ഉത്തമപാളയം: അശ്ലീല ചാറ്റിന്റെ മറവില്‍ സ്ത്രീകളുടെ മൊബൈല്‍ നമ്പര്‍ വില്പന നടത്തി പണം തട്ടുന്ന സംഘത്തിന്റെ പ്രവര്‍ത്തനം തമിഴ്‌നാട് കേന്ദ്രീകരിച്ച് സജീവമായി. പെണ്‍കുട്ടികളുമായി അശ്ലീലം സംസാരിക്കാനും വീഡിയോ കോള്‍ ചെയ്യാനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മൊബൈല്‍ നമ്പരുകള്‍ നല്കാമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്കിയാണ് പുതിയ തട്ടിപ്പ്. അശ്ലീല ചാറ്റിന് തയാറുള്ള വിവിധ പ്രായക്കാരായ സ്ത്രീകളുടെ നമ്പരുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും ഗൂഗിള്‍ പേ വഴി പണം അയച്ചാല്‍ നല്കാമെന്നുമാണ് പരസ്യം. ഇത്തരത്തില്‍ നമ്പറുകള്‍ കൈമാറുന്നതിന് 200 മുതല്‍ 500 രൂപ വരെയാണ് ഈടാക്കുന്നതെന്നാണ് വിവരം.
സ്ത്രീകളുടെ ഫോട്ടോയും വയസും പരസ്യത്തിനൊപ്പം ചേര്‍ത്താണ് ഇര പിടുത്തം. പ്രായപരിധി കണക്കാക്കിയാണ് നമ്പറുകളുടെ വില നിശ്ചയിക്കുന്നത്രെ. സ്ത്രീകള്‍ തനിച്ച് നടത്തുന്ന വ്യാപാര സ്ഥാപനങ്ങളിലെ പരസ്യ ബോര്‍ഡുകളിലും സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്നവരിലും നിന്ന് മൊബൈല്‍ നമ്പരുകള്‍ കൈവശപ്പെടുത്തിയാണ് വില്പന നടത്തുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇങ്ങനെ കൈക്കലാക്കുന്ന നമ്പരുകളിലേക്ക് ആദ്യം സൗഹൃദപരമായി സംസാരിച്ച് സ്ത്രീകളെ കെണിയില്‍ വീഴ്ത്തിയാണ് തട്ടിപ്പ്. ഫോണില്‍ സംസാരിച്ച് വലയിലാക്കുന്ന സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശപ്പെടുത്തി ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അശ്ലീല ചാറ്റിന് പ്രേരിപ്പിക്കുന്നതെന്നുമാണ് കണ്ടെത്തല്‍. അശ്ലീല ചാറ്റിന് മണിക്കൂറിന് നിശ്ചിത തുകയും സംഘം ഈടാക്കാറുമുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംഘത്തിന്റെ കെണിയിലാകുന്നവരെ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം, ഫെയ്‌സ് ബുക്ക്, ടെലിഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ നിര്‍ബന്ധപൂര്‍വ്വം അക്കൗണ്ടുകള്‍ എടുപ്പിച്ചും അശ്ലീല ചാറ്റിന് പ്രേരിപ്പിക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ വില്‍ക്കുന്ന സംഘങ്ങളെ നിരീക്ഷിച്ചു വരികയാണ്. ഇവര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും തേനി ജില്ലാ സൈബര്‍ ക്രൈം പൊലീസ് പറഞ്ഞു.