
മെഴുവേലി: നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ മുരളി കണ്ട കഥകളി, ഊണിന്റെ മേളം, പരിസര പഠനത്തിലെ കലകളുടെ നാട്, ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ദ ലോസ്റ്റ് ചൈല്‍ഡ് എന്നീ പാഠങ്ങളുമായി ബന്ധപ്പെട്ട് കുട്ടികള്‍ നടത്തിയ അന്വേഷണാത്മക പഠനപ്രവര്‍ത്തനമാണ് നാട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും വേറിട്ട കാഴ്ചയായത്.
സ്കൂള്‍ എസ്ആര്‍ജിയില്‍ ചര്‍ച്ച ചെയ്ത് പിടിഎയുടെ പ്രത്യേക അനുവാദത്തോടെ അധ്യാപകരും കുട്ടികളും മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രത്തില്‍ നടക്കുന്ന ശിവരാത്രി ഉത്സവത്തില്‍ മൂന്നാം നാള് നടന്ന കഥകളിക്കാണ് പഠനയാത്ര തെരഞ്ഞെടുത്തത്. കഥകളി കലാകാരന്മാരെ നേരിട്ട് കാണുന്നതിനും അവരുമായി അനുഭവം പങ്കുവെക്കുന്നതിനും ക്ലാസ് മുറിയില്‍ അവര്‍ കണ്ടും കേട്ടും പഠിച്ച കാര്യങ്ങളുടെ നേരനുഭവം ആയിരുന്നു
ഉത്സവപ്പറമ്പിലെ ഈ കാഴ്ചകള്‍. കഥകളി വേഷങ്ങളുടെയും വാദ്യോപകരണങ്ങളുടെയും ചമയങ്ങളുടെയും എല്ലാ നേരനുഭവങ്ങളും അവര്‍ക്ക് ഇനിയും ഒരിക്കലും മറക്കാന്‍ കഴിയില്ല.
ഉത്തരാസ്വയംവരം കഥകളി കുഞ്ചന്‍ നമ്പ്യാരുടെ ഊണിന്റെ മേളം എന്ന ഓട്ടന്‍തുള്ളലിന്റെ കഥ കൂടിയാണ് എന്നറിയാവുന്ന കുട്ടികള്‍ കൂടുതല്‍ ആവേശത്തിലാണ് ഉത്സവപ്പറമ്പിലേക്ക് പോയത്.കാരണം ക്ലാസ് മുറിയില്‍ ഊണിന്റെ മേളം എന്ന പഠനാനുഭവം ഒരുക്കിയത് അവരുടെ മനസ്സിലുണ്ട്. ദ ലോസ്റ്റ് ചൈല്‍ഡ് എന്ന ഇംഗ്ലീഷ് പാഠത്തിലെ ഫെസ്റ്റിവല്‍ ഗ്രൗണ്ടില്‍ ഉള്ള തിക്കുംതിരക്കും കച്ചവടക്കാരും പാര്‍ക്കും എല്ലാം തന്നെ കുട്ടികള്‍ നേരില്‍ അനുഭവിച്ചു.
നാലാം ക്ലാസിലെ അധ്യാപകനായ പി.എസ്. ജീമോന്റെ നേതൃത്വത്തില്‍ പ്രധാനാധ്യാപിക സീമ മാത്യുവിന്റെ നിര്‍ദ്ദേശപ്രകാരം രക്ഷിതാക്കളും ഉത്സവ കമ്മിറ്റിയും കടപ്ര ദേവിവിലാസം കഥകളിയോഗവും കഥകളി ആചാര്യനായ തലവടി അരവിന്ദന്, കലാമണ്ഡലം വിഷ്ണു, തിരുവല്ല മോഹന്‍, ഹരികുമാര്‍,
വിഷ്ണു മോഹന്‍, പരിമണം മധു, പന്തളം ഉണ്ണികൃഷ്ണന് എന്നിവരുടെ അകമഴിഞ്ഞ സഹകരണവും ഈ പഠനാനുഭവ പ്രവര്‍ത്തനത്തെ കൂടുതല്‍ മികവുറ്റതാക്കി.
വിദ്യാലയം മാത്രമല്ല പഠനകേന്ദ്രങ്ങള്‍ എന്ന് വരാന്‍ പോകുന്ന പാഠ്യ പദ്ധതി മുന്നോട്ടു വയ്ക്കുന്നുണ്ട് എന്ന തിരിച്ചറിവ് കൂടി നല്‍കുന്നതായിരുന്നു ഉത്സവ പഠന കാഴ്ചകള്‍ .കേരളത്തില്‍ ആദ്യമായിട്ടാണ് ഉത്സവപ്പറമ്പ് പഠനാനുഭവം ആക്കികൊണ്ട് ഒരു സ്കൂള്‍ മുന്നോട്ടുവന്നതെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകനും കേരള ശാസ്ത്ര സാഹിത്യത്തിന്റെ വിദ്യാഭ്യാസ സമിതി സംസ്ഥാന കണ്‍വീനറും എസ്എസ്കെയുടെ സംസ്ഥാന കോ-ഓഡിനേറ്ററുമായിരുന്ന ഡോ. ടി പി കലാധരന്‍ അഭിപ്രായപ്പെട്ടു.