യുവാവിനെ കുത്തിക്കൊന്ന കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും: ഒന്നാം പ്രതി വിചാരണ സമയത്ത് ജീവനൊടുക്കി

0 second read
Comments Off on യുവാവിനെ കുത്തിക്കൊന്ന കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും: ഒന്നാം പ്രതി വിചാരണ സമയത്ത് ജീവനൊടുക്കി
0

പത്തനംതിട്ട:  മുന്‍വിരോധത്തിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അഡിഷണല്‍ സെഷന്‍സ് കോടതി. മലയാലപ്പുഴ ഏറം മുണ്ടക്കല്‍ ചെറിയത്ത് മേമുറിയില്‍ വീട്ടില്‍ പ്രസന്നനെ(56)യാണ് പത്തനംതിട്ട അഡിഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്.  അന്യായതടസം ചെയ്തതിന് മൂന്നുമാസം കഠിനതടവും വിധിച്ചു. കേസില്‍ ഒന്നാം പ്രതി മലയാലപ്പുഴ ഏറം മുണ്ടക്കല്‍ മുരുപ്പേല്‍ വീട്ടില്‍ സോമനാഥന്‍ വിചാരണയ്ക്ക് മുമ്പ് ആത്മഹത്യ ചെയ്തു.

2010 സെപ്റ്റംബര്‍ 19 ന് മലയാലപ്പുഴ കടുവാക്കുഴിയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ സുരേഷ് കുമാറാണ് സോമനാഥന്റെ കുത്തേറ്റ് മരിച്ചത്.  രണ്ടാം പ്രതി പ്രസന്നനെ പ്രേരണാക്കുറ്റത്തിനാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക സുരേഷിന്റെ ഭാര്യക്ക് നഷ്ടപരിഹാരമായി നല്‍കണം, പിഴയടച്ചില്ലെങ്കില്‍ ആറു മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു.
പ്രസന്നന്റെ സഹോദരിയുടെ വസ്തു ഇയാളുടെ എതിര്‍പ്പ് അവഗണിച്ച്  വാങ്ങി അവിടെ വീടുവച്ചതിന്റെ പേരില്‍ സുരേഷിന്റെ അച്ഛന്‍ സുകുമാരനെ വഴിയില്‍ ബന്ധുക്കളായ പ്രതികള്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിച്ചു. ഇതുകണ്ട് സുരേഷ് തടസം പിടിച്ചപ്പോള്‍  കുത്തുപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സുരേഷ് മരിച്ചു. പത്തനംതിട്ട എസ്.ഐ ആയിരുന്ന സി.എസ്. സുജാതയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എ. വിദ്യാധരനാണ് പ്രതികളെ അറസ്റ്റ്  ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരിശങ്കര്‍ പ്രസാദ് ഹാജരായി. ചെറുപ്പത്തില്‍ വിധവയാകേണ്ടി വന്ന യുവതിയുടെയും അച്ഛനെ നഷ്ടപ്പെട്ട കുഞ്ഞിന്റെയും സ്ഥിതി ബോധ്യപ്പെട്ട കോടതി, ഇരുവര്‍ക്കും 10 വര്‍ഷത്തോളം അനാഥാലയത്തില്‍ കഴിയേണ്ടി വന്ന സാഹചര്യം മുഖവിലയ്‌ക്കെടുക്കുകയും ചെയ്തു. ശിക്ഷ വിധിക്കുന്നതില്‍ ഇക്കാര്യങ്ങള്‍ നിര്‍ണായകമായി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെങ്കിലും, ജീവപര്യന്തം തടവ് നീതി നടപ്പാക്കുന്നതില്‍ പര്യാപ്തമാണെന്ന് കോടതി വിലയിരുത്തി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…