കോട്ടയത്തുകാരന്‍ അജേഷിന് ഉത്തര്‍ പ്രദേശില്‍ സാമൂഹിക സേവനത്തിന് അവാര്‍ഡ്: ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരം

0 second read
Comments Off on കോട്ടയത്തുകാരന്‍ അജേഷിന് ഉത്തര്‍ പ്രദേശില്‍ സാമൂഹിക സേവനത്തിന് അവാര്‍ഡ്: ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരം
0

കോട്ടയം: പുതുപ്പള്ളിക്കാരനായ അജേഷ് മണിക്ക് യുപിയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ സാമൂഹിക സേവനത്തിനുളള അവാര്‍ഡ് ലഭിച്ചു. ലക്‌നൗ കിങ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ നഴ്‌സാണ് അജേഷ്. തന്റെ ജോലിക്കൊപ്പം സാമൂഹിക സേവനവും ചെയ്തു വരുന്നു. ഉറ്റവരും ഉടയവരുമില്ലാതെ മരണം മുഖാമുഖം കണ്ട രണ്ടു മലയാളികള്‍ക്കും അജേഷ് രക്ഷകനായിരുന്നു.

അജേഷിന്റെ സാമൂഹിക പ്രതിബദ്ധത നേരിട്ടറിയാമായിരുന്ന ഹോസ്പിറ്റലിലെ ന്യൂറോസര്‍ജറി ഹെഡ് ഡോ. ബികെ ഓജയാണ് പുരസ്‌കാരത്തിനായി നിര്‍ദേശിച്ചത്. കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അടല്‍ ബിഹാരി വാജ്‌പെയ് സയന്റിഫിക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്ഥാപക ദിനാചരണ ചടങ്ങില്‍ അജേഷിന് എസ്ഡികെ ഡിസ്റ്റിങ്വിഷ്ഡ് നഴ്‌സ് അവാര്‍ഡ് കൈമാറി. ത്രിപുര മുഖ്യമന്ത്രി മണിക്ക് സാഹ മുഖ്യ അതിഥിയായ ചടങ്ങില്‍ ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജെഷ് പാഠക്ക്, കെ.ജി.എം.യു വൈസ് ചാന്‍സിലര്‍ പ്രാഫ സോണിയ നിത്യാനന്ദ്, മുന്‍ വൈസ് ചാന്‍സിലര്‍ റിട്ട.ലെഫ്റ്റനന്റ് ജനറല്‍ പ്രഫ ബിപിന്‍ പുരി, കെ.ജി.എം.യു ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ന്യൂറോസര്‍ജറി വിഭാഗം തലവനുമായ പ്രഫ.ബി.കെ.ഓജ, കെജിഎംയു പ്രോക്ടര്‍ പ്രഫ ചെതിജ് ശ്രീവാസ്തവ എന്നിവര്‍ സംബന്ധിച്ചു.

അടൂര്‍ പന്നിവിഴക്കാരന്‍ ജോബിനെ 2017 ല്‍ നാട്ടില്‍ എത്തിച്ചത് അജീഷിന്റെ ശ്രമഫലമായിട്ടായിരുന്നു. ജോബ് അജേഷ് ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ വാഹനാപകടത്തെ തുടര്‍ന്നാണ് എത്തിയത്. മലയാളി ആണെന്നറിഞ്ഞ നിമിഷം മുതല്‍ അജേഷും മലയാളി സുഹൃത്തുക്കളും ജോബിന് സഹായവുമായി നിന്നു. അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഡിസ്ചാര്‍ജ് ആകുന്ന സമയത്താണ് ജോബിന് ബന്ധുക്കള്‍ ഇല്ലെന്നും മാനസിമായി തകര്‍ന്ന നിലയിലാണെന്നും അറിയുന്നത്. 35 വര്‍ഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ചു നാടുവിട്ട ആളായിരുന്നു മുന്‍ സൈനികന്‍ കൂടിയായ ജോബ്. ജോബിന്റെ ബന്ധുക്കളെ തേടി സോഷ്യല്‍ മീഡിയ വഴി പ്രചാരണം ആരംഭിച്ചു. പന്നിവിഴയില്‍ നടത്തിയ അന്വേഷണത്തില്‍ പെട്രോള്‍ പമ്പിന് സമീപം താമസിച്ചിരുന്ന ഫെലിക്‌സ് എന്ന ജോബിന്റെ മകനും കുടുംബവും സ്ഥലമൊക്കെ വിറ്റ് എങ്ങോട്ടോ പോയെന്ന് മനസിലായി. ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ സഹായത്തോടെ കോട്ടയത്തെ നവജീവനില്‍ ജോബിനെ എത്തിക്കാന്‍ അജേഷിന് കഴിഞ്ഞു.

യുപിയില്‍ നിന്ന് മാനസിക നില ഭദ്രമല്ലാത്ത ഒരു മനുഷ്യനെ നാട്ടിലെത്തിക്കാന്‍ അജേഷ് ഏറ്റെടുത്ത ദൗത്യം വലുതായിരുന്നു. കേരളത്തിലേക്ക് വരാന്‍ ഒട്ടും താല്പര്യമില്ലായിരുന്നു ജോബിന്. അജേഷിന്റെ സഹപ്രവര്‍ത്തകനായ യു.പിക്കാരനും ട്രെയിനില്‍ ജോബിന് ഒപ്പം വന്നു. കണ്ണടയ്ക്കാതെ മൂന്ന് ദിവസം ട്രെയിനില്‍ . ഇടക്ക് ട്രെയിനില്‍ നിന്നിറങ്ങിപ്പോകാന്‍ വരെ ശ്രമിച്ച ജോബിനെ അവസാനം സുരക്ഷിതമായി കോട്ടയത്ത് എത്തിച്ചു. ഇപ്പോഴും നവജീവനില്‍ അന്തേവാസിയാണ് ജോബ്.

2020 ലെ കോവിഡ് കാലത്ത് കൊല്ലം സ്വദേശിയായ ശശിധരന്‍ പിള്ളയ്ക്കും അജേഷ് തുണയായി. രാംപൂരിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ അധികൃതര്‍ ആംബുലന്‍സില്‍ കൊണ്ട് വന്ന് ആശുപത്രി പരിസരത്തു ഉപേക്ഷിച്ചു കടന്ന് കളയുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഹോസ്പിറ്റലില്‍ അഡ്മിഷന്‍ പോലും കിട്ടാത്ത വന്ന ശശിധരന് വേണ്ടി അടുത്ത ജില്ലയായ റായ്ബറേലിയില്‍ നിന്നുള്ള സുഹൃത്തുക്കളാണ് അജേഷിനെ ബന്ധപ്പെട്ടത്, സഹായത്തിനായി അവര്‍ക്കും വരാന്‍ സാധിച്ചിരുന്നില്ല. ഗുരുതര രോഗങ്ങളുള്ള ശശിധരന്‍ പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി. അജേഷ് അടക്കമുള്ള മലയാളി നഴ്‌സുമാരുടെ പരിചരണങ്ങളാല്‍ പിള്ള സുഖപ്പെട്ടു. അതിനു ശേഷമാണ് ഹൃദ്രോഗം അടക്കമുള്ള ഈ മനുഷ്യനും യു.പിയില്‍ താമസിക്കാന്‍ വീട് പോലുമില്ല എന്ന യാഥാര്‍ത്ഥ്യം മനസിലായത്. പിന്നീട് ഒരു മുറി ശരിയാക്കി താമസിപ്പിക്കുകയും ഭക്ഷണം അടക്കം നല്‍കി സംരക്ഷിക്കുകയും ചെയ്തു.

വീണ്ടും അജേഷ് സോഷ്യല്‍ മീഡിയയുടെ സഹായം തേടി. പിള്ളയുടെ കഥ പ്രമുഖ മാധ്യമങ്ങളില്‍ അടക്കം പ്രത്യക്ഷപ്പെട്ടു. ഇതോടെ ശശിധരന്‍ പിള്ളയുടെ ബന്ധുക്കളെ കണ്ടെത്തി. അദ്ദേഹത്തെ യു.പിയില്‍ നിന്ന് നാട്ടിലേക്കെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സഹായത്തോടെ ട്രെയിന്‍ ടിക്കറ്റ് സംഘടിപ്പിക്കുകയും അദ്ദേഹത്തെ സുരക്ഷിതമായി നാട്ടില്‍ കുടുംബത്തിന്റെ അടുത്തേക്ക് എത്തിക്കുകയും ചെയ്തു. അജേഷിന്റെ ഈ സാമൂഹിക പ്രതിബദ്ധത അറിയുകയും പല കാര്യങ്ങളില്‍ സഹായിക്കുകയും ചെയ്ത ഡോ. ഓജയാണ് പുരസ്‌കാരത്തിനായി അദ്ദേഹത്തെ നിര്‍ദ്ദേശിച്ചത്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…