
പെരുനാട്: അധികമായി വന്ന വൈദ്യുതിബില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയും കാല്‍മുട്ടുകൊണ്ട് ഇടിച്ച് വാരിയെല്ല് പൊട്ടിക്കുകയും ചെയ്ത മകനെ പെരുനാട് പോലീസ് പിടികൂടി. റാന്നി അത്തിക്കയം നാറാണംമുഴി നെടുംപതാലില്‍ വീട്ടില്‍ വര്‍ഗീസ് തോമസി(67)നാണ് മകന്‍ ബിജോയ് വര്‍ഗീസി(35)ല്‍ നിന്നും മര്‍ദ്ദനമേറ്റത്.
ചൊവ്വാഴ്ച്ച രാത്രി ഒമ്പതു മണിക്കാണ് സംഭവം.അധികമായി വന്ന കറന്റ് ബില്ല് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ മകന്‍, വര്‍ഗീസ് തോമസിനെ വലിച്ചുതാഴെയിട്ട് വാരിയെല്ലിനും നെഞ്ചത്തും കാല്‍മുട്ടുകൊണ്ട് ഇടിക്കുകയായിരുന്നു. ആറാം വാരിഭാഗത്തെ അസ്ഥികള്‍ക്ക് പൊട്ടലേറ്റു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ പ്രതിയുടെ അമ്മ ഇടയ്ക്കുകയറി പിടിച്ചുമാറ്റുകയായിരുന്നു. പിറ്റേന്ന് സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞ പിതാവിന്റെ മൊഴിവാങ്ങി പെരുനാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിജയന്‍ തമ്പി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച്ച പ്രതിയെ 11.30 ന് മാടമണ്ണില്‍ നിന്നും പിടികൂടി സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതിനെതുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ പിതാവിനെ ഉപദ്രവിക്കുന്നത് പതിവാണെന്ന് അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. വെട്ടുകത്തികൊണ്ട് തലയ്ക്കും പുറത്തും വെട്ടിപരിക്കേല്‍പ്പിച്ചതിന് 2016 ല്‍ ഇയാള്‍ക്കെതിരെ പെരുനാട് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. കൂടാതെ, അയല്‍വാസിയായ വീട്ടമ്മയെ ഉപദ്രവിച്ചതിന് 2020 ലെടുത്ത ദേഹോപദ്രവകേസിലും പ്രതിയാണ്. പോലീസ് ഇന്‍സ്‌പെക്ടര്‍ രാജിവ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.