വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ മുഴുവന്‍ മോഷ്ടിച്ച് സ്‌കൂട്ടറും കൈക്കലാക്കി മുങ്ങിയ കേസ്: രണ്ടാം പ്രതിയും അറസ്റ്റില്‍

0 second read
Comments Off on വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ മുഴുവന്‍ മോഷ്ടിച്ച് സ്‌കൂട്ടറും കൈക്കലാക്കി മുങ്ങിയ കേസ്: രണ്ടാം പ്രതിയും അറസ്റ്റില്‍
0

മല്ലപ്പള്ളി: ഒരു വീട് മുഴുവന്‍ കൊള്ളയടിച്ച് പണവും സ്വര്‍ണവുമായി മുറ്റത്തിരുന്ന സ്‌കൂട്ടറും മോഷ്ടിച്ച് കടന്ന കേസില്‍ രണ്ടാം പ്രതിയും കീഴ്‌വായ്പൂര്‍ പൊലീസിന്റെ പിടിയില്‍. തിരുവനന്തപുരം മണമ്പൂര്‍ പെരുംകുളം മല വിളപൊയ്ക മിഷന്‍ കോളനിയില്‍ എംവിപി ഹൗസില്‍ മുഹമ്മദ് യാസിനെ (22)യാണ് വെള്ളിയാഴ്ച രാത്രി 11 ന് കീഴ്‌വായ്പ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ആറ്റിങ്ങല്‍ കിഴുവല്ലം കാക്കാട്ടുകോണം ചാരുവിള വീട്ടില്‍ കണ്ണപ്പന്‍ എന്നുവിളിക്കുന്ന രതീഷി(35)നെ നേരത്തെ പിടികൂടിയിരുന്നു.

കുന്നന്താനം പാമല വടശേരില്‍ ശരത് പെരുമാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന പാമല ഈട്ടിക്കല്‍ പുത്തന്‍പുരയില്‍ വീട്ടിലാണ് പ്രതികള്‍ മോഷണം നടത്തിയത്. കഴിഞ്ഞ മാസം 13 ന് രാത്രി എട്ടിനും പിറ്റേന്ന് രാവിലെ 6.45 നുമിടയിലുമാണ് മോഷണം നടന്നത്. അടുക്കളവാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറി അലമാരയില്‍ സൂക്ഷിച്ച 28000 രൂപയും 112000 വിലവരുന്ന 20.50 ഗ്രാം സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച പ്രതികള്‍ മുറ്റത്ത് വച്ചിരുന്ന സ്‌കൂട്ടറുമെടുത്താണ് കടന്നത്.

തുടര്‍ന്ന കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി മോഷ്ടിച്ച സ്‌കൂട്ടറില്‍ കടന്ന ഒന്നാം പ്രതി രതീഷിനെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം പാലോട് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. രതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് യാസിനെ കുറിച്ച് വിവരം കിട്ടിയത്. വീടിന് സമീപത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കടയ്ക്കാവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ രതീഷിനൊപ്പം കൂട്ടുപ്രതിയാണ് ഇയാള്‍. ശാസ്ത്രീയ അന്വേഷണസംഘത്തിന്റെയും വിരലടയാള വിദഗ്ദ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ തെളിവുകള്‍ ശേഖരിച്ച് കീഴ്‌വായ്പ്പൂര്‍ പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്. മോഷ്ടിച്ച സ്വര്‍ണം, പണം എന്നിവ കണ്ടെടുക്കേണ്ടതുമുണ്ട്. കടയ്ക്കാവൂര്‍ സ്‌റ്റേഷനില്‍ കഞ്ചാവ് കേസിലും പ്രതിയാണ് യാസീന്‍. കീഴ്‌വായ്പ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐമാരായ ആദര്‍ശ്, സുരേന്ദ്രന്‍, എ എസ് ഐ ഉണ്ണികൃഷ്ണന്‍, എസ് സി പി ഓ അന്‍സിം, സി പി ഓമാരായ രതീഷ്, വിഷ്ണു, വരുണ്‍, ഇര്‍ഷാദ് എന്നിവരാണുള്ളത്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …