തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് സുരക്ഷാ സേനകള്‍ സംയുക്തമായി മോക്ഡ്രില്‍ നടത്തി. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ നിര്‍ദേശപ്രകാരം സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, തഹസില്‍ദാര്‍ സിനി മാത്യു എന്നിവരുടെ സാന്നിധ്യത്തില്‍ എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, കേരള പോലീസ് എന്നിവര്‍ സംയുക്തമായിട്ടാണ് ഡ്രില്‍ സംഘടിപ്പിച്ചത്.
ജോണ്‍സ് ഹോപ്ക്കിന്‍സ് സര്‍വകലാശാല, വെയ്ന്‍ സര്‍വകലാശാല, ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാല, വെല്ലൂര്‍ സി.എം.സി, ബാംഗ്ലൂര്‍ നിംഹാന്‍സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന രാജ്യാന്തര കോണ്‍ഫറന്‍സിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ദുരന്ത നിവാരണ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് നടത്തിയ രാജ്യാന്തര കോണ്‍ഫറന്‍സിന് യുണൈറ്റഡ് 24 എന്നാണ് പേര് നല്‍കിയിരുന്നത്. ഒരു കെട്ടിടം തകര്‍ന്നു വീണ് പുക ഉയരുന്നുവെന്നും ഇത് വിഷവാതകമാണോ എന്ന സംശയത്തില്‍ കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്ന സാഹചര്യമാണ് മോക്ക് ഡ്രില്ലിലൂടെ പ്രദര്‍ശിപ്പിച്ചത്. അപകട വിവരം അറിയിക്കപ്പെട്ടതിനെ തുടര്‍ന്ന് അതിവേഗം എത്തിയ ഫയര്‍ ആന്‍ഡന്റ് റെസ്‌ക്യൂ സംഘം കെട്ടിടത്തിനുള്ളില്‍ വിഷവാതകം ആണോ എന്ന് സംശയിച്ച് വിദഗ്ദ്ധ സംഘം എത്തി സുരക്ഷ വിലയിരുത്തി പരുക്കേറ്റവരെ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തിലേക്ക് മാറ്റി.
അതേ സമയം നിര്‍ദ്ദിഷ്ട കോഡ് പ്രഖ്യാപനം നടത്തി ആശുപത്രിയിലെ മെഡിക്കല്‍ സംഘം സജ്ജരായി. ആശുപത്രിയുടെ ദുരന്ത പ്രതിരോധ സാഹചര്യങ്ങളുടെ വിലയിരുത്തലുകളും മോക് ഡ്രില്ലിനിടയില്‍ നടന്നു.
കോണ്‍ഫറന്‍സില്‍ പങ്കെടുത്ത നാനൂറോളം പേര്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് മോക്ക് ഡ്രില്‍ പ്രതികരണങ്ങള്‍ രേഖപ്പെടുത്തി. കേരളത്തിലെ നിലവിലുള്ള ദുരന്ത നിവാരണ പ്രതിരോധ സംവിധാനത്തെ മോക്ക് ഡ്രില്ല് നിരീക്ഷിച്ച വിദേശ സര്‍വകലാശാല പ്രതിനിധികള്‍ അഭിനന്ദിച്ചു. മോക്ക് ഡ്രില്ലിന് ശേഷം ചര്‍ച്ച നടത്തി നിലവിലുള്ള സംവിധാനങ്ങള്‍ വിലയിരുത്തുകയും കൂടുതല്‍ ഫലപ്രദമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. പ്രകൃതി , മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളടക്കമുള്ള വിവിധ തരം പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്ന കേരളീയര്‍ക്ക് ഈ വിഷയത്തില്‍ ആവശ്യമായ ബോധവത്കരണവും പരിശീലനം നടത്തുവാനുമായി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി നടത്തുന്ന പരിശ്രമങ്ങളെ സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ അഭിനന്ദിച്ചു. ഡെപ്യൂട്ടി കമാന്‍ഡന്റ് എസ്. ശങ്കരപാണ്ഡ്യന്‍ നയിച്ച എന്‍.ഡി.ആര്‍.എഫ് സംഘം, അസി സ്‌റ്റേഷന്‍ മാസ്റ്റര്‍ കെ.എസ്.അജിത് നയിച്ച ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സംഘം, തിരുവല്ല സബ് ഇന്‍സ്‌പെക്ടര്‍ ജി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എന്നിവര്‍ മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു. കോന്നി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ സെന്റര്‍ സി.ഇ.ഓ ഡോ. ജിജു ജോസഫ്, ഇ.ആര്‍.വിഭാഗം അഡ്മിനിസ്‌ട്രേഷന്‍ മേധാവി ഡോ ഷമ്മി ഡഗ്ലസ് എന്നിവര്‍ ദുരന്ത പ്രതികരണ നടപടികള്‍ ക്രമീകരിച്ചു.
ദുരന്ത നിവാരണ പ്രതിരോധ മേഖലയില്‍ കൂടുതല്‍ പേരെ പരിശീലിപ്പിച്ച് ദുരന്തങ്ങള്‍ നേരിടുവാന്‍ പ്രാപ്തരാക്കുവാനാണ് ശ്രമിക്കുന്നതെന്ന് കേരളാ ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ബിലീവേഴ്‌സ് ആശുപത്രി മാനേജറുമായ ഫാ. സിജോ പന്തപ്പള്ളില്‍ പറഞ്ഞു.