പത്തനംതിട്ട: കോണ്‍ഗ്രസ്, കെഎസ്യു പുനസംഘടനയില്‍ എ ഗ്രൂപ്പിനെ തഴഞ്ഞതില്‍ അതൃപ്തി പരസ്യമാക്കി ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശിവദാസന്‍ നായര്‍ യുഡിഎഫ് പത്തനംതിട്ട പാര്‍ലമെന്റ് കണ്‍വെന്‍ഷനില്‍ നിന്നും വിട്ടുനിന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുന്നത്.
കെപിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി അധ്യക്ഷന്‍, എംഎല്‍എ എന്ന നിലകളില്‍ പ്രവര്‍ത്തിച്ച ശിവദാസന്‍ നായരെ രാഷ്ട്രീയകാര്യ സമിതിയില്‍ പരിഗണിക്കാതിരുന്നത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മണ്ഡലം പ്രസിഡന്റുമാരുടെ പുനസംഘടനയില്‍ പോലും എ ഗ്രൂപ്പ് നേതൃത്വത്തോട് കൂടിയാലോചന നടത്തിയില്ലയെന്നുള്ള ആക്ഷേപം ഉയരുകയാണ്. ശിവദാസന്‍ നായരുടെ സ്വന്തം മണ്ഡലത്തില്‍ പോലും അദ്ദേഹം നല്കിയ പേര് പരിഗണിക്കപ്പെട്ടില്ല.
കെഎസ്യു പത്തനംതിട്ട ജില്ല പുനസംഘടനയില്‍ എ ഗ്രൂപ്പിന് അര്‍ഹിച്ച പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. 75 അംഗ ജില്ലാ കമ്മിറ്റിയില്‍ ഒരാളെ മാത്രമാണ് ശിവദാസന്‍ നായര്‍ നല്കിയ പട്ടികയില്‍ നിന്ന് വച്ചത്. 25 അംഗ കമ്മിറ്റിയാണ് എന്ന് നേതൃത്വം തെറ്റിദ്ധരിപ്പിച്ചതായും ആക്ഷേപമുണ്ട്. ഇതും അതൃപ്തിക്ക് കാരണമായി.
നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ജില്ലയിലെ പ്രമുഖനായ നേതാവ് കണ്‍വന്‍ഷനില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോടെ ഭവിഷ്യത്ത് മുന്‍കൂട്ടി മനസ്സിലാക്കിയ നേതൃത്വം അനുനയ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.