പത്തനംതിട്ട: ചുരുളിക്കോട് വീട് കത്തി നശിച്ചു. വ്യാഴം രാവിലെ 10. 30 നാണ് സംഭവം. നഗരസഭ 32-ാം വാര്‍ഡില്‍ ചുരുളിക്കോട് തറയില്‍ ശിവന്‍കുട്ടിയുടെ വീടാണ് കത്തി നശിച്ചത്. മീറ്റര്‍ ബോക്സില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
മീറ്റര്‍ ബോക്സിനോട് ചേര്‍ന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന കട്ടില്, അലമാര, ടി.വി, ഫ്രിഡ്ജ് ഇവയെല്ലാം കത്തി നശിച്ചു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആധാരം, കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് രേഖകള്‍ എന്നിവയെയും അഗ്നി വിഴുങ്ങി.
ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ ധന സഹായത്തോടെ 12 വര്‍ഷം മുമ്പ് നിര്‍മ്മിച്ച വീടാണിത്. തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് വിവരം അഗ്നി രക്ഷാ സേനയെ അറിയിച്ചത്. രണ്ടു യൂണിറ്റ് ഫയര്‍ എന്ജിന് എത്തിയാണ് തീയണച്ചത്. ഭിത്തി മുഴുവന്‍ പൊട്ടിപ്പിളര്‍ന്ന നിലയിലാണ്. ശിവന്‍കുട്ടി പുന്നത്ത് പടിക്ക് സമീപം മുറുക്കാന്‍ കട നടത്തുകയാണ്.