
പത്തനംതിട്ട: ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് 3.45 കോടി തട്ടിയെന്ന കോഴഞ്ചേരി സ്വദേശിയുടെ പരാതിയില്‍ ആറു പേരെ പത്തനംതിട്ട സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു: എല്ലാവരും പണം സ്വീകരിച്ച അക്കൗണ്ട് ഉടമകളാണ്. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്ന കോഴഞ്ചേരി സ്വദേശിയില്‍ നിന്ന് കഴിഞ്ഞ ഡിസംബര്‍ ഒന്നു മുതല്‍ ഫെബ്രുവരി ഏഴു വരെയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയത്.
വയനാട് സുല്‍ത്താന്‍ ബത്തേരി മാനാട്ട് വീട്ടില്‍ സിറാജുദ്ദീന്‍ (28), പാലക്കാട് കുമ്പിടി ചിറക്കപ്പറമ്പില്‍ ഫഡില്‍ ആഷിദ് (23),മലപ്പുറം ചേലാമ്പ്ര കോലിപ്പുറത്ത് മുസ്താഖ് (21),പാലക്കാട് കുമ്പിടി വാഴത്തോട്ട് വളപ്പില്‍ ആദിത്യ സുരേഷ് (22), പെരിന്തല്‍മണ്ണ അരക്കാപ്പറമ്പ് തോട്ടത്തൊട്ടിയില്‍ വീട്ടില്‍ മഹേഷ് (41), മലപ്പുറം കാഞ്ഞിരമുക്ക് ഒന്നിക്കാട്ട് വളപ്പില്‍ പ്രജീഷ് (40) എന്നിവരെയാണ് പത്തനംതിട്ട സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജോബിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പ്രതികള്‍ ഗൂഢാലോചന നടത്തി ഇന്റര്‍നെറ്റ് മുഖാന്തരം ബന്ധപ്പെട്ട് പരാതിക്കാരനെ ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇത്രയും വലിയ തുക തട്ടിയെടുത്തത്. പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടില്‍ നിന്ന് അറസ്റ്റിലായ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം വാങ്ങിയത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 15 മുതലാണ് ഇവര്‍ പരാതിക്കാരനെ സമിപിച്ച് പ്രലോഭിപ്പിക്കാന്‍ തുടങ്ങിയത്. അപെക്‌സ് വെല്‍ത്ത് ഗ്രൂപ്പ്, കുറോട്ടോ വെല്‍ത്ത് മാനേജ്‌മെന്റ് ഗ്രൂപ്പ് എന്നീ പേരുകളില്‍ വാട്‌സാപ്പ് വഴി വിവിധ ഫോണ്‍ നമ്പരുകള്‍ ഉപയോഗിച്ച് പരാതി്ക്കാരനെ ബന്ധപ്പെട്ടിരുന്നത്.
പരാതിക്കാരന്റെ സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലും ഭാര്യയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലും നിന്നുമാണ് പണം തട്ടിയത്. പല പ്രാവശ്യമായി 3,45,11,574 രൂപ (മൂന്നു കോടി നാല്‍പത്തിയഞ്ച് ലക്ഷത്തി പതിനൊന്നായിരത്തി അഞ്ഞൂറ്റിയെഴുപത്തിനാല്) രൂപയാണ് വാങ്ങിയത്.
താന്‍ പണം നിക്ഷേപിച്ച അക്കൗണ്ട് നമ്പരുകള്‍ പരാതിക്കാരന്‍ പൊലീസിന് കൈമാറിയിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പണം സ്വീകരിച്ച അക്കൗണ്ട് ഉടമകളാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. ഇതിന് പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് കരുതുന്നത്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്.