അടൂര്‍: വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ മോഷണം പോയതാണെന്ന് യഥാര്‍ഥ ഉടമയെ വിളിച്ചപ്പോള്‍ വിവരം കിട്ടി. സിനിമാ സ്‌റൈല്‍ ചേസിനൊടുവില്‍ മോഷ്ടാവിനെ പിടികൂടി പോലീസിന് ശെകമാറി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. പത്തനാപുരം സ്വദേശിയായ അനീഷ് ഖാനെ (38) യാണ് പിന്തുടര്‍ന്ന് പിടികൂടിയത്. കുന്നിക്കോട് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലെ തൊണ്ടിയാണ് ഹിറോ മാസ്റ്റര്‍ സ്‌കൂട്ടര്‍.
തിങ്കള്‍ രാവിലെ 10 മണിയോടെ ഏഴംകുളത്തിന് സമീപം പ്ലാന്റേഷന്‍ മുക്കില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് അടൂര്‍ സ്‌ക്വാഡ് എംവിഐ ഷമീറിന്റ നേതൃത്വത്തില്‍ എ.എം.വി.ഐമാരായ സജിംഷാ, എസ്. വിനീത് എന്നിവര്‍ വാഹന പരിശോധന നടത്തുമ്പോഴാണ് സ്‌കൂട്ടര്‍ വന്നത്. ഹെല്‍മെറ്റ് ധരിക്കാതെ ഓടിച്ചു വന്ന ഇരുചക്ര വാഹനം നിര്‍ത്താന്‍ സിഗ്‌നല്‍ നല്‍കിയിട്ടും അപകടകരമായ രീതിയില്‍ ഏഴംകുളം ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. വാഹനത്തിന്റെ നമ്പര്‍ നോക്കി ഉടമയുടെ ഫോണ്‍നമ്പര്‍ കണ്ടെത്തി വിളിച്ചപ്പോള്‍ സ്‌കൂട്ടര്‍ പട്ടാഴി അമ്പലത്തിനു സമീപം വച്ച് കഴിഞ്ഞ ദിവസം മോഷണം പോയിട്ടുള്ളതാണെന്നും ഇതുസംബന്ധിച്ച പരാതി കുന്നിക്കോട് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയിട്ടുള്ളതായും വിവരം ലഭിച്ചു.
ഇതോടെ ഉദ്യോഗസ്ഥര്‍ സ്‌കൂട്ടര്‍ പോയ വഴിയിലൂടെ പിന്തുടര്‍ന്നു. തിരച്ചിലിനൊടുവില്‍ ഏഴംകുളം ഭാഗത്തു വെച്ച് അമിത വേഗതയില്‍ കൈപ്പട്ടൂര്‍ റോഡിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. പിന്തുടര്‍ന്ന് പോയി ഏഴംകുളം ഗവ.എല്‍.പി. എസിന് സമീപം വെച്ച് വാഹനം പിടികൂടുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. വാഹനം തടഞ്ഞിട്ടും രക്ഷപ്പെടാന്‍ മോഷ്ടാവ് ശ്രമിച്ചില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടൂര്‍ പോലീസ് എത്തി പ്രതിയെ ഏറ്റെടുത്തു. പിന്നീട് കുന്നിക്കോട് പോലീസിന് കൈമാറി.