പള്ളിക്കല്‍ പഞ്ചായത്തിലെ മണ്ണെടുപ്പ്: ഏരിയാ കമ്മറ്റി യോഗങ്ങളില്‍ നിന്ന് വിട്ടു നിന്ന മൂന്ന് അംഗങ്ങള്‍ക്ക് നോട്ടീസ്: വെട്ടിയൊതുക്കാന്‍ ശ്രമിക്കുന്നത് സിപിഎമ്മിലെ പഴയ വി.എസ് പക്ഷക്കാരെ

0 second read
Comments Off on പള്ളിക്കല്‍ പഞ്ചായത്തിലെ മണ്ണെടുപ്പ്: ഏരിയാ കമ്മറ്റി യോഗങ്ങളില്‍ നിന്ന് വിട്ടു നിന്ന മൂന്ന് അംഗങ്ങള്‍ക്ക് നോട്ടീസ്: വെട്ടിയൊതുക്കാന്‍ ശ്രമിക്കുന്നത് സിപിഎമ്മിലെ പഴയ വി.എസ് പക്ഷക്കാരെ
0

അടൂര്‍: തുടര്‍ച്ചയായി മൂന്ന് കമ്മറ്റികളില്‍ പങ്കെടുക്കാതിരുന്ന  സിപിഎമ്മിലെ മൂന്ന് എരിയാ കമ്മറ്റിയംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. വി.എസ് പക്ഷക്കാരായ മൂവരെയും വെട്ടിനിരത്തി ആ സ്ഥാനത്ത് ഏരിയാ നേതൃത്വത്തിന് വേണ്ടപ്പെട്ടവരെ തിരുകാന്‍ വേണ്ടിയുള്ള നീക്കമാണെന്ന് ആരോപണം. നവകേരള സദസ് ഇന്ന് അടൂരില്‍ എത്തുമ്പോള്‍ വിഭാഗീയത മറനീക്കിയത് പാര്‍ട്ടി ജില്ലാ, ഏരിയാ നേതൃത്വങ്ങള്‍ക്ക് നാണക്കേടായി.

പള്ളിക്കല്‍ പഞ്ചായത്തില്‍ നിന്നുള്ള ഏരിയ കമ്മറ്റി അംഗങ്ങളായ അഡ്വ. എസ്. രാജീവ്, ജി. കൃഷ്ണകുമാര്‍, പറക്കോട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ പോത്രാട് മധു എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. മൂവരും പഴയ വി.എസ് പക്ഷക്കാരാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ വഴി വിട്ട പോക്കിനെതിരേ പ്രതികരിച്ചതിനാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത് എന്നാണ് വിവരം. ഇവരെ നൈസായി ഒഴിവാക്കി ഏരിയാ നേതൃത്വത്തിന്റെ ഇഷ്ടക്കാരായ രണ്ടു ഡിവൈഎഫ്‌ഐ നേതാക്കളെ ഏരിയാ കമ്മറ്റിയില്‍ എടുക്കുകയാണ് ലക്ഷ്യം.

സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ അതിരൂക്ഷമായ മണ്ണെടുപ്പ് നടക്കുകയാണ് പള്ളിക്കല്‍ പഞ്ചായത്തില്‍. ഒരു ജില്ലാ നേതാവും ഏരിയാ നേതാവും ചേര്‍ന്ന ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെയാണ്  അതിരൂക്ഷമായ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന മണ്ണെടുപ്പിന് ഒത്താശ ചെയ്യുന്നത്. ദേശീയ പാത വികസനത്തിന്റെ പേര് പറഞ്ഞ് യാതൊരു മാനദണ്ഡവും പാലിക്കാതെ നടത്തുന്ന മണ്ണെടുപ്പിനെതിരേ പഞ്ചായത്തില്‍ പാര്‍ട്ടി ഭേദമന്യേ എതിര്‍പ്പ് രൂക്ഷമാണ്. പാര്‍ട്ടി ജില്ലാ നേതൃത്വം നേരിട്ടിടപെട്ട് നടത്തുന്നതിനാല്‍ പൊലീസും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും നോക്കുകുത്തികളാണ്.

പള്ളിക്കല്‍ പഞ്ചായത്തില്‍ നിന്നുള്ള ഏരിയാ കമ്മറ്റിയംഗങ്ങള്‍ എന്ന നിലയില്‍ ഇവര്‍ ഈ വിഷയം ഏരിയാ കമ്മറ്റിയില്‍ ഉന്നയിച്ചു. ഇത് ചര്‍ച്ച ചെയ്യാന്‍ ഏരിയാ നേതൃത്വം തയാറായില്ല. പല കാരണങ്ങള്‍ പറഞ്ഞ് മാറ്റി വച്ചു. പിന്നീട് ജില്ലാ സെക്രട്ടറി പങ്കെടുത്ത ഏരിയാ കമ്മറ്റിയോഗം  ഇക്കാര്യത്തില്‍ ഏക പക്ഷീയമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഒരു ഗ്രാമത്തിന്റെ പരിസ്ഥിതി താറുമാറാക്കുന്ന വിഷയം അവഗണിച്ച് നേതാക്കളുടെ ഭൗതികമായുണ്ടാകുന്ന നേട്ടത്തിന് വേണ്ടിയുള്ള തീരുമാനമാണ് ഏരിയാ കമ്മറ്റി എടുത്തത്. ഇതില്‍ പ്രതിഷേധിച്ചാണ് പഴയ വി.എസ് പക്ഷക്കാരായ മൂന്ന് ഏരിയാ കമ്മറ്റിയംഗങ്ങളും പല കമ്മറ്റികളിലും വിട്ടു നിന്നത് എന്നാണ് സൂചന.

നവകേരള സദസ് ജില്ലയില്‍ എത്തുമ്പോഴും ഇവരുടെ പങ്കാളിത്തം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചതോടെയാണ് കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തത്. മൂവരെയും പുറത്താക്കുന്നതിന്റെ പ്രാഥമിക നടപടിക്രമമായിട്ട് വേണം ഇതിനെ കാണാന്‍. ഇവരെ ഏരിയാ കമ്മറ്റിയില്‍ നിന്നൊഴിവാക്കിയ ശേഷം നേതൃത്വത്തിന്റെ ചാവേറുകളായി പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്‌ഐ നേതാക്കളെ കൊണ്ടു വരാനുളള ശ്രമമാണ് നടക്കുന്നത്.  അഡ്വ. എസ്. രാജീവ് ലോക്കല്‍ സെക്രട്ടറി കൂടിയായ ഏരിയാ കമ്മറ്റിയംഗമായിരുന്നു. പ്രതികാര നടപടികളുടെ ഭാഗമായി അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്ത് നിന്നൊഴിവാക്കി. വര്‍ഗ ബഹുജനസംഘടനയായ കര്‍ഷക തൊഴിലാളി യൂണിയന്റെ ഏരിയാ പ്രസിഡന്റാക്കി. പിണറായി വന്ന ദിവസം തന്നെ അടൂരില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മറ നീക്കിയതിന്റെ ഞെട്ടിലാണ് ജില്ലാ, ഏരിയാ  നേതൃത്വങ്ങള്‍. ജില്ലാ സെക്രട്ടറി, രണ്ട് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍, ജില്ലാ കമ്മറ്റി അംഗം എന്നിങ്ങനെ അടൂരാണ് ജില്ലയില്‍ പാര്‍ട്ടിയെ നയിക്കുന്നത് എന്ന് വേണം. ഇവര്‍ക്കെല്ലാം തിരിച്ചടിയായിട്ടാണ് ഇപ്പോള്‍ വിഭാഗീയത മൂര്‍ഛിക്കുന്നത്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

52 വര്‍ഷത്തെ ചതി, വഞ്ചനയും വിളിച്ചു പറഞ്ഞ എ. പത്മകുമാര്‍ പുറത്ത്: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു: രണ്ടു പുതുമുഖങ്ങള്‍

പത്തനംതിട്ട: ചതി, വഞ്ചന, 52 വര്‍ഷത്തെ ബാക്കിപത്രം..ലാല്‍സലാം എന്ന് സപിഎം സംസ്ഥാന സമ്മേളനത്…