റാന്നി: മാനസിക വളര്‍ച്ചയില്ലാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ അടുത്ത ബന്ധുവായ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരകളുടെ അടുത്ത ബന്ധുവായ അറുപത്തൊന്നുകാരനാണ് പിടിയിലായത്. മൂന്ന് വര്‍ഷം മുമ്പ് പ്രതിയുടെ വീട്ടില്‍ വച്ചാണ് പീഡനം നടന്നത്, യുവതികളില്‍ ഒരാളുടെ നഗ്നഫോട്ടോ ഫോണില്‍ എടുക്കുകയും പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതികളുടെ മാതാവ് റാന്നി പഴവങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്കിയ പരാതി വെച്ചൂച്ചിറ പോലീസിന് അയച്ചുകൊടുക്കുകയും, അവിടെ നിന്നും റാന്നി പോലീസ് സ്റ്റേഷനില്‍ അയച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെ കേസെടുക്കുകയുമായിരുന്നു. വെച്ചൂച്ചിറ പോലീസ് പ്രതിയെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പരാതിയും പ്രതിയെയും റാന്നി പോലീസിന് കൈമാറുകയായിരുന്നു.
വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലെ സി.പി.ഓ അഞ്ജന യുവതികളുടെ മൊഴി മാതാവിന്റെ സാന്നിധ്യത്തില്‍ സ്പെഷല്‍ എഡ്യൂക്കേറ്ററുടെ സഹായത്തോടെ രേഖപ്പെടുത്തി. പ്രതിയെ വെച്ചൂച്ചിറ പോലീസ് സ്റ്റേഷനില്‍ നിന്നും വൈകിട്ട് റാന്നി സ്റ്റേഷനിലെത്തിച്ച് സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി.
യുവതികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി കോഴഞ്ചേരി വണ്‍ സ്റ്റോപ്പ് സെന്റര്‍ അധികൃതര്‍ക്ക് കത്ത് നല്കി. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. പത്തനംതിട്ട സി ജെ എം കോടതിയില്‍ മൊഴി എടുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികള്‍ സ്വീകരിച്ചത്. എസ് ഐമാരായ അനീഷ്, ശ്രീഗോവിന്ദ്, മനോജ്, എ എസ്.ഐ കൃഷ്ണകുമാര്‍, സി.പി.ഓ സുനില്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.