കോഴഞ്ചേരി: ദേവസ്വം സ്റ്റാള്‍ നിലനിര്‍ത്തി ആറന്മുള കിഴക്കേ നടയിലെ കടകള്‍ പൊളിച്ചു നീക്കി. പൊതു മരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് ഞായറാഴ്ച രാവിലെ കടകള്‍ നീക്കം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പൊതുമരാമത്ത് ജീവനക്കാര്‍ എത്തി കടകള്‍ ഒഴിയാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ജെ.സി.ബി എത്തി ഇവ പൊളിച്ചു നീക്കിയത്.
ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ റോഡിന് ഇരുവശവുമായി ഉണ്ടായിരുന്ന താത്ക്കാലിക വില്‍പ്പന ശാലകള്‍ ആണ് പൊളിച്ചു നീക്കിയിട്ടുള്ളത്. ആറന്മുള ക്ഷേത്ര നഗരമാക്കുമ്പോള് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കടകള്‍ പൊളിച്ചു നീക്കാന്‍ നിര്‍ദേശിച്ചിരുന്നു. കിഴക്കേ നടയില്‍ വാഹന പാര്‍ക്കിങ് ഒരുക്കുന്നതിനും ഇത് സഹായകമാകുമെന്നായിരുന്നു വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് ഈ ഭാഗത്തെ കൈയേറ്റങ്ങള്‍ കണ്ടെത്തുകയും അടയാളപ്പെടുത്തുകയും ചെയ്തു.
പിന്നീട് ഉടമകള്‍ക്ക് നോട്ടീസും നല്കി. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. കിഴക്കേ നടയിലെ താത്ക്കാലിക കടകള്‍ തുടരുകയും ചെയ്തു. പുസ്തക ശാലകള്‍, ക്ഷേത്ര വഴിപാട് സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവ ആയിരുന്നു ഉണ്ടായിരുന്നത്. ഇതെല്ലാമാണ് ഇപ്പോള്‍ പൊളിച്ചു നീക്കിയിരിക്കുന്നത്. എന്നാല്‍, ഇതേ തരത്തില്‍ പൊതുമരാമത്ത് റോഡില്‍ വച്ചിരിക്കുന്ന ദേവസ്വം വഴിപാട് ശാല നീക്കിയിട്ടുമില്ല. 25 ലക്ഷത്തോളം രൂപയ്ക്കാണ് ബോര്‍ഡ് ഈ ശാലകള്‍ ലേലം നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ സ്ഥലത്ത് ദേവസ്വം ബോര്‍ഡ് എങ്ങനെ ലേലത്തില്‍ കട നല്‍കും എന്ന ചോദ്യവും ഉയരുന്നുണ്ട്. സ്ഥലം സന്ദര്‍ശിച്ച ദേവസ്വം അധികൃതര്‍
സ്റ്റാള്‍ മാറ്റേണ്ടതില്ല എന്ന് നിര്‍ദേശിച്ചതായും അറിയുന്നു. ദേവസ്വം സ്റ്റാള്‍
ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലേക്ക് മാറ്റണമെന്നാണ് മറ്റുള്ളവര്‍ ആവശ്യപ്പെടുന്നത്. കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ ആയിരിക്കുമ്പോള്‍ 25 ലക്ഷം രൂപ
ചെലവില്‍ കിഴക്കേ നടയില്‍ വിപുലമായ പാര്‍ക്കിങ് സൗകര്യം
ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ ടിപ്പറുകളും നിരത്തില്‍ ഇറങ്ങാത്ത ബസുകളും ക്രെയിനും മറ്റുമാണ് ഇപ്പോള്‍ കിടക്കുന്നത്. ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തര്‍ക്ക് ഇവിടെ പാര്‍ക്കിങ്ങിന് കഴിയുന്നുമില്ല. അനധികൃത പാര്‍ക്കിങ് ഒഴിവാക്കി കൂടുതല്‍ സൗകര്യം ഒരുക്കണമെന്ന് ഭക്തര്‍ ആവശ്യപ്പെടുന്നു.