ്ങളും. പ്രവര്‍ത്തന മികവും മറ്റു സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം സംഘം ക്ഷണിച്ചാലേ സജീവ അംഗം ആകാന്‍ കഴിയൂ. സജീവ അംഗങ്ങള്‍ക്ക് അഞ്ചുപടികളുണ്ട്.
അതില്‍ മൂന്നു മുതലുള്ള പടികളിലുള്ളവരാണ് പൂജകള്‍ അര്‍പ്പിക്കുക. തങ്ങളുടെ പൊതുജീവിതത്തെ ബാധിക്കും എന്നു തോന്നിയാല്‍ സംഘത്തിലെ അംഗത്വം രഹസ്യമായി വയ്ക്കാനുള്ള അവകാശം അംഗങ്ങള്‍ക്കുണ്ട്.എല്ലാ മാസവും പതിമൂന്നാം തീയതിയാണ് സാത്താന്‍ ആരാധന നടക്കുന്നത്. സാത്താനെ വാഴ്ത്തുന്ന ഗാനങ്ങളോടെയുള്ള ആരാധന മണിക്കൂറുകളോളം നീളും. മദ്യമടക്കമുള്ള ലഹരി വസ്തുക്കള്‍ ആരാധനയുടെ ഭാഗമാണ്. ആരാധന അവസാനിക്കുക നഗ്‌ന നൃത്തത്തിലും ശാരീരിക ബന്ധത്തിലുമാണ്.
ഏതാനും മാസം മുമ്പ് എറണാകുളം സെന്റ് തെരേസാസ് ആശ്രമ ദേവാലയത്തില്‍ നടന്ന കുര്‍ബാനയ്ക്കിടയില്‍ തിരുവോസ്തി കടത്താന്‍ ശ്രമിച്ച നാലു യുവാക്കളെ പിടികൂടിയതോടെയാണ് സാത്താന്‍ ആരാധനയുടെ പുതിയ മുഖം വെളിവായത്.
തിരുവോസ്തി കൈയില്‍ സ്വീകരിച്ച യുവാക്കള്‍ അത് പോക്കറ്റില്‍ നിക്ഷേപിക്കുന്നത് കണ്ട് വിശ്വാസികള്‍ യുവാക്കളെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. മലപ്പുറം, താനൂര്‍ സ്വദേശികളായ നാലുപേരെയാണ് വിശ്വാസികള്‍ പിടികൂടിയത്. സംഭവം അറിഞ്ഞെത്തിയ എറണാകുളം സെന്‍ട്രല്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.