
പത്തനംതിട്ട: പന്ത്രണ്ട് വയസുള്ള മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് (38)മൂന്നു ജീവപര്യന്തം വിധിച്ച് പോക്സോ കോടതി. ജില്ലയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുളള പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ;പതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വച്ചു തന്നെ വിചാരണ ചെയ്ത് ശിക്ഷിക്കുകയായിരുന്നു. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജ് ഡോണി തോമസാണ് ശിക്ഷ വിധിച്ചത്. പോക്സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം മൂന്ന് ജീവപര്യന്തം തടവുശിക്ഷയും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഐപിസി നിയമത്തിലെ 377 വകുപ്പു പ്രകാരം 10 വര്‍ഷം കഠിന തടവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൂടാതെ ഏഴ് ലക്ഷം രൂപ പിഴ ഒടുക്കണം. അതിന് കഴിയാതിരുന്നാല്‍ കൂടുതല്‍ തടവു ശിക്ഷ അനുഭവിക്കണം.
കുട്ടിയുടെ മാതാപിതാക്കള്‍ നഴ്സുമാരാണ്. മാതാവ് വിദേശത്ത് ജോലിക്ക് പോയപ്പോള്‍ ബംഗളൂരുവിലുള്ള പിതാവ് നാട്ടില്‍ വന്ന് കുട്ടിയ്ക്കൊപ്പം കഴിയുമ്പോഴാണ് പീഡനം നിരവധി തവണ നടന്നത്. മദ്യലഹരിയില്‍ രാത്രി കാലങ്ങളിലായിരുന്നു പീഡനം. ഇളയകുട്ടിയെയും ഇതു പോലെ ചെയ്യുമെന്ന് ഭീഷണി മുഴക്കിയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി അമ്മയോടോ ബന്ധുക്കളോടോ ഈ കാര്യങ്ങള്‍ പറയാതിരിക്കുവാനായി ഫോണ്‍ കോളുകള്‍ റെക്കോഡ് ചെയ്തിരുന്നു. പ്രതിയുടെ മാതാപിതാക്കളോടൊപ്പമായിരുന്നു കുട്ടിയുടെ താമസം. പീഡന വിവരം പ്രതിയുടെ മാതാവിനോട് കുട്ടി പറഞ്ഞെങ്കിലും അവര്‍ ഗൗനിച്ചില്ല. സംശയം തോന്നിയ മാതാവിന്റെ അമ്മ കുട്ടിയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവരോടാണ് കുട്ടി ഞെട്ടിക്കുന്ന പീഡന കഥ പറഞ്ഞത്. വിവരം അവിടുത്തെ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും കേസ് കൃത്യം നടന്ന സ്ഥലത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാതൃൂസ് ഹാജരായി. പ്രതിയെ ബാംഗ്ലൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസില്‍, പ്രതി നിരവധി തവണ ജാമ്യത്തിനു ശ്രമിച്ചിരുന്നുവെങ്കിലും പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലിട്ട് വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു.