അടൂര്‍: കടയടച്ച് വീട്ടിലേക്ക് മടങ്ങിയ വയോധികനെ പിന്തുടര്ന്ന് മാല പൊട്ടിച്ച കേസില്‍ പ്രധാന പ്രതിയും പിടിയില്‍. കായംകുളം പേരിങ്ങല മാരൂര്‍തറ പടീറ്റതില്‍ മുഹമ്മദ് അന്‍വര്‍ഷാ(24)യാണ് പിടിയിലായത്. കേസില്‍ രണ്ടാം പ്രതിയായ ഇയാളുടെ കാമുകി കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കല്‍ കോളനിയില്‍ ശിവജി വിലാസം വീട്ടില്‍ സരിത(27)യെ സംഭവം നടന്ന ഉടനെ തന്നെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
വെള്ളിയാഴ്ച രാത്രി ഏട്ടരയ്ക്ക് പതിനാലാം മൈലില്‍ കട നടത്തുന്ന പെരിങ്ങനാട് സ്വദേശി തങ്കപ്പ (61)ന്റെ അഞ്ചു പവന് തൂക്കം വരുന്ന മാലയാണ് ബൈക്കിലെത്തി പ്രതികള്‍ പൊട്ടിച്ചെടുത്തത്. തങ്കപ്പനും മോഷ്ടാക്കളുമായി പിടിവലിയുണ്ടായി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ തടഞ്ഞു വയ്ക്കുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. പൊട്ടിച്ചെടുത്ത സ്വര്‍ണമാല സരിതയില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇരുവരും കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതിലധികം മോഷണ കേസുകളില്‍ പ്രതികളാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അന്‍വര്‍ഷായെ നാട്ടുകാരും പോലീസും രാത്രി മുഴുവന്‍സ്ഥലത്തും പരിസരത്തും തെരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദ്ദേശപ്രകാരം, ഡിവൈ.എസ്.പി ആര്. ജയരാജിന്റെ മേല്‍നോട്ടത്തില്‍, ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍, പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.
കായംകുളം കറ്റാനത്ത് ഇയാള്‍ ഒളിവില്‍ താമസിക്കുന്ന സ്ഥലത്ത് ശനിയാഴ്ച രാത്രി പോലീസ് എത്തിയപ്പോഴേക്കും ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പിന്നാലെ പാഞ്ഞ പോലീസ് സംഘം 40 കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷം കൈപ്പട്ടൂര്‍ ജങ്ഷനു സമീപം വച്ച് സാഹസികമായി കീഴടക്കുകയായിരുന്നു. എസ്.ഐ എം മനീഷ്, സി പി ഓമാരായ സൂരജ് ആര് കുറുപ്പ്, എം ആര് മനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാര്‍ച്ചില്‍ തെങ്ങമം കോണത്ത് കാവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം നടത്തിയതും ഈ പ്രതികളാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇവര്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് നീക്കം. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കടയുടമ തങ്കപ്പന്റെ ചെറുത്തു നില്‍പ്പാണ് പ്രതികള്‍ പിടിയിലാകാന്‍ കാരണമായത്. തങ്കപ്പന് ബലം പ്രയോഗിക്കുകയും പ്രതികളുമായി മല്‍പ്പിടുത്തം ഉണ്ടാവുകയും ചെയ്തു. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ സരിതയെ തടഞ്ഞു വച്ച് അതുവഴി വന്ന പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിനെ വിവരം അറിയിച്ചു.
കട അടച്ച ശേഷം വീട്ടില്‍ പോകാന്‍ നിന്ന തങ്കപ്പന്റെ അടുത്ത് വന്ന് ബൈക്ക് നിര്‍ത്തിയ കമിതാക്കള്‍ ഞങ്ങളെ അറിയില്ലേ എന്നു ചോദിച്ചു. ഇല്ലെന്ന് പറഞ്ഞ് തങ്കപ്പന് തന്റെ വാഹനമോടിച്ച് പോയി. പിന്നാലെ ചെന്ന പ്രതികള്‍ തങ്കപ്പന്റെ കഴുത്തില്‍ കിടക്കുന്ന അഞ്ചു പവന്റെ മാല പറിച്ചെടുക്കാന്‍ നോക്കി. വാഹനം ഓടിച്ചിരുന്ന അന്‍വര്‍ഷയാണ് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. പരിഭ്രമിച്ച് പോയ തങ്കപ്പന് വാഹനം വേഗത്തില്‍ മുന്നോട്ട് വിട്ടു. ഓവര്‍ടേക്ക് ചെയ്തു കയറിയ പ്രതികള്‍ തങ്കപ്പന്റെ വാഹനം തങ്ങളുടെ ബൈക്ക് കുറുകെ വച്ച് തടഞ്ഞു.
പിന്നെ ഇരുകൂട്ടരും തമ്മില്‍ മല്‍പ്പിടുത്തം നടന്നു. ഇതിനിടെ തങ്കപ്പന്റെ കഴുത്തിലെ മാല പ്രതികള്‍ പൊട്ടിച്ചെടുത്തു. മാല വലിച്ചെടുക്കുന്നതിനിടെ തങ്കപ്പന്റെ കഴുത്തിന് മുറിവേറ്റു. തടയാന്‍ ശ്രമിച്ച തങ്കപ്പനെ പ്രതികള്‍ അടിക്കുകയും ഇടിക്കുകയും കടിക്കുകയും ചെയ്തു. ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ സരിതയെയും ഇവര്‍ വന്ന മോട്ടോര്‍ സൈക്കിളും തടഞ്ഞു വച്ചു. അപ്പോഴാണ് പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ അവിടെ എത്തിയത്.
അദ്ദേഹം സരിതയെ കസ്റ്റഡിയില്‍ എടുത്തു. രക്ഷപ്പെട്ട പ്രതിയുടെ പേര് അന്‍വര്‍ഷ എന്നാണെന്നും ഇരുവരും വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം മോഷണ കേസുകളില്‍ പ്രതികളാണെന്നും പോലീസ് അറിയിച്ചു. പൊട്ടിച്ചെടുത്ത സ്വര്‍ണമാല സരിതയില്‍ നിന്നും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് അട്ടകുളങ്ങര വനിതാ ജയിലിലേക്ക് അയച്ചു.