സെര്‍വൈക്കല്‍ സ്‌പോണ്ടിലോസിസ് വന്ന് കാലുകള്‍ മരവിച്ച സിക്കിം സ്വദേശിക്ക് തിരുവല്ല ബിലീവേഴ്‌സില്‍ ശസ്ത്രക്രിയ: പ്രേംജിത്ത്‌റായി മടങ്ങുന്നത് എല്ലാവര്‍ക്കും നന്ദി പറഞ്ഞ്

0 second read
Comments Off on സെര്‍വൈക്കല്‍ സ്‌പോണ്ടിലോസിസ് വന്ന് കാലുകള്‍ മരവിച്ച സിക്കിം സ്വദേശിക്ക് തിരുവല്ല ബിലീവേഴ്‌സില്‍ ശസ്ത്രക്രിയ: പ്രേംജിത്ത്‌റായി മടങ്ങുന്നത് എല്ലാവര്‍ക്കും നന്ദി പറഞ്ഞ്
0

തിരുവല്ല: സെര്‍വൈക്കല്‍ സ്‌പോണ്ടിലോസിസ്…കാലുകള്‍ മരവിക്കുന്നത് കാരണം നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മരവിച്ചു തുടങ്ങിയ കാലുമായി ഒരു ചുവട് പോലും വയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയാണ് പ്രേംജിത്ത് റായി എന്ന സിക്കിം സ്വദേശി ദക്ഷിണേന്ത്യയിലെ പ്രശസ്തമായ സിഎംസി വെല്ലൂരില്‍ എത്തിയത്. പക്ഷേ, അവിടെ ചികില്‍സയ്ക്കായി മൂന്നു മാസം കാത്തിരിക്കണം. അയാള്‍ നേരെ വച്ചു പിടിച്ചു തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്. രോഗം ഭേദമായി പ്രേംജിത്ത് മടങ്ങുമ്പോള്‍ കേരളത്തോടും ആശുപത്രി അധികൃതരോടും സുഹൃത്തും ആശുപത്രി ജീവനക്കാരനുമായ എബനേസര്‍ കെന്നത്തിനോടും നന്ദിപറയാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല.

വടക്ക് കിഴക്കന്‍ സംസ്ഥാനമായ സിക്കിമിന്റെ പടിഞ്ഞാറന്‍ പ്രദേശമായ തുറുക്കില്‍ നിന്നുമാണ് കടുത്ത ശാരീരിക ബുദ്ധിമുട്ടുകളും വേദനകളും ആയാണ് പ്രേംജിത് റായി (37) വെല്ലൂര്‍ സി.എം.സിയില്‍ ചികിത്സയ്ക്കായി എത്തിയത്. സെര്‍വൈക്കല്‍ സ്‌പോണ്ടിലോസിസ് എന്ന അസുഖത്തെ തുടര്‍ന്ന് കാലുകള്‍ മരവിച്ച അവസ്ഥയില്‍ നടക്കാന്‍ പോലും ബുദ്ധിമുട്ടിയ പ്രേംജിത്ത് സിക്കിമിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് വെല്ലൂരില്‍ എത്തിച്ചേര്‍ന്നത്. മൂന്ന് വര്‍ഷമായി ഉണ്ടായിരുന്ന രോഗം വഷളായ അവസ്ഥയിലായിരുന്നതിനാല്‍ ശസ്ത്രക്രിയ മാത്രമേ ആശ്വാസം നല്‍കുകയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍, വെല്ലൂര്‍ സി.എം.സി അനിയന്ത്രിതമായ തിരക്കും മുന്‍ഗണന നല്‍കേണ്ട ഗുരുതരരോഗികളും ഉള്ള ആശുപത്രിയായതിനാല്‍ ശസ്ത്രക്രിയ നടക്കണമെങ്കില്‍ മൂന്നുമാസം കഴിഞ്ഞുള്ള ഒരു തീയതിക്കായി കാത്തിരിക്കണമെന്ന് ഡോക്ടര്‍മാര്‍ പ്രേംജിത്തിനെ അറിയിച്ചു.

വെല്ലൂര്‍ ആശുപത്രിയിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ പ്രേംജിത്തിന് ലഭിച്ച നിര്‍ദ്ദേശത്തില്‍ ഒട്ടും അതിശയിക്കാനില്ല. എന്നാല്‍ ഏകദേശം ഒരു ദശാബ്ദ കാലം മുന്‍പ് തനിക്ക് പരിചയമുണ്ടായിരുന്ന ഒരു സുഹൃത്തിനെ പ്രേംജിത്ത് അന്നേരത്തെ അവസ്ഥയില്‍ ഓര്‍ത്തെടുത്തു. തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരനായ
എബനേസര്‍ കെന്നത്ത്. പഴയകാല സുഹൃത്തിനെ പ്രേംജിത്ത് ഫോണില്‍ ബന്ധപ്പെട്ടു . ന്യൂറോശസ്ത്രക്രിയ ആവശ്യമായ പ്രേംജിത്തിന് തൊട്ടടുത്ത ദിവസം കേരളത്തിലേക്ക് യാത്ര ചെയ്ത് വരാനും ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.റോജിന്‍ എബ്രഹാമിനെ കാണുവാനും ഉള്ള അവസരം എബനേസര്‍ ഉണ്ടാക്കി. വെല്ലൂര്‍ സി എം സി യില്‍ ന്യൂറോ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റായിരുന്ന ഡോ റോജിന്‍ ബാംഗ്ലൂര്‍ നിംഹാന്‍സിലും യൂറോപ്പിലെ പ്രമുഖ ന്യൂറോസര്‍ജറി ഇന്‍സ്റ്റിറ്റിയൂട്ടിലും നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരളത്തിലെത്തിയ പ്രേംജിത്തിന് മെയ് അവസാന ആഴ്ച ഡോ റോജിനും സംഘവും ചേര്‍ന്ന് ശസ്ത്രക്രിയ നടത്തി. വിജയകരമായി പൂര്‍ത്തിയാക്കിയ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രേംജിത്ത് ഏതാനും ദിവസങ്ങള്‍ ഐസിയു പരിചരണത്തില്‍ ആയിരുന്നു. ജൂണ്‍ 19 ന് രോഗം ഭേദമായി പ്രേംജിത്തിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

വെല്ലൂര്‍ സി എം സി പോലെയുള്ള വിദഗ്ദ്ധ കേന്ദ്രങ്ങളില്‍ നിന്നും രോഗികളെ സ്വീകരിച്ച് ആവശ്യമായ ചികിത്സ നല്‍കാന്‍ കഴിയുന്നതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും സിക്കിം പോലെയുള്ള പ്രദേശങ്ങളില്‍ നിന്നും ആവശ്യക്കാരായ രോഗികളെ ബിലീവേഴ്‌സില്‍ എത്തിച്ച് ചികിത്സ നല്‍കുന്ന പദ്ധതി പരിഗണനയിലുണ്ടെന്നും രാജ്യത്തെ പ്രമുഖ കരള്‍രോഗവിദഗ്ദ്ധനും ബി.സി റോയ് അവാര്‍ഡ് ജേതാവും ബിലീവേഴ്‌സ് ആശുപത്രി ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ ഡോ ജോര്‍ജ് ചാണ്ടി മറ്റീത്ര അറിയിച്ചു. പ്രേംജിത്തിനെ സന്ദര്‍ശിച്ച സമയത്താണ് ഡയറക്ടര്‍ ഇക്കാര്യം സൂചിപ്പിച്ചത്.

തനിക്ക് ലഭിച്ച ചികിത്സയിലും പരിചരണത്തിലും സ്‌നേഹത്തിലും പ്രേംജിത് റായി കൃതാര്‍ത്ഥനായി. ചികിത്സയും സഹായവും ലഭിക്കേണ്ട സമയത്ത് അത് എത്തിച്ചു തരണമെങ്കില്‍ ഈശ്വരന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും അത് എത്ര ദൂരെ നിന്നും യഥാസമയം എത്തിച്ചു നല്‍കുമെന്നും പ്രേംജിത്ത് വിശ്വസിക്കുന്നു. ഹിമാലയത്തിന്റെ പ്രത്യേകമായ ഭൂപ്രകൃതിയും കാലാവസ്ഥയും ഉള്ളതിനാല്‍ യാത്രികര്‍ക്ക് മറക്കാനാകാത്ത ഇടമാണ് സിക്കിം. സിക്കിമിനോളം ഭംഗിയുള്ള കേരളത്തിലെ പ്രദേശങ്ങളെപ്പറ്റി പ്രേംജിത്ത് കേട്ടിട്ടുണ്ടെങ്കിലും തനിക്ക് മറക്കാനാകാത്തത് ഇവിടെ പരിചയപ്പെട്ട മനുഷ്യരുടെ മനസ്സിന്റെ സൗന്ദര്യമാണ് എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. സിക്കിം സര്‍ക്കാരിന്റെ കൃഷി വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിംഫെഡില്‍ ഉദ്യോഗസ്ഥനായ പ്രേംജിത്ത് ഒരു പ്രകൃതി സ്‌നേഹിയാണ്.

പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണ്ണമായും നിരോധിച്ച ആദ്യത്തെ ഓര്‍ഗാനിക് സംസ്ഥാനമായ സിക്കിമില്‍ നിന്നും വന്ന പ്രേംജിത്ത് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി നടത്തുന്ന പ്രകൃതി സൗഹൃദ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ അളവറ്റ സന്തോഷവും അത്ഭുതവും രേഖപ്പെടുത്തി.
ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറത്തുനിന്നും രോഗിയായി എത്തി കേരളത്തെ സ്‌നേഹിക്കുന്ന മനസ്സുമായി അങ്ങനെ പ്രേംജിത്ത് മടങ്ങി, ഹൃദയം നിറഞ്ഞ നന്ദിയുമായി.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…