പത്തനംതിട്ട: പോലീസ് ഇന്‍സ്‌പെക്ടറുടെ മാനസിക പീഡനത്തെ തുടര്‍ന്ന് എസ്.ഐ ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോയി. സഹപ്രവര്‍ത്തകര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടുപിടിച്ച് തിരികെ എത്തിച്ചു. രണ്ടു പേരെയും വിളിച്ചു വരുത്തി ജില്ലാ പോലീസ് മേധാവി ചര്‍ച്ച നടത്തി. ആറന്മുള പോലീസ് സ്‌റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. എസ്.എച്ച്.ഓ പ്രവീണ്‍ ആണ് എസ്.ഐ അലോഷ്യസിനെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് അധിക്ഷേപിച്ച് സംസാരിച്ചത്. ഇതോടെ സമനില തെറ്റിയ എസ്‌ഐ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നാലെ ചെന്ന സഹപ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇദ്ദേഹത്തെ കണ്ടെത്തി. വിവരം അറിഞ്ഞ എസ്പി വി.ജി. വിനോദ് കുമാര്‍ രണ്ടു പേരെയും വിളിച്ചു വരുത്തി.
ഇന്‍സ്‌പെക്ടര്‍ മാനസികമായി നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് എസ്‌ഐയുടെ പരാതി. അലോഷ്യസിന് സ്‌റ്റേഷന്‍ മാറ്റി നല്‍കാമെന്ന് എസ്പി അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്‌റ്റേഷനുകളില്‍ ഒന്നാണ് ആറന്മുള. മുന്‍പ് എസ്എച്ച്ഓ ആയിരുന്ന മനോജ് നിരന്തരമായി ദ്രോഹിച്ചുവെന്ന് സിപിഓ ഉമേഷ് വള്ളിക്കുന്ന് പല തവണ പരാതിപ്പെട്ടിട്ടുണ്ട്. മുന്‍പ് കൊടുമണ്‍ എസ്എച്ച്ഓ ആയിരുന്ന പ്രവീണ്‍ കഴിഞ്ഞ സ്ഥലം മാറ്റപ്പട്ടികയില്‍ ജില്ലയ്ക്ക് പുറത്തു പോയതാണ്. മന്ത്രിയുടെ ശിപാര്‍ശയിലാണ് ആറന്മുളയില്‍ തിരികെ എത്തിയതെന്ന് പറയുന്നു. കീഴുദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കുന്നവെന്ന് കൊടുമണിലും ഇയാള്‍ക്കെതിരേ പരാതി ഉയര്‍ന്നിരുന്നു.