ഗായകന്‍ കെ.ജി. ജയന്റെ ചിതാഭസ്മം പമ്പ ഏറ്റുവാങ്ങി: ഇരട്ട സഹോദരന്‍ വിജയനൊപ്പം പമ്പയില്‍ വിലയം പ്രാപിച്ച് ഗായക ശ്രേഷ്ഠന്റെ മടക്കം

0 second read
Comments Off on ഗായകന്‍ കെ.ജി. ജയന്റെ ചിതാഭസ്മം പമ്പ ഏറ്റുവാങ്ങി: ഇരട്ട സഹോദരന്‍ വിജയനൊപ്പം പമ്പയില്‍ വിലയം പ്രാപിച്ച് ഗായക ശ്രേഷ്ഠന്റെ മടക്കം
0

കോഴഞ്ചേരി: ഒഴുകി വരികയായ് പമ്പ ഒഴുകി വരികയായ്…യശഃശരീരരായ ജയവിജയന്മാര്‍ പുണ്യനദി പമ്പയെ ഉപാസിച്ചൊരുക്കിയ ഗാനമാണിത്. പമ്പയ്ക്കും ശബരിമലയ്ക്കും അയ്യപ്പനും ഇവരുടെ ജീവിതത്തില്‍ ഒരു സ്ഥാനമുണ്ടായിരുന്നു. ശബരീശനെ ഉപാസിച്ച ഇരട്ട സഹോദരന്മാര്‍ മരണശേഷവും ശബരിമലയുടെയും പമ്പയുടെയും ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഇരട്ട സഹോദരന്‍ വിജയന് പിന്നാലെ ഗായകന്‍ കെ.ജി. ജയന്റെ ആത്മാവും പമ്പയില്‍ വിലയം പ്രാപിച്ച് മോക്ഷം നേടി.

ഇരട്ട സഹോദരന്‍ വിജയന്‍ ശബരിമല അടിവാരത്ത് പമ്പ ത്രിവേണിയില്‍ അസ്ഥി നിമജ്്ജനത്തിലൂടെ മോക്ഷം നേടിയപ്പോള്‍ സഹോദരന്‍ ജയന്റെ ചിതാഭസ്മം ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്ര കടവിന് താഴെ സത്രക്കടവില്‍ പുണ്യനദി ഏറ്റുവാങ്ങി. സംഗീത പ്രേമികളുടെ മനം കവര്‍ന്ന ഗായകനും സംഗീതജ്ഞനുമായ കെ.ജി.ജയന്റെ ചിതാഭസ്മം പമ്പയുടെ ഓളങ്ങളില്‍ അലിഞ്ഞ് ചേര്‍ന്നു. ജയന്റെ മക്കളായ ബിജു കെ. ജയന്‍, മനോജ് കെ. ജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിതാഭസ്മം പമ്പയില്‍ നിമജ്ജനം ചെയ്തത്.

ജയന്റെ സഞ്ചയന കര്‍മങ്ങള്‍ തൃപ്പൂണിത്തുറയിലെ വീട്ടില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മക്കള്‍ ചിതാഭസ്മവുമായി ആറന്മുളയിലെത്തിയത്. ചുവന്ന പട്ടില്‍ പൊതിഞ്ഞ മണ്‍കുടത്തില്‍ സൂക്ഷിച്ച ചിതാഭസ്മം മൂത്തമകന്‍ ബിജുവും സഞ്ചയന കര്‍മത്തിലെ പിണ്ഡം മനോജ് കെ.ജയനും ഇരു കൈകളിലും വച്ച് കിഴക്ക് ദിക്കിലേക്ക് ദര്‍ശനമായി നിന്ന് പട്ട് അഴിച്ച് നദിയില്‍ ഒഴുക്കി. തുടര്‍ന്ന് മണ്‍കുടത്തിന്റെ മൂടി തുറന്ന് ബിജു പമ്പയിലേക്ക് ഭസ്മം ഒഴുക്കിയപ്പോള്‍ പിണ്ഡം മനോജും ഒഴുക്കി. 1988 ല്‍ അന്തരിച്ച കെ.ജി.വിജയന്റെ ചിതാഭസ്മം പമ്പയിലെ ത്രിവേണിയിലാണ്
ഒഴുക്കിയത്. കൊച്ചച്ഛന്‍ അലിഞ്ഞു ചേര്‍ന്ന പുണ്യനദിയില്‍ തന്നെ അച്ഛനേയും ചേര്‍ക്കണം എന്നതിനാല്‍ ത്രിവേണിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവിടെ ജലവിതാനം തീരെ താഴ്ന്നതിനാല്‍ പാര്‍ഥസാരഥിയുടെ മണ്ണിലേക്ക് എത്തുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍
പറഞ്ഞു.

ഒഴുകി വരുകയായി പമ്പ ഒഴുകി വരികയായി.. എന്ന ഭക്തിഗാനം ആസ്വാദക മനസില്‍ ഇടംപിടിപ്പിച്ച പ്രിയ സംഗീതജ്ഞന്റെ ചിതാഭസ്മം പുണ്യ നദിയായ പമ്പയുടെ ഓളങ്ങളിലേക്ക് ചേര്‍ക്കാന്‍ ജയവിജയന്‍മാരുടെ ഇളയ സഹോദരന്‍ രാജഗോപാല്‍, വിജയന്റെ മക്കളായ മനു വിജയന്‍, മഞ്ചു വിജയന്‍, ബിജുവിന്റെ ഭാര്യ പ്രിയ, മകന്‍ അദൈ്വത്, മരുമകന്‍ അര്‍ജുന്‍, മനോജിന്റെ ഭാര്യ ആശ, ഇവരുടെ മകന്‍ അമൃത് കെ. ജയന്‍, ബിജുവിന്റെ ചെറുമകന്‍ ആശ്രയ് എന്നിവരും പമ്പാ സ്‌നാനത്തിനും നിമജ്ജനത്തിനുമായി എത്തിയിരുന്നു.
സ്വാമി അയ്യപ്പന്റെ ഉണര്‍ത്തു പാട്ടിലൂടെ ശ്രദ്ധേയരായ ജയവിജയന്മാര്‍ പമ്പയെയും പ്രകീര്‍ത്തിച്ച് നിരവധി ഭക്തി ഗാനങ്ങളാണ് ഇക്കാലയളവില്‍ ആലപിച്ചത്. ജയവിജയന്മാരുടെ സംഗീത സദസ് എവിടെ ഉണ്ടെങ്കിലും കീര്‍ത്തനങ്ങള്‍ആലപിക്കാന്‍ ആരംഭിക്കുമ്പോള്‍ തന്നെ അയ്യപ്പ ഭക്തി ഗാനങ്ങള്‍ പാടാന്‍ സദസില്‍ നിന്നും ആവശ്യം ഉയരുമായിരുന്നു. അയ്യപ്പ ഗാനാലാപനത്തിലൂടെ ആയിരുന്നു ജയവിജയന്മാരുടെ പ്രശസ്തിയും.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…