
പത്തനംതിട്ട: മുടിവെട്ടിക്കാന്‍ ചെന്ന 11 വയസുള്ള രണ്ട് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ ബാര്‍ബറായ വയോധികന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര മണലൂര്‍ മേലേ പുത്തന്‍വീട്ടില്‍ ചന്ദ്രന്‍ (62) ആണ് പിടിയിലായത്. മലയാലപ്പുഴ പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ ഒരു ബാര്‍ബര്‍ ഷോപ്പിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.
രണ്ടു മാസം മുന്‍പ് ഒരു ദിവസം ഉച്ചയ്ക്ക് 12 മണിയോടെ കുട്ടികള്‍ എത്തിയപ്പോഴാണ് സംഭവം. ലൈംഗികാതിക്രമം കാട്ടിയ ശേഷം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് കുട്ടികള്‍ വിവരം വീട്ടില്‍ പറഞ്ഞത്. വനിതാ പോലീസുദ്യോഗസ്ഥര്‍ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, ഭീഷണി, പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതിയെ ഉടനടി അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐ കിരണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എസ് സി പി ഓമാരായ ശ്രീരാജ്, ഇര്‍ഷാദ്, സി പി ഓമാരായ സുഭാഷ്, അരുണ്‍, അമല്‍ എന്നിവരാണുള്ളത്.